ആതുര ചികിത്സാരംഗത്ത് റോബോട്ടിന്റെ സഹായത്തോടെ പ്രതീക്ഷകളുയര്‍ത്തുകയാണ് യുവ ഗവേഷകനായ ഇരുപത്തിനാലുകാരന് അര്ജ്ജുന് ബി.എസ്. തലച്ചോറിലുണ്ടാകുന്ന ക്യാന്‍സറിനെ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ കൃത്യമായി കണ്ടെത്താമെന്നതാണ് അര്‍ജ്ജുന്റെ ഗവേഷണം.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (ഐഐഎസ്സി) യില്‍ പ്രൊഫ. ഹര്‍ദ്ദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഗവേഷണം പൂര്‍ത്തിയാകുന്നത്. സാധാരണ തലച്ചോറിലുണ്ടാകുന്ന ട്യൂമര്‍ എംആര്‍ഐ, സിടി സ്കാന്‍ എന്നിവയിലൂടെയാണ് കണ്ടുപിടിക്കുന്നത്. എന്നാല്‍ അര്‍ജ്ജുന്റെ ഗവേഷണത്തിലൂടെ രൂപപ്പെടുന്ന ബയോ റോബോട്ടിന് ശസ്ത്രക്രിയ നടത്തുമ്പോള്‍ തന്നെ രോഗം ബാധിച്ച കോശങ്ങളെ കൃത്യമായി കണ്ടുപിടിക്കാന്‍ കഴിയും. വരുംകാലത്ത് ട്യൂമര്‍ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടേഴ്സിന് ഇത് സഹായകമാകുമെന്നു അര്ജ്ജുന് പറയുന്നു.
സ്ക്കൂള് വിദ്യാഭ്യാസ കാലത്ത് സയന്‍സ് എക്സിബിഷനുകളില്‍ പ്രദര്‍ശിപ്പിച്ച ചെറിയ കണ്ടുപിടുത്തങ്ങളാണ് അര്‍ജ്ജുനിന് പ്രചോദനമായത്. വെള്ളപ്പൊക്ക ദുരന്തഘട്ടങ്ങളില്‍ അകപ്പെടുന്നവരെ എങ്ങനെ കണ്ടുപിടിക്കാമെന്നതാണ് അര്‍ജ്ജുന്റെ ആദ്യ ഗവേഷണമായത്. കരയില്‍ നിന്നും റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്യാമറ ഘടിപ്പിച്ച കുഞ്ഞ് ബോട്ടാണ് കണ്ടുപിടിച്ചത്. തുടര്‍ന്ന് കേടായ എല്‍സിഡി ടെലിവിഷനിലെ സ്ക്രീന്‍ പൂര്‍ണമായും മാറ്റുന്നതിനപ്പുറം അതിലെ കേടായ ഭാഗത്തെ മാത്രം കണ്ടെത്തി നീക്കം ചെയ്ത് പുതിയവ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം തുടങ്ങി അനവധി റോബോട്ടിക് ഗവേഷണങ്ങള്‍ അര്ജ്ജുന് നടത്തിയിട്ടുണ്ട്.
ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക് ബിരുദത്തിന് ശേഷമാണ് ബയോ റോബോട്ടിക് ഗവേഷണത്തിനായി ഐഐഎസ് സിയില്‍ ചേര്‍ന്നത്. കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ ഫെലോ സ്കോളര്‍ഷിപ്പിനും അര്ജ്ജുന് അര്‍ഹനായി. പ്രതിമാസം 70,000 രൂപയ്ക്ക് പുറമെ വര്‍ഷാവര്‍ഷം രണ്ടു ലക്ഷം രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും. ഗവേഷണ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി 2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് തുടക്കം കുറിച്ചത്. കഴക്കൂട്ടം ‘ശിവപഞ്ചമി’യില്‍, വിഎസ്എസ്സി എഞ്ചിനീയറായ സുനില്‍കുമാറിന്റെയും കണിയാപുരം സര്‍ക്കാര്‍ യുപി സ്കൂള്‍ അധ്യാപിക ബിന്ദുവിന്റേയും മകനാണ് അര്ജ്ജുന്. സഹോദരി ആര്‍ദ്ര എസ്. പാര്‍വതി ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: