ഇന്‍ഡോ-പസഫിക്ക് മേഖലയില്‍ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുന്ന ഒരു ചതുഷ്കോണ സുരക്ഷാ സംരംഭമാണ് ‘ക്വാഡ്’ എന്നു വിളിക്കപ്പെടുന്ന ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്. ഭാരതത്തിനും ജപ്പാനും ആസ്ട്രേലിയക്കും അമേരിക്കക്കും പങ്കാളിത്തമുള്ള ഈ കൂട്ടായ്മയില്‍ ഭാരതം സക്രിയ പങ്കാളിത്തം വഹിക്കുന്നതിനെതിരെ ഇടത് സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത് ആശ്ചര്യകരമാണ്.
‘അമേരിക്കയുടെ സാമന്ത രാജ്യമാകണോ’ എന്ന പ്രകാശ് കാരാട്ടിന്റെ ലേഖനം (ദേശാഭിമാനി ഒക്ടോബര്‍ 15) ചൈനയോട് പൂര്‍ണ്ണ വിധേയത്വമുള്ള സിപിഎം പക്ഷ കാഴ്ചപ്പാടാണ്.
കമ്യൂണിസ്റ്റു ചൈന രൂപം കൊള്ളുന്നതിനും ഭാരതം സ്വതന്ത്രയാകുന്നതിനും വളരെ മുമ്പ് 1930ല്‍ തന്നെ കാള്‍ ഹൗഷോഫര്‍ എന്ന ജര്‍മ്മന്‍ ഭരണതന്ത്രജ്ഞന്‍ പോലും യൂറേഷ്യന്‍ ഭരണതന്ത്ര കാഴ്ചപ്പാടിന് അനുസൃതമായിട്ട് നോക്കിക്കണ്ടിരുന്ന ഇടമായിരുന്നു ഇന്‍ഡോ പസഫിക്ക് മേഖല. തന്ത്രപ്രധാനമായ നാവികപാത ഉള്‍ക്കൊള്ളുന്ന ഈ മേഖല തടസ്സങ്ങളില്ലാത്ത സമാധാന മേഖലയായി തുടരണമെന്നതിന് ചരിത്രം നല്കുന്ന സൂചനയാണത്. ജനസംഖ്യകൊണ്ടും സാമ്പത്തിക വളര്‍ച്ചകൊണ്ടും പുതിയ ലോകക്രമത്തിലാകെ അവഗണിക്കാനാകാത്ത ശക്തിയായി വളരുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിനും ഇന്‍ഡോ പസഫിക് മേഖലയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് 2007 ല്‍ (കമ്യൂണിസ്റ്റു പിന്തുണയോടെ) പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹന് സിംഗും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും ഉള്‍പ്പടെയുളള രാജ്യത്തലവന്മാര് ഇന്ത്യ-ജപ്പാന്-ആസ്ട്രേലിയാ-അമേരിക്കന്‍ ചതുഷ്കോണ അച്ചുതണ്ടിനെ കൂറിച്ചുള്ള ചിന്ത ഗൗരവപൂര്‍വ്വം തുടങ്ങിയത്. ചൈനാ സര്‍ക്കാരിനോടും ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയോടും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെയും മറ്റും പണം വാങ്ങി കടപ്പെട്ടുപോയ സോണിയയുടെ നിയന്ത്രണത്തിലായിരുന്ന ഡോ. മന്മോഹന് സിംഗ് ആ ചര്‍ച്ചയില്‍ നിന്നും പിന്നോട്ടു പോയി. ജപ്പാനിലും ആസ്ട്രേലിയയിലും പിന്നീട് വന്ന ഭരണാധികാരികളും ചൈനയുടെ നീരസം ഒഴിവാക്കുന്നതിന് പ്രാധാന്യം നല്കിയതുകൊണ്ട് ആ ചര്‍ച്ചകളെ മുന്നോട്ടു കൊണ്ടു പോയില്ല. പക്ഷേ 2014ല്‍ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവും മറ്റു രാജ്യങ്ങളില്‍ വന്ന രാഷ്ട്രീയ മാറ്റങ്ങളും അത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി. 2007ല്‍ ആരംഭിച്ച ക്വാഡ് ആലോചനകള്‍ക്ക് ഒരു ദശാബ്ദശേഷം വീണ്ടും ഗൗരവം വര്‍ദ്ധിക്കൂന്നതായാണ് പിന്നീട് കണ്ടത്. 2017ല്‍ ആസിയാന്‍ ഉച്ചകോടിയിയുടെയിടയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബെയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചകളിലൂടെ ക്വാഡിനെ വീണ്ടും സജീവമാക്കുവാന്‍ സാധിച്ചുവെങ്കില്‍ അത് ഭാരതത്തിനു ഗുണകരമായി. തെക്കന്‍ ചൈനാ സമുദ്ര മേഖല കേന്ദ്രമാക്കി കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈന നടത്തുന്ന കടന്നാക്രമണങ്ങളില്‍ പൊറുതി മുട്ടിയ കമ്യൂണിസ്റ്റു വിയറ്റ്നാം, മുസ്ലീം ഭൂരിപക്ഷ ഇന്തോനേഷ്യ, ഫിലിപ്പയിന്‍സ്, തുടങ്ങിയ നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇത്ഏറെ ഗുണകരമാണ്.
ഇതൊരു സൈനിക സഖ്യമോ ശാക്തികചേരിയോ അല്ലെന്നുള്ളത് സുപ്രധാനമാണ്. നാലു രാജ്യങ്ങളുടെ തന്ത്രപരമായ അനൗപചാരിക കൂട്ടായ്മ മാത്രമാണ് ക്വാഡ്. കൂടിയാലോചനകളും തന്ത്രപ്രധാനവിവരങ്ങളുടെ കൈമാറ്റങ്ങളും അംഗ രാജ്യങ്ങള്‍ തമ്മില്‍ സഹകരിച്ചുള്ള സൈനിക പ്രദര്‍ശന പരിശീലനങ്ങളും മറ്റുമാണ് ഇതിലുള്‍പ്പെടുന്നത്.
ലോക മഹായുദ്ധങ്ങളില്‍ പങ്കെടുത്ത സൈനിക ചേരികളോടോ പിന്നീടുയര്‍ന്ന അമേരിക്കയുടെയും സോവിയറ്റു യൂണിയന്റെയും ചേരികളോടോ ചൈനയുടെയും പാക്കിസ്ഥാന്റെയും സഖ്യത്തോടോ തുല്യമായി കരുതേണ്ട സാഹചര്യം ഇന്ന് നിലവിലില്ല. കൃത്യമായി പറഞ്ഞാല്‍ അത് ഒരു അമേരിക്കന്‍ സുരക്ഷാ സഖ്യമല്ല. കൂടുതല്‍ സ്പഷ്ടമായി പറഞ്ഞാല്‍ (1) മറ്റേതെങ്കിലും രാജ്യത്തെയോ രാജ്യങ്ങളെയോ സൈനികമായി ആക്രമിക്കുവാനുള്ള ഒരു കൂട്ടൂകെട്ടല്ല ക്വാഡ് (2) ഈ കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും ഒരു രാജ്യം സൈനികമായി ആക്രമിച്ചാല്‍ (ഉദാഹരണത്തിന് ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ചാല്‍) സൈനിക സഹായം നല്കി പ്രതിരോധിക്കുവാനുള്ള ബാദ്ധ്യത ക്വാഡിനില്ല. അതുകൊണ്ടു തന്നെ ‘അമേരിക്കന്‍ സുരക്ഷാ സഖ്യത്തില്‍’ ഭാരതം ചേര്‍ന്നുവെന്നും സെപ്തംബറില്‍ നല്കിയ ഉറപ്പുപാലിച്ചില്ലെന്നും മറ്റുമുള്ള കാരാട്ടിന്റെ വാദങ്ങളുടെ മുനയൊടിയുന്നു. 2007ല്‍ ക്വാഡ് സംബന്ധമായ ആലോചനകളില്‍ പങ്കാളിയായിരുന്ന ഭാരതം അങ്ങോട്ട് ചെന്നു ‘അമേരിക്കന്‍ സുരക്ഷാ സഖ്യത്തില്‍ചേര്‍ന്നു’ എന്നൊക്കെയുള്ള വാദങ്ങളും പൊളിയുന്നു. പിന്നെ, ഇത് ചൈനയ്ക്കെതിരെയുള്ള കൂട്ടായ്മയാണെന്ന് പറയുന്നതിലൂടെ സ്വന്തം പക്ഷമായ ചൈനയെ പ്രതിക്കൂട്ടിലാക്കുകയാണ് കാരാട്ട്.
ഇന്തോ പസഫിക്ക് മേഖലയിലെ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ്മയെ, ചൈനക്കെതിരായ നീക്കം എന്ന് വ്യാഖ്യാനിക്കുന്നവര്‍ ചൈന ഭീഷണിയാണെന്ന് സമ്മതിക്കുകയാണ്.’ചൈനയുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുകയാണ് വേണ്ടത്. നിലവിലെ പ്രശ്നങ്ങള്‍ നേരിടുവാനും പരിഹരിക്കുവാനുമാവശ്യമായ വിഭവവും ശക്തിയും ഇന്ത്യക്കുണ്ട്. അതു വിനിയോഗിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം’. ഈ പ്രസ്താവനയിലൂടെ കാരാട്ടിനും ബോദ്ധ്യപ്പെട്ട വളരെ ശ്രദ്ധേയമായ വസ്തുത തുറന്നു പറഞ്ഞത് നന്നായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ നിന്ന് നരേന്ദ്രമോദിയിലെത്തിയ ഭാരതത്തിന് അതിനുള്ള ശക്തിയുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിനോട് കൊടുംചതി ചെയ്ത ചൈനയ്ക്ക് പഠിക്കാനുള്ള പാഠങ്ങള്‍ പാക്കിസ്ഥാനു കൊടുത്ത മറുപടികളിലൂടെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരയും അടല്‍ ബിഹാരി വാജ്പേയിയും ചരിത്രത്തില്‍ ബാക്കിവെച്ചിട്ടുണ്ട്. കാരാട്ട് ആവശ്യപ്പെടാതെ തന്നെ അതുപയോഗിച്ച് ചൈനയെ പ്രതിരോധിക്കുവാന്‍ രാഷ്ട്രത്തോട് പ്രതിബദ്ധതയുള്ള നരേന്ദ്രമോദി തയ്യാറാകും. എങ്കിലും അതോടോപ്പം കാരാട്ടിലെ കമ്യൂണിസ്റ്റുകാരനും സത്യം തിരിച്ചറിഞ്ഞ് ശരിയായ സമീപനത്തിലേക്കു വരണമെന്നും ചൈനാ-പാക്ക് പക്ഷത്തുനിന്നുകൊണ്ടുള്ള രാഷ്ട്ര വിരുദ്ധ സമീപനങ്ങളില്‍ നിന്ന് മാറണമെന്നും ഭാരതജനത ആഗ്രഹിക്കും.
ആണവായുധവും ജൈവായുധങ്ങളും സംഭരിച്ച് ആക്രമണത്തിന് പതുങ്ങി കാത്തിരിക്കുന്ന കമ്യൂണിസ്റ്റ് സാമ്രാജ്യത്വ ചൈനയെ പ്രതിരോധിക്കുന്നതിനുതകുന്ന അന്താരാഷ്ട്ര ബന്ധങ്ങളുടെ സാദ്ധ്യതകള്‍ തേടുന്ന ഭാരതത്തിന്റെ വഴിമുടക്കുന്നതിനാണോ ചൈനയുടെ ചാരപ്പണി ചെയ്യുന്നത്.
അമേരിക്കന്‍ പട്ടാളം ഇതുവരെ ഇന്ത്യയെ ആക്രമിച്ചിട്ടില്ല. 1962ല്‍ ചൈന ആക്രമിച്ചപ്പോള്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകയുടെ നേതൃത്വത്തില്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ ഇടപെട്ട് ചൈനയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ക്കതിന് ശേഷിയില്ലായിരുന്നു. സോവിയറ്റു യൂണിയന് സഹായിച്ചില്ല. സ്വന്തം അഭിമാനം പോലും പണയപ്പെടുത്തി നാണംകെട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സഹായം തേടി പ്രസിഡന്റ്് കെന്നഡിക്ക് ടെലഗ്രാമയച്ചതും ചോദിച്ച സഹായം നല്കിയില്ലെങ്കിലും കൂടുതല്‍ അതിക്രമങ്ങളില്‍ നിന്ന് കമ്യൂണിസ്റ്റു ചൈനയെ വിലക്കുവാന്‍ അമേരിക്ക പരിമിതമായ ഇടപെടലുകളിലൂടെ വഴിയൊരുക്കി. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയോട് അടിവാങ്ങി സഖ്യം പി
രിഞ്ഞ സ്റ്റാലിന്റെ റഷ്യക്ക് അമേരിക്കയുമായി സഖ്യമാകാമായിരുന്നു. 1971 ലെ ബംഗഌദേശ് വിമോചനയുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ ആന്തരിക പ്രശ്നങ്ങളുടെ പേരില്‍, ബുദ്ധിമുട്ടിലായ മാവോയുടെ ചൈനയ്ക്ക് കഴിയാത്ത അവസ്ഥയുണ്ടായി. ഏഴാം കപ്പല്‍ പടയുടെ ഭീഷണിയും മുഴക്കി പാക്കിസ്ഥാനെ സഹായിക്കാനെത്തിയത് അന്ന് ചൈനയോടും പാക്കിസ്ഥാനോടും ചങ്ങാത്തത്തിലായിരുന്ന അമേരിക്കയായിരുന്നു. ആ മുക്കൂട്ടു മൂന്നണിയില്‍ നിന്ന് അമേരിക്ക അടര്‍ന്നുമാറി ഭാരതവുമായി നല്ല ബന്ധത്തിന് സാഹചര്യം തേടിയെങ്കില്‍ കമ്യൂണിസ്റ്റു മാര്‍ക്സിസ്റ്റൂ പാര്‍ട്ടിക്കും ചൈനയ്ക്കും ഉള്ളു പൊള്ളുന്നുവെങ്കില്‍ വെന്തുരുകട്ടെയെന്നേ പറയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: