കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയത് പടക്കവിപണിയെയും ദോഷകരമായി ബാധിക്കും. പ്രധാനപ്പെട്ട വിപണന സമയമായ ഏപ്രില്‍ മാസത്തെ വിഷു ആഘോഷം പൂര്‍ണ്ണമായും കൊവിഡ് നിയന്ത്രണത്തിലായതതിനാല് കോടികളുടെ നഷ്ടമാണ് പടക്കക്കച്ചവടക്കാര്ക്കുണ്ടായത്. ജിഎസ്ടി അടച്ച് കേരളത്തിലെത്തിച്ച പടക്കങ്ങള്‍ വ്യാപാരികള്‍ക്ക് വില്‍ക്കാനായില്ല. കൊറോണ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടിച്ചേരുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഉത്സവ കാലത്തെങ്കിലും പടക്കം വില്‍ക്കാമെന്ന വ്യാപാരികളുടെ സ്വപ്നമാണ് തകര്‍ന്നത്.
മലബാറിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലെയും കളിയാട്ടങ്ങള്‍ക്ക് ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമെല്ലാം അനിവാര്യമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പടക്കമാണ് ഓരോ ക്ഷേത്രങ്ങളിലും വാങ്ങിയിരുന്നത്. മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും വെടിക്കെട്ടുകള്‍ക്ക് തമിഴ്നാട്ടില്‍ നിന്ന് പടക്കമെത്തിച്ച് നല്‍കിയിരുന്നത് ഇവിടെയുള്ള പടക്കക്കച്ചവടക്കാരായിരുന്നു. ദീപാവലി സമയത്ത് കേരളത്തില്‍ 10 കോടി രൂപയുടെ പടക്കമാണ് വിറ്റിരുന്നത്. കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും കൊറോണക്കാലത്ത് പടക്കവില്പന നടന്നിരുന്നത്.
കച്ചവടക്കാരെക്കാള്‍ ഏറെ ദയനീയമാണ് വര്‍ഷങ്ങളായി പടക്കനിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിവന്നിരുന്നവര്‍. പരമ്പരാഗതമായി പടക്ക നിര്‍മ്മാണത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവരുടെ അവസ്ഥ ഇന്ന് ദയനീയമാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിനായ തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിഷുവിപണി നഷ്ടമായതോടൊപ്പം ദീപാവലിയും കൃസ്തുമസ്സും മറ്റ് ഉത്സവങ്ങളും നഷ്ടമാകുന്നതോടെ പടക്ക വിപണി പൂര്‍ണ്ണമായും പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: