പാരീസ്: ഇന്ത്യയ്ക്ക് മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കൂടി ഉടന്‍ കൈമാറുമെന്ന് ഫ്രാന്‍സ്. രണ്ടാം ഘട്ടത്തില്‍ വ്യോമസേനയ്ക്കുള്ള മൂന്നു യുദ്ധവിമാനങ്ങള്‍ നവംബര്‍ അഞ്ചിനു ഫ്രാന്‍സില്‍ നിന്നെത്തും. ഇതിനു പുറമേ വരുന്ന ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ 3 വീതവും ഏപ്രിലില്‍ ഏഴും വിമാനങ്ങളെത്തും. ഇതോടെ, ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ 21 ആകും. കഴിഞ്ഞ ജൂലൈയില്‍ അഞ്ചെണ്ണം ലഭിച്ചിരുന്നു.
ഒരു സ്ക്വാഡ്രന്‍ രൂപീകരിക്കാന്‍ 18 യുദ്ധവിമാനങ്ങളാണു വേണ്ടത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലെ റഫാല്‍ സ്ക്വാഡ്രന്‍ ഏപ്രിലോടെ പൂര്‍ണ സജ്ജമാകുമെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
3 വിമാനങ്ങള്‍ ബംഗാളിലെ ഹാസിമാര വ്യോമതാവളത്തില്‍ നിലയുറപ്പിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ ഹാസിമാരയിലേക്കു കൂടുതല്‍ വിമാനങ്ങളെത്തും. ആകെ 36 വിമാനങ്ങളാണു ഫ്രാന്‍സില്‍നിന്നു ഇന്ത്യ വാങ്ങുന്നത്.
വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിനായി വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഫ്രാന്‍സിലെത്തിയിട്ടുണ്ട്. റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ആസ്ഥാനത്ത് സേനാ പൈലറ്റുമാര്‍ നടത്തുന്ന പരിശീലനവും ഇവര്‍ നിരീക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: