ചൈന, ഭാരതം, അമേരിക്ക, ഇന്‍ഡോനേഷ്യ, പാകിസ്ഥാന് എന്നിവ കഴിഞ്ഞാല്‍ 23.7 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ്. ലോകത്തെ ഏറ്റവും വലിയ ആറാമത്തെ പ്രദേശമാണ്. അവിടെ യോഗി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി രണ്ടായിരത്തില്‍ താഴെ മാത്രമാണ്. പിണറായിയുടെ ഭരണത്തില്‍ 3.6 കോടി മാത്രം ജനസംഖ്യയുള്ള കേരളത്തില്‍ ഈ മഹാമാരി കൈവിട്ടു സര്‍ക്കാരിന്റെ നിയന്ത്രണത്തിനു പുറത്താണ്, പ്രതിദിനം പതിനായിരത്തിനു തൊട്ട് താഴെ എത്തി നില്ക്കുന്നു. കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് സംഭവിച്ച വീഴ്ച, പ്രസിദ്ധമായ കേരള മാതൃകയില്‍ പുറത്തുള്ളവര്ക്കുണ്ടായിരുന്ന വിശ്വാസത്തിനാണ് പോറലേല്‍പ്പിച്ചത്. വാഷിംഗ്ടന്‍ പോസ്റ്റിലും, ബിബിസിയിലും ഇടതു പക്ഷ മാധ്യമപ്പട കൊറോണയുടെ കാര്യത്തില്‍ കേരളമാതൃകയെ പ്രകീര്‍ത്തിച്ചതിനു കടുത്ത വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. രോഗത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്നു മാത്രമല്ല ‘1950നു ശേഷം ഏതാണ്ട് 30 വര്‍ഷം ഭരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വന്‍ നിക്ഷേപം നടത്തിയതിന്റെ ഫലമാണിതെന്നു” വരെ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പ്രകീര്‍ത്തിച്ചു കൊണ്ട് ലേഖകന്‍ വാഷിംഗ്ടന്‍ പോസ്റ്റില്‍ എഴുതി. എന്നാല്‍ ഇക്കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായ യോഗി ഭരണത്തെ പ്രകീര്‍ത്തിക്കാന്‍ വാഷിംഗ്ടന്‍ പോസ്റ്റിലും, ബിബിസിയിലും ആരും ഇല്ലാതെ പോയി. അനുഭവങ്ങളില്‍ നിന്നും പഠിക്കാത്ത കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്കു കേരള മാതൃകയില്‍ വിശ്വാസം വീണ്ടെടുക്കുക ദുഷ്കരമാണ്. കേരളത്തിന്റെ സാമ്പത്തിക വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിന് സംഭവിച്ച ഭരണപരമായ ഈ ദുരന്തം നമുക്ക് മാറ്റി നിര്‍ത്താനാകില്ല.
സ്വാതന്ത്ര്യത്തിന് മുമ്പേ രാജഭരണകാലം മുതല്‍ ഉണ്ടായ വിദ്യാഭ്യാസ ആരോഗ്യ പുരോഗതിയുടെ ആകത്തുകയാണ് ലോകം ഇന്നറിയുന്ന കേരള മോഡല്‍. സാധാരണ ജനങ്ങള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും ഉള്ള ഉയര്‍ന്ന സാക്ഷരത, ലിംഗ പദവി സമത്വം, പൊതുവിദ്യാഭ്യാസം, വിദ്യാഭ്യാസ നിലവാരം, അടിസ്ഥാന വിദ്യാഭ്യാസം നേടിയ യുവാക്കളുടെ തൊഴില്‍ സേന എന്നിവയെല്ലാം വളരെ മുമ്പെ തന്നെ വിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടങ്ങളുടെ ഫലമാണ്. ഉന്നതമായ ആരോഗ്യ അവബോധം, പൊതു ആരോഗ്യ സംവിധാനങ്ങള്‍, വൃത്തിയും വെടിപ്പുമുള്ള ജനങ്ങള്‍, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ ഉണ്ടായത് കേരളത്തിന്റെ ഉയര്‍ന്ന ആയുര്‍വേദ സംസ്കാരവും ആരോഗ്യമേഖലയ്ക്ക് നല്കിയ പ്രാമുഖ്യവും കാരണമാണ്. പരിസ്ഥിതിസൗഹൃദ സംസ്കാരം കാവുകളും, കുളങ്ങളും നദികളും കാടുകളും നിറഞ്ഞ കേരളത്തിന്റെ തനതു സംഭാവനയാണ്. അധഃസ്ഥിതരുടെ സാമൂഹ്യ ഉന്നമനം കേരള ചരിത്രത്തില്‍ ഹിന്ദുസാമൂഹ്യനവോത്ഥാന നായകരുടെ പ്രവര്‍ത്തനഫലമാണ്. ഉയര്‍ന്ന വേതനം, ഉയര്‍ന്ന ആളോഹരി വരുമാനം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ കേരളം ആശ്രയിച്ച് നില്ക്കുന്ന ഗള്‍ഫ് പണത്തിന്റെ പ്രഭാവമാണ്. ഇതെല്ലാം കേരളത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നി ജനജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന സംസ്കാരമായി നില്ക്കുന്നു. ഈ ഉയര്‍ന്ന ജനകീയ അവബോധത്തെയാണ് സാമൂഹ്യ മൂലധനമെന്ന് പറയുന്നത്. ഇവിടെയെങ്ങും കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ ഒരു സംഭാവനയും കാണാനാകില്ല; എട്ടുകാലി മമ്മൂഞ്ഞുകളായി ഇതിന്റെയെല്ലാം പിതൃത്വം കേരളം ഭരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ തലയില്‍ ചാര്‍ത്താന്‍ ആഗോള തലത്തില്‍ തന്നെ ഇടതു പ്രചാരകര്‍ തയ്യാറായി ഉണ്ടെങ്കിലും.
കേരളത്തിന്റെ സാമ്പത്തിക മേഖലയെ രൂപപ്പെടുത്തുവാന്‍ കേരളജനത ഭരണത്തിലേറ്റി ചുമതലപ്പെടുത്തിയ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത് അതീവ ദുര്‍ബലമായ വ്യാവസായിക-കാര്‍ഷിക മേഖലകളും, പിച്ചവച്ച് കഴിഞ്ഞിട്ടില്ലാത്ത സേവന മേഖലയുമാണ്. ഭരിക്കുന്നവരുടെ കൃഷിയോടുള്ള കടുത്ത അവഗണന മൂലം കഴിഞ്ഞ 45 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നെല്‍വയലുകള്‍ ഏതാണ്ട് നാലിലൊന്നായി ചുരുങ്ങി. നാല്പതു ലക്ഷം ടണ്‍ അരി ആവശ്യമുള്ള സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് കഷ്ടിച്ച് ആറ് ലക്ഷം ടണ്‍ മാത്രമാണ്. വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്കെതിരെ വാളോങ്ങുന്ന സംസ്കാരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. ഏറ്റവും ഒടുവിലെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റേത്. ഉയര്‍ന്ന ജനകീയ അവബോധത്തെയോ, സാമൂഹ്യ മൂലധനത്തെയോ സാമ്പത്തിക വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ രണ്ടു മുന്നണികള്‍ക്കും കഴിഞ്ഞില്ല. ഉല്പാദന മേഖലയില്‍ അസംസ്കൃത ഉല്‍പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലേക്കുള്ള മാറ്റം ആവശ്യമാണ്.
ഗള്‍ഫില്‍ നിന്നും വരുന്ന ഡ്രാഫ്റ്റും, മണി ഓര്‍ഡറും ആശ്രയിച്ച് നില്ക്കുന്ന ഒരു സാമ്പത്തിക സ്ഥിതിയാണ് കേരളത്തിനുള്ളത്. വിദേശത്തു നിന്നും വന്ന പണം ഉയര്‍ന്ന ആളോഹരി ഉപഭോഗ നിരക്കിലേക്ക് നയിച്ചതല്ലാതെ കേരളത്തിന്റെ സ്ഥായിയായ വികസന നിക്ഷേപമാക്കി മാറ്റുന്നതില്‍ ഈ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. വികസനത്തിന് പറ്റിയ രാഷ്ട്രീയ ഭരണ വ്യവസ്ഥ ഇവര്‍ക്ക് കാഴ്ച വക്കാനായില്ല. ലികാക്കത്തും, മറ്റു മണ്ണിന്റെ മക്കള്‍ നടപടികളും ആരംഭിച്ച ഗള്‍ഫ് രാജ്യങ്ങളെ കൊറോണ മഹാമാരി കൂടി കാര്യമായി ബാധിച്ചതോടെ ഇനി എത്രത്തോളം നമ്മെ സഹായിക്കാനാകുമെന്നതും നമ്മുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴിലും, പുനരധിവാസവും ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്ന് കൂടായ്കയില്ല.
പ്രളയ കാലത്ത് പിണറായി സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പ്രവര്‍ത്തനരഹിതമായ കാഴ്ച ഒരു പക്ഷേ പലരും മറന്നിട്ടുണ്ടാകാം. ഇന്നിപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, രാജ്യദ്രോഹം തുടങ്ങിയ കേസുകളില്‍ പെട്ട് മനോവീര്യം നഷ്ടപ്പെട്ട സ്ഥിതി വിശേഷത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഈ സര്‍ക്കാരില്‍ നിന്നും സാമ്പത്തിക ഭരണ രംഗത്ത് വലിയ അദ്ഭുതങ്ങളൊന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്നതിലേക്കാണ് അനുഭവങ്ങള്‍ എത്തി നില്‍ക്കുന്നത്.
കൊറോണ മഹാമാരി കേരളത്തിന്റെ ഉത്പാദന സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കിയ ആഘാതം ഇനിയും കണക്ക് കൂട്ടേണ്ടിയിരിക്കുന്നു. കാര്‍ഷിക- അനുബന്ധ മേഖല, ഉല്പാദന മേഖല, മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടല്‍ തുടങ്ങി നിരവധി മേഖലകള്‍ തകര്‍ച്ചയെ നേരിടുന്നു. കാലിയായ ട്രഷറിയുമായി എന്തു ചെയ്യണമെന്നറിയാത്ത ഒരു ധനകാര്യ മന്ത്രി കേരളത്തിനുണ്ട്. ഈ മന്ത്രിയുടെ ”കഴിവുകളെ”ക്കുറിച്ച് മുമ്പേ അറിയാവുന്ന പിണറായി വിജയന് ഭരണത്തിലേറിയ ഉടന്‍ ആദ്യം ചെയ്തത് അമേരിക്കന്‍ മുതലാളിത്തത്തിന്റെ വക്താവായ ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേശകയാകാന് ക്ഷണിക്കുകയാണ്.
കേരളവികസനത്തിന്റെ വിലങ്ങുതടികള്‍ ഭരണത്തിന്റെ ചുവപ്പ് നാടയും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും, അതിന്റെ പോഷക സംഘടനകളും ഉണ്ടാക്കിയ സംസ്കാരമാണെന്ന് കണ്ണൂരിലെ ആന്തൂരില്‍ വ്യവസായം തുടങ്ങാന്‍ ഒരുമ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന പ്രവാസിമലയാളി സാജന്റെ ദുരന്തകഥ ഓര്‍മ്മപ്പെടുത്തുന്നു. സമ്പദ് വ്യവസ്ഥയുടെ പുനര്സൃഷ്ടിയോടൊപ്പം വീക്ഷണ വൈകല്യത്തെ തിരുത്തുകയും ആവശ്യമാണ്.
കേരള ജനസംഖ്യയുടെ ഏതാണ്ട് പകുതിയും താമസിക്കുന്ന നഗരങ്ങളില്‍ കുടിവെള്ളം, പാര്‍പ്പിടം, ശുചീകരണം, മാലിന്യ നിര്‍മാര്‍ജനം, വാഹന സാന്ദ്രത, ഗതാഗതക്കുരുക്ക്, ജീവിത ശൈലീ രോഗങ്ങള്‍, ലഹരി വിപത്ത്, സാംസ്കാരിക അപചയം തുടങ്ങിയ പ്രശ്നങ്ങള്‍ നാള്‍ക്കുനാള്‍ സങ്കീര്‍ണ്ണമാവുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് കൊണ്ട് കുട്ടികള്‍ മരിക്കുന്ന ആദിവാസി മേഖല കേരളത്തിലാണെന്നത് അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. വിലകുറഞ്ഞ വൈദ്യുതി, അടിസ്ഥാന സൗകര്യം തുടങ്ങിയവ കേരളത്തിലെ വ്യവസായങ്ങള്‍ക്ക് ഇനിയും അന്യമാണ്. വൈദ്യുതി ബില്ല് തൊട്ടാല്‍ ഷോക്കടിക്കുന്ന സ്ഥിതി തുടരുന്നു; പകരം വെക്കാനാകട്ടെ വേറെ ഊര്‍ജ സ്രോതസ്സുകള്‍ ഇനിയും ആയിട്ടില്ല. അവിദഗ്ധ, പരമ്പരാഗത, അസംഘടിത മേഖല പിന്നോക്കാവസ്ഥ കൊണ്ട് തളരുന്നു. ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം ചെലവേറിയവയായി. പൊതുമേഖലകളും ഭരണ കെടുകാര്യസ്ഥതയുടെ ദുരവസ്ഥ അനുഭവിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ നടത്തുന്നതിന് പകരം എല്ലാ തരം പെറ്റിബൂര്‍ഷ്വാ പരിപാടികളും കൊണ്ടുവന്നപ്പോള്‍, പ്രത്യയശാസ്ത്രപരമായ അടിത്തറ നഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളില്‍ അത് മനസ്സിലാക്കി പ്രതിരോധിക്കാന്‍ ആര്‍ജ്ജവമുള്ളവര്‍ ഇല്ലാതെയായിപ്പോയി. പ്ലാച്ചിമടയിലും, എ.ഡി.ബി. വായ്പയിലും, ഹിന്ദുസ്ഥാന്‍ ലിവറിനെ നീതി സ്റ്റോറില്‍ പ്രതിഷ്ഠിക്കുന്നതിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതലാളിത്ത സര്‍ക്കാരിന്റെ കുപ്പായമാണ് ഇട്ടത്. കുടിവെള്ളത്തിന് വില നിശ്ചയിക്കാനുള്ള അവകാശവും, ജല അതോറിറ്റിയുടെ പൈപ്പുകളും, സ്ഥാവരജംഗമ വസ്തുക്കളും, അടിസ്ഥാന സൗകര്യങ്ങളും സ്വകാര്യ കുത്തക കമ്പനികള്‍ക്ക് അനുവദിച്ചതിലും മറ്റും ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. സൈലന്റ് വാലി സമരത്തിലും, പെരിയാര്‍ നദിയിലെ ജലമെടുക്കുവാനുള്ള അവകാശം കുത്തക കമ്പനിക്ക് കൊടുത്തതിലും പരിസ്ഥിതി വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. പ്രതീക്ഷകളുയര്‍ത്തി കൊണ്ടുവന്ന ജനകീയാസൂത്രണവും വികേന്ദ്രീകൃത ഭരണവും, എന്തിന് കരാര്‍ കൃഷി വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതിയും, സ്വജനപക്ഷപാതവും, രാഷ്ട്രീയ പകപോക്കലും മറ്റും കൊണ്ട് പരാജയപ്പെട്ട പഴംകഥകളായി.
കേരളത്തിന്റെ എക്കാലത്തെയും സൗഭാഗ്യങ്ങളാണ് നീണ്ട തീരമേഖല, പരമ്പരാഗത ആയുര്‍വേദ ആരോഗ്യ- ജീവിതശൈലീ സംസ്കാരം, അക്വാ കള്‍ച്ചര്‍, ഭക്ഷ്യ-കാര്ഷികോല്പന്ന സംസ്കരണം, മനുഷ്യ വിഭവശേഷി, വിനോദസഞ്ചാരം, 1687 കിലോമീറ്റര്‍ നീളമുള്ള ഉള്‍നാടന്‍ ജലഗതാഗത പാത, റോഡ്-റെയില്‍-ഉള്‍നാടന്‍ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതിയുടെ വരദാനമായ വിഭവങ്ങള്‍, റിക്കാര്‍ഡ് ജൈവവൈവിധ്യം, 44 നദികള്‍, 84 അണക്കെട്ടുകള്‍, ചെറുപുഴകള്‍, മലകള്‍, കുന്നുകള്‍, കാടുകള്‍, കാവുകള്‍, കായലുകള്‍, വെള്ളച്ചാട്ടങ്ങള്‍, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍, തോടുകള്‍, ഇടതോടുകള്‍, നീണ്ട സമുദ്ര തീരം, മത്സ്യ കൃഷി, മത്സ്യ ബന്ധനം, കന്നുകാലി വളര്‍ത്തല്‍, പാല് ഉല്പാദനം/സംസ്കരണം, പരിസ്ഥിതി സൗഹൃദ-ഫാം-ഹെറിറ്റേജ് ടൂറിസം തുടങ്ങിയവ. ഇവയെല്ലാം ചേര്‍ന്ന് അനന്തസാധ്യതകളാണ് ഭരണകര്‍ത്താക്കള്‍ക്കു മുമ്പില്‍ കാഴ്ച വച്ചിട്ടുള്ളത്. പക്ഷേ അവയെ ഉപയോഗപ്പെടുത്തുന്നതില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ പൂര്‍ണ പരാജയമായി മാറി.
ഈ നാടിന്റെ ആത്മാവിനെ കണ്ടെത്താന്‍ കഴിവുള്ള സര്‍ക്കാര്‍ ഉണ്ടാവുക മാത്രമാണു കേരളത്തിന് ഇനിയുള്ള മാര്‍ഗം. മോഡിയുടെ ഗുജറാത്ത് മോഡലും, യോഗിയുടെ യു.പി. മോഡലും മുന്നോട്ട് വക്കുന്ന വികസന നടപടികളില്‍ കേരളത്തിന്റെ സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വീകാര്യമായവ നടപ്പിലാക്കാവുന്നതാണ്. ആത്മനിര്‍ഭര ഭാരതത്തിന്റെ ചുവടു പിടിച്ച് ആത്മനിര്‍ഭര കേരളം എന്ന മുദ്രാവാക്യം കേരളത്തിന്റെ മാറ്റത്തിന്റെ മുദ്രാവാക്യമായി മാറണം. കേരളത്തിന്റെ മനസ്സ് തൊട്ടറിഞ്ഞ ദേശീയ ശക്തികള്‍ക്കേ അത് സാക്ഷാത്കരിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: