ഗ്രാമ ചാരുതയുടെ നേര്കാഴ്ചകളായ വയലേലകളും കാവുകളും കുളങ്ങളും. കുളത്തില്‍ വിരിഞ്ഞു നില്ക്കുന്ന നെയ്യാമ്പലും, കുളത്തിനു ചുറ്റും വളര്‍ന്നു നില്ക്കുന്ന കൈതച്ചെടികളും. ഇളം കാറ്റടിക്കുമ്പോള്‍ സംഗീതം പൊഴിക്കുന്ന മുളം കാടും. കുളത്തിലേക്ക് നയിക്കുന്ന കല്‍പ്പടവുകളും, വെള്ളത്തിലേക്ക് എത്തിനോക്കുന്ന ഓണപ്പൂച്ചെടികളും, കുളത്തില്‍ ഓടിക്കളിക്കുന്ന പരല്‍ മീനുകളും എല്ലാം. എല്ലാം അയാളെ സംബന്ധിച്ചിടത്തോളം തറവാടിന്റെ ഭാഗവും, മധുരം നിറഞ്ഞ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗതകാലസ്മരണകളും ആയിരുന്നു.
ഗ്രാമത്തില്‍നിന്ന് പഠനത്തിനും അനന്തരം തൊഴിലിനും വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ തന്റെ ഇഷ്ടങ്ങള്‍ പലതും ബോധപൂര്‍വം മറക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെയിരിക്കെ നാലഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുനാള്‍ എല്ലാവരും കൂടി ഉമ്മറത്തിരുന്നു കഥ പറയുമ്പോഴാണ് ആ ആശയം കടന്നുവന്നത്.
പിന്നെ താമസിപ്പിച്ചില്ല. കാര്യം നടപ്പിലാക്കി. മുറ്റത്തിന് വെളിയിലുള്ള പുല്‍ത്തകിടിയില്‍ ഒരു ചെറിയ ജലാശയം ഉണ്ടാക്കി. അതിനുള്ളില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ആമ്പലുകളും വര്‍ണ്ണമത്സ്യങ്ങളും. കുളത്തിനു ചുറ്റും മന്ദാരവും തെറ്റിയും ചെമ്പകവും നട്ടു. കുളക്കരയില്‍ നില്ക്കുന്ന കൈതച്ചെടികളെ ഓര്മിക്കുവാന്, പണ്ട് ഒരു കുട്ടിക്കാനം യാത്രയില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഉഷ്ണകാല വസതി കാണാന്‍ പോയപ്പോള്‍ നോട്ടക്കാരനായ വൃദ്ധന് സ്നേഹത്തോടെ സമ്മാനിച്ച മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തിലുള്ള നീണ്ട ഇലകളോടുകൂടി മുള്ളുള്ള ചെടിയും നട്ടുപിടിപ്പിച്ചു. സമീപത്തായി ചെടികളില്‍ പടര്‍ന്നു കയറുന്ന ഒരു നാടന്‍ മുല്ലവള്ളിയും കൂടിയായപ്പോള്‍ ഗ്രാമീണ സൗന്ദര്യത്തിന്റെ നേര്‍ക്കാഴ്ചയായി തോന്നി. ജീവിതത്തിന്റെ അനിവാര്യമായ ഓട്ടപാച്ചിലില്‍ അതിന്റെ ആസ്വാദ്യത പൂര്‍ണ്ണമായും അനുഭവവേദ്യമാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ മഹാമാരിയുടെ കാലത്തെ പൂട്ടിയിടല്‍, പുറത്തിറങ്ങാനാവാതെ വീടിന്റെ മതില് കെട്ടിനുള്ളില്‍ ഒതുങ്ങിയപ്പോള്‍ വീടും പരിസരവും, പ്രകൃതിയും നമുക്കു ചുറ്റുമുള്ള ജീവജാലങ്ങളും എല്ലാം കാഴ്ചയുടെ ഒരു നവ്യാനുഭവമായി മാറി.
കാലത്ത് എഴുനേല്‍ക്കുമ്പോള്‍ കിട്ടുന്ന ആവിപറക്കുന്ന കടുപ്പത്തിലുള്ള ചായയുമായി വരാന്തയില്‍ വന്നിരുന്ന് ഓരോ കവിള് ചായയും നുണയുമ്പോള്‍ അതോടൊപ്പം കിട്ടുന്ന കാഴ്ചകളും ശ്രദ്ധിച്ച് ആസ്വദിച്ചു തുടങ്ങി.
കുംഭം-മീന മാസത്തിലെ അതികഠിനമായ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പക്ഷികളുടെ തത്രപ്പാട് ശ്രദ്ധയില്‍പ്പെട്ടു. മുമ്പ് മീന്‍പിടിക്കാന്‍ കുളക്കരയില്‍ വന്നുനില്ക്കുന്ന കൊക്കുകളെ മാത്രമേ ഞാന്‍ ശല്യക്കാരായ നുഴഞ്ഞുകയറ്റക്കാരായി കണ്ട് തുരത്താന്‍ ശ്രമിച്ചിരുന്നുള്ളൂ. അതിനായി കുളത്തിന് മുകളില്‍ വലവിരിച്ച്, ആളില്ലാത്ത നേരത്തുള്ള അവരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ‘ചക്കിനു വച്ചത് കൊക്കിനു കൊണ്ടു’ എന്ന് പറഞ്ഞ പോലെ അങ്ങു ദൂരെ മരകൊമ്പില്‍ ഇരുന്ന് മീനിനെ ഉന്നംപിടിച്ച് പറന്നു വന്നു ചാടിയതോ ഒരു പൊന്മാന്! അവന്റെ ദീനരോദനം കേട്ട് രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് അവന് ചുണ്ടുകള്‍ വിടര്‍ത്തി ആക്രമണോത്സുകനായി എന്റെ നേരേ തിരിഞ്ഞത്. എങ്കിലും വലയില്‍ നിന്ന് ഒരു വിധം രക്ഷപ്പെടുത്തി പറത്തിവിട്ടു.
സാധാരണ ആദ്യ വേനല്‍മഴ കഴിയുമ്പോള്‍ അന്തരീക്ഷത്തിലുള്ള മാലിന്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് ചിലയിനം മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ലോക്ഡൗണില്‍ വാഹനങ്ങളും വ്യവസായശാലകളും ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ലല്ലോ, അതാവാം കാരണം.
ചായ കുടിച്ചു ഇരിക്കുമ്പോളാണ് ആ കാഴ്ച ശ്രദ്ധിച്ചത്. ഉപ്പ്.. ഉപ്പ്..എന്നു പറഞ്ഞ്, ചുവന്ന ചിറകുളും കറുത്ത ശരീരവും ചുവന്ന കണ്ണുകളുമായി മരച്ചില്ലകളില്‍ വന്നിരുന്ന് കുളത്തിന് അരികെ എത്തി കുളത്തിലേക്ക് തലനീട്ടി വെള്ളം കുടിക്കുന്ന ഉപ്പന്‍ ഇണ പക്ഷികള്‍. അവ കുളത്തിന്റെ വക്കില്‍ വന്നിരുന്ന് ആരും പരിസരത്തില്ലെന്ന് ഉറപ്പുവരുത്തി വെള്ളത്തിലേക്കിറങ്ങി. വെള്ളത്തില്‍ മുങ്ങി മുകളിലേക്ക് നോക്കി ശരീരം കുടഞ്ഞു. വെള്ളത്തില്‍ ചാടി നടന്നു. ഇടയ്ക്ക് തല തിരിച്ച് നോക്കുന്നുണ്ട്. അല്പസമയം കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് ഭയന്ന് പറന്നു പോയി.
സ്ഥിരമായി തൂക്കുവിളക്കില്‍ നിന്ന് എണ്ണ കുടിക്കാന്‍ വരുന്ന മഞ്ഞയും കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഓലഞ്ഞാലിക്കിളി ഇതിനുമുന്‍പും ഒരു സ്ഥിരം കാഴ്ചയായിരുന്നു. അവന് വന്ന് ചങ്ങലയിലിരുന്ന് തലതാഴേക്ക് താഴ്ത്തി വിളക്കിന്റെ തട്ടില്‍ നിന്ന് എണ്ണ കുടിക്കുന്നത് സ്ഥിരമായി കണ്ടിട്ടുണ്ട്.
കുരുവികള്‍ പല തരത്തിലും നിറത്തിലും കാണാം. മിക്കവാറും കുളത്തിനു ചുറ്റുമുള്ള ചെടികളുടെ പുഷ്പങ്ങളില്‍ പറന്നുവന്നിരുന്ന് ശബ്ദമുണ്ടാക്കി തേന്‍ നുകര്‍ന്നു പറക്കുന്നതു കാണാറുണ്ട്. അവയെ തെല്ലും ഗൗനിക്കാതെ വിവിധവര്‍ണ്ണങ്ങളില്‍ ചിത്രശലഭങ്ങള്‍ പറന്ന് നടന്ന് തേന്‍ നുകരുന്നുണ്ടാവും. ധാരാളം തുമ്പികളെയും കാണാം. കടും നിറത്തിലുള്ള ഉടലുമായി അവ പറന്നുവന്ന് പൂക്കളിലും, ഇലകളിലും ഇരിക്കുന്നത് കാണാന്‍ ബഹുരസമാണ്. കുറച്ചു നാളുകള്‍ക്കുശേഷം ഇന്ന്, കറുപ്പും വെളുപ്പുമാര്‍ന്ന് വാലുകുലുക്കി ശബ്ദമുണ്ടാക്കുന്ന വണ്ണാത്തിപുള്ളുകള്‍ പുല്‍ത്തകിടിയില്‍ ചാടിയും പറന്നും വന്ന് വെള്ളം കുടിക്കുന്നത് കണ്ടു. ഇതിനുമുന്‍പും അവയില്‍ ചിലത് സന്ധ്യക്ക് പനയില്‍ ചേക്കേറാന്‍ വരുന്നത് കാണാമായിരുന്നു. വീടിന്റെ ഉമ്മറത്തുകൂടി വലിച്ചിരുന്ന വൈദ്യുതി കമ്പികളിലാണ് മിക്കവാറും ഇരിപ്പ്. ഒരു പ്രത്യേക ശബ്ദം നീട്ടിയും കുറുക്കിയും പുറപ്പെടുവിച്ചു കൊണ്ടാവും അവരുടെ ഊഞ്ഞാലാട്ടം. ചിലപ്പോ മുറ്റത്തു നില്ക്കുന്ന മാവിലും ചെടികളിലുമൊക്കെ ചാടി നടന്നു ചേക്കേറാന്‍ വരുന്ന വണ്ണാത്തി പുള്ളുകളോട് ഒരു പ്രത്യേക മമത തോന്നും.
അവയ്ക്കു മനുഷ്യനോടും അടുപ്പം ഉണ്ടോ ആവോ? അവയുടെ ചിലനേരത്തെ തലചരിച്ചുള്ള നോട്ടം അത്തരത്തിലാണ്.
അണ്ണാറക്കണ്ണന്മാര്ക്കും സുഭിക്ഷമായിരുന്നു ഈ മാമ്പഴക്കാലം. ധാരാളം പേരയ്ക്കയും മാങ്ങയുമൊക്കെ ഉണ്ടായിരുന്നല്ലോ. കൈയെത്താ ദൂരത്ത് ഉള്ളവയെല്ലാം അവര്‍ക്കുള്ളതായിരുന്നു. കുളക്കരയിലേക്ക് ഇഴഞ്ഞുവന്നു വെള്ളം കുടിക്കുന്ന ‘ഭീകരനായ’ ഒരു തടിയന് ഉടുമ്പിനെയും ഒരിക്കല്‍കണ്ടു. ചില സന്ധൃകളില്‍ ഇത്തിരിവെട്ടവും പേറി മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നതും കാണാം.
കൊടുംവേനലില്‍ പ്രകൃതിയുടെ അനുഗ്രഹവര്‍ഷം രാത്രി ചൊരിഞ്ഞു വേനല്‍മഴയായ് പെയ്യുന്ന നേരത്ത് തവളകള്‍ കുളത്തിനുചുറ്റും ജുഗല്‍ബന്ദി നടത്തുന്നതു കേട്ടുറങ്ങാനെന്തു രസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: