പീരുമേട്: ഏലപ്പാറ-കൊച്ചുകരുന്തരുവി റോഡ് നിര്‍മാണത്തിന്റെ മറവില്‍ തണ്ണിക്കാനം പുതുവലിന് സമീപം വന്‍തോതില്‍ പാറപൊട്ടിക്കുന്നത് തടഞ്ഞു. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തിയാണ് നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പീരുമേട് തഹസില്‍ദാരും വ്യക്തമാക്കി.
സ്ഥലത്ത് പാറകുത്തനെ അരിഞ്ഞ് പൊട്ടിച്ച് മാറ്റുന്നത് സമീപത്തെ വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുന്നതായി കാട്ടി ഇന്നലെയാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഇത് കണ്ട ജില്ലാ കളക്ടര്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കി നടത്തിയ ഇടപെടലാണ് നിര്‍മ്മാണം തടയാന്‍ കാരണം.
അഞ്ച് മാസത്തോളമായി റോഡ് വീതി കൂട്ടുന്നതിന്റെ മറവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പാറപൊട്ടിച്ച് വില്‍പ്പന നടത്തുകയാണെന്ന് കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. പാറഖനനം നടക്കുന്ന പ്രദേശത്തിന് സമീപം 25ഓളം വീടുകളുണ്ട്.
പ്രശ്നം ചൂണ്ടിക്കാട്ടി ബാങ്കില്‍ നിന്ന് പണം കടമെടുത്ത് നിര്‍മിച്ച വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം നല്‍കണമെന്ന് കാട്ടി ജൂലൈ 22ന് കളക്ടര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും തണ്ണിക്കര നിവാസികള്‍ പരാതി കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സ്ഥലത്ത് നിര്‍മ്മാണം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: