കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ കള്ളപ്പണ ഇടപാടുകള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് എന്‍ഫോഴ്സ്മെന്റ്. സ്വപ്നയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കടത്തിയ 21 സ്വര്‍ണക്കടത്തുകളിലും ശിവശങ്കറിന് പങ്കുണ്ടെന്നും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന് കൈമാറിയ ഏറ്റവും വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നതും ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ സംശയം ഉയര്‍ന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോണ്‍. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. താന്‍ വാങ്ങിയ ഐ ഫോണുകളുടെ വിവരങ്ങള്‍ സന്തോഷ് ഈപ്പനും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ സ്വപ്ന കൈമാറിയതാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത്കേസ് എന്‍ഐഎ ആസ്ഥാനവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
കൊച്ചിയിലെ അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള ഇതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെത്തി ഐജി സന്തോഷ് റസ്തോഗിയെ അന്വേഷണ പുരോഗതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളില്‍ വിശദ അന്വേഷണം വേണമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: