നാദാപുരം: വയനാട് ബാണാസുരമലയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലയിലെ മലയോര മേഖലകളില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം. വയനാട്, മലപ്പുറം ജില്ലകളോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലകളോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. റൂറല്‍ ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ ശക്തമാക്കി. തൊട്ടില്‍പാലം, വളയം, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി എന്നീ സ്റ്റേഷനുകള്‍ക്ക് നേരത്തെ തന്നെ മാവോയിസ്റ്റ് ഭീഷണി നിലനിന്നിരുന്നു.
സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളില്‍ ആയുധ ധാരികളായ ആന്റി നക്സല്‍ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. കക്കയം വനമേഖലകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പലതവണ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കണ്ണൂര്‍, വയനാട് ജില്ലകളുടെ വനമേഖലയും പോലീസ് നിരീക്ഷണത്തിലാണ്. വയനാട് ജില്ലയിലെ വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്ന മാവോയിസ്റ്റുകള്‍ വിലങ്ങാടും പരിസരങ്ങളിലും നിരവധി തവണ എത്തിയിരുന്നു. വിലങ്ങാട് മേഖലയില്‍ എത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ നാല് കേസുകളുമുണ്ട്. വിലങ്ങാട് മേഖലയില്‍ സായുധസേന ഇന്നലെ പരിശോധന നടത്തി. വനമേഖലകളില്‍ കൂടുതല്‍ നിരീക്ഷണം കര്‍ശനമാക്കിയതായി നാദാപുരം ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: