ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കന്നട നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവരുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. നടിമാരോടൊപ്പം ജാമ്യാപേക്ഷ സമര്‍പ്പിച്ച മറ്റൊരു പ്രതിയായ പ്രകാശ് രങ്കയുടെയും ഒളിവില്‍ കഴിയുന്ന പ്രതി ശിവപ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി.
മയക്കുമരുന്നു ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് രാഗിണി ദ്വിവേദിയെ സെപ്തംബര്‍ നാലിനും സഞ്ജനഗല്‍റാണിയെ സെപ്തംബര്‍ എട്ടിനുമാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്(സിസിബി) അറസ്റ്റു ചെയ്തത്.
മയക്കുമരുന്നു കേസ് പരിഗണിക്കുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്തംബര്‍ 28ന് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. നടിമാരുള്‍പ്പെടെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ 15 പേര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. ഇതില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടുന്നു.
മയക്കുമരുന്നു കേസിനൊപ്പം നടിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും(ഇ ഡി) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിലെത്തി ഇഡി നടിമാരെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ജനതാദള്‍ മുന്‍ മന്ത്രിയുടെ മകന്‍ ആദിത്യ ആല്‍വ, സിനിമാ നിര്‍മാതാവ് ശിവപ്രകാശ് എന്നിവര്‍ ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയായ നടി അനുശ്രീയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: