ഐക്യരാഷ്ട്രസഭ (യുഎന്‍) അതിന്റെ 75-ാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ് ഒക്ടോബര്‍ 24, 2020ന്. 1945 ല്‍ രൂപീകൃതമായ സംഘടന 2020 ആകുമ്പോള്‍ കൂട്ടായ്മയുടെ 75 വര്‍ഷങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
“ഐക്യരാഷ്ട്രസഭ രൂപവത്കരിക്കപ്പെട്ടത് മനുഷ്യരാശിയെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാനല്ല. മറിച്ച് നരകത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനായാണ്”- ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമെര്‍ഷോള്‍ഡിന്റെ ഈ വാക്കുകള്‍ സംഘടനയുടെ നിയോഗം എന്താണെന്ന് വെളിപ്പെടുത്തുന്നു.
ഏഴരക്കോടിയോളം മനുഷ്യജീവന് പൊലിഞ്ഞ യുദ്ധഭൂവില്‍ നിന്നാണ് ഐക്യത്തിന്റെ കാഹളവുമായി ഐക്യരാഷ്ട്രസഭ പിറവി കൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ രണ്ടരക്കോടിയോളം പട്ടാളക്കാരും അഞ്ചുകോടിയോളം സാധാരണക്കാരും കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധങ്ങളുടെ നിരര്‍ത്ഥകതയെ കുറിച്ച് രാഷ്ട്രങ്ങളില്‍ അവബോധം ഉണരുന്നത്. 1945നു ശേഷം ലോകം മറ്റൊരു വിചാരധാരയിലേക്ക് മാറാന്‍ തുടങ്ങി. യുദ്ധങ്ങളില്‍ മേല്‍ക്കൈ നേടാമെന്നതല്ലാതെ ആരും ആത്യന്തികമായി ജയിക്കുന്നുമില്ല, തോല്‍ക്കുന്നുമില്ലായെന്നൊരു ബോധം രൂപപ്പെടാന്‍ തുടങ്ങി.
മനുഷ്യജീവിതവും അവസ്ഥകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചിന്തകള്‍ യുദ്ധാനന്തര ലോകത്ത് നിറയാന്‍ തുടങ്ങി. അതിന്റെ പര്യവസാനത്തില്‍ നിന്നാണ് ഐക്യരാഷ്ട്രസഭയുടെ പിറവി.
അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റാണ് ഐക്യരാഷ്ട്രസഭ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത്. ഒന്നാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ രൂപവത്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സാണ് ഐക്യരാഷ്ട്രസഭയുടെ ആദിരൂപം.
മനുഷ്യകുലം നേരിടുന്ന ഭീഷണികളായ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, മഹാമാരികള്‍, ഭക്ഷ്യക്ഷാമം, അഭയാര്‍ത്ഥിപ്രശ്നം എന്നിവ നേരിടുന്നതിനും രാഷ്ട്രങ്ങളെ ഏകോപിക്കുന്നതിലും പരസ്പര സഹായം വളര്‍ത്തുന്നതിലും ഐക്യരാഷ്ട്രസഭ നേതൃത്വപരവും മാതൃകാപരവുമായ പങ്കാണ് വഹിച്ചുപോരുന്നത്.
സമകാലിക ചരിത്രത്തിലും ഭൂമിയിലെ മനുഷ്യകുലത്തിന്റെ ജീവിതം കൂടുതല്‍ സ്വസ്ഥമാക്കാന്‍ ഒട്ടേറെ ദൗത്യങ്ങളിലാണ് യുഎന്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം, കൊറിയന്‍ യുദ്ധം, സൂയസ് കനാല്‍ പ്രശ്നം, ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍, ഗള്‍ഫ് യുദ്ധം, തീവ്ര- ഭീകരവാദ പ്രശ്നങ്ങള്‍ എന്നിങ്ങനെ മനുഷ്യര്‍ക്ക് മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്ന ഭീഷണികളെ പരിഹരിക്കാന്‍ യുഎന്‍ നടത്തുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും ഭൂമിയിലെ മനുഷ്യവാസത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നുണ്ട്.
പരിസ്ഥിതിക്ക് കാവലാളായി പ്രവര്‍ത്തിക്കുന്ന യു.എന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, സംരക്ഷിതയിടങ്ങളും ചരിത്ര പ്രാധ്യാനമുള്ളതുമായ പൈതൃകയിടങ്ങളും നിര്‍മിതികളും സംരക്ഷിക്കാന്‍ നല്കുന്ന നേതൃത്വം, ഭക്ഷ്യപദ്ധതിയിലൂടെ 83 രാജ്യങ്ങളിലെ പത്തുകോടിയോളം കുട്ടികള്‍ക്ക് നല്കുന്ന താങ്ങും തണലും പ്രതിരോധ വാക്സിന് വിതരണം, ദുര്‍ബല ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലെ തെരഞ്ഞടുപ്പ് പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങി സാമൂഹിക സ്പര്‍ശമുള്ള ഒട്ടേറെ സേവനങ്ങളും നിര്‍വഹിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയ്ക്കും ഉപഘടകങ്ങളില്‍ പലതിനും ആസ്ഥാന സൗകര്യം നല്‍കുകയും 22 ശതമാനത്തോളം ചെലവ് വഹിക്കുകയും ചെയ്തുവന്നിരുന്ന അമേരിക്ക ഇപ്പോള്‍ യുഎന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തത് നിര്‍ഭാഗ്യകരമാണ്. യുഎന്നിന്റെ 75-ാം സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെ പോക്കും ആശാവഹമായിരുന്നില്ല. കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോകരാഷ്ട്രങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോകല്‍, ചൈന കാട്ടുന്ന ധാര്‍ഷ്ട്യം എല്ലാം തന്നെ യുഎന്നിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കോവിഡ് 19 മഹാമാരി അനാഗോളീകരണത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന ഒരു ധാരണയും പടരുന്നുണ്ട്. കൊറോണയുടെ വരവോടെ ലോകത്തെ മിക്ക രാഷ്ട്രങ്ങളും ഒറ്റപ്പെടലിന്റെയും സംരക്ഷണവാദത്തിന്റെയും പാതയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന തോന്നലും ശക്തമാണ്. ഈ സാഹചര്യങ്ങള്‍ യു.എന്നിന് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ ഇനിയും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമാക്കുന്നതില്‍ കാട്ടുന്ന അലംഭാവവും വിവേചനവും നേതൃപദവി കൈക്കൊള്ളുന്ന ശക്തികളുടെ അധര്‍മ്മണ്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഐക്യരാഷ്ട്രസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ മാനിച്ച് ബഹുരാഷ്ട്ര വാദം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകസമാധാനത്തിനും തിരുത്തല്‍ ശക്തിയായും ഐക്യരാഷ്ട്രസഭ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് നിലനില്‍ക്കേണ്ടത് മാനവസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: