കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ നടപടികള്‍ കൂടുതല്‍ കര്‍ശ്ശനമാക്കി എന്‍ഫോഴ്സ്മെന്റ്. കേസിലെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി സ്വപ്ന സുരേഷിനേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.
നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് സ്വപ്ന. അതിനാല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എന്‍ഫോഴ്സ്മെന്റ് കോടതിയെ സമീപിച്ചു. ഇതോടൊപ്പം കേസിലെ മറ്റ് പ്രതികളായ സരിത്തിനേയും സന്ദീപിനേയും കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തിങ്കളാഴ്ചയാകും പരിഗണിക്കുക.
അതേസമയം ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും എന്‍ഫോഴ്സ്മെന്റ് ആരോപിക്കുന്നുണ്ട്. രണ്ട് ദിവസമായി ശിവശങ്കര്‍ എന്‍ഐഎ കസ്റ്റഡിയില്‍ ആണ്. എന്നാല്‍ ഇയാള്‍ ഭക്ഷണം കഴിക്കാതേയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതേയും പ്രതിഷേധിക്കുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ആരോപിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതോടെ ഡോക്ടറെ വരുത്തി ആരോഗ്യനില പരിശോധിപ്പിച്ചു.
ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ ചോദ്യംചെയ്യലിനായി വിദഗ്ധരായ കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം എന്‍ഫോഴ്സ്മെന്റ് തേടും. നവംബര്‍ 5 വരെയാണ് ശിവശങ്കറിന്റെ കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യ നില പരിഗണിക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയത്തേ ചോദ്യം ചെയ്യാവൂ എന്നു കോടതി എന്‍ഫോഴ്സ്മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇനിയും ശിവശങ്കര്‍ നിസ്സഹകരണം തുടര്‍ന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങും. ശിവശങ്കറിന്റെ ബിനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാനും എന്‍ഫോഴ്സ്മെന്റിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: