കണ്ണൂര്‍: മൂന്നര മാസമായി ശബളം ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹാന്‍വീവില്‍ സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടു. സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് ചെയര്‍മാനായ സ്ഥാപനത്തില്‍ ശബളം ലഭിക്കാതെ സിഐടിയു ജീവനക്കാര്‍ തന്നെ രംഗത്ത് വന്നത് സിപിഎമ്മിനുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയായിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുളള പൊതുമേഖല സ്ഥാപനങ്ങളെല്ലാം കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ലാഭത്തിലാക്കിയെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിപിഎം നേതാക്കള്‍ ഹാന്‍വീവ് വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറല്ലാത്ത സ്ഥിതിയാണ്. വ്യവസായ മന്ത്രിയുടെ നാട്ടില്‍ വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖല സ്ഥാപനം തന്നെ ജോലി ചെയ്ത തൊഴിലാളിക്ക് യഥാസമയം കൂലി നല്‍കാതെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും പര്യായമായി മാറിയതോടെയാണ് സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ സമരത്തിനിറങ്ങിയിരിക്കുന്നത്.
മാനേജ്മെന്റിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സിഐടിയുക്കാരായ ജീവനക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോടിക്കണക്കിന് രൂപയുടെ തുണി സ്ഥാപനത്തില്‍ കെട്ടിക്കിടക്കുകയാണെന്നും ഇവ വിറ്റഴിക്കാന്‍ നടപടിയുണ്ടാകണമെന്നും വൈവിദ്ധ്യവല്‍ക്കരണത്തിന് മാനേജ്മെന്റ് തയ്യാറാകണമെന്നും ഇവര്‍ പറയുന്നു. ആധുനികവല്‍ക്കരണത്തിന് തയ്യാറാകാത്ത മാനേജ്മെന്റും സര്‍ക്കാരും പിഎസ്സി വഴി ജോലി നേടിയ ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കുകയാണെന്നും ഈ നില തുടരുകയാണെങ്കില്‍ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ സ്ഥാപനത്തിന്റെ വിവിധ ശാഖകളിലെ 200ഓളം തൊഴിലാളികള്‍ മാത്രമാണ് ദുരിതമനുഭവിക്കുന്നതെങ്കിലും സ്ഥാപനത്തിലേക്കാവശ്യമായ തുണിത്തരങ്ങളെത്തിക്കുന്ന 2000ത്തിലേറെ തൊഴിലാളികളും കഴിഞ്ഞ എത്രയോ മാസങ്ങളായി കൂലി ലഭിക്കാതെ കടുത്ത ദുരിതത്തിലാണ്.
പ്രതിസന്ധി മറികടക്കാന്‍ ആസ്ഥാനമന്ദിരം പണയപ്പെടുത്തി വായ്പയെടുക്കുക മാത്രമാണ് വഴിയെന്നാണ് ചെയര്മാന് സഹദേവന്റെ വാദം. 13 കോടിയോളം രൂപ കെഎഫ്സിയില് നിന്നും വായ്പയെടുക്കാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വായ്പ നല്കിയാല് തിരിച്ചടക്കാന്‍ തയ്യാറാവില്ലെന്നതിനാല്‍ ഹാന്‍വീവിന് വായ്പ നല്‍കുന്നതിന് ധനവകുപ്പ് തടസ്സം നില്ക്കുന്നതായറിയുന്നു. വായ്പ ലഭിച്ചില്ലെങ്കില്‍ സ്ഥാപനത്തിന് ഒരുതരത്തിലും മുന്നോട്ട് പോകാന്‍ കാഴിയില്ലെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് സ്ഥാപനത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുളളതെന്നും സഹദേവന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തില്‍ പാര്‍ട്ടി നേതാവ് ചെയര്‍മാനായ സ്ഥാപനത്തില്‍ തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ട നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: