ശിവാജിയുടെ മനസ്സ് സഹ്യാദ്രിയുടെ ശിഖരംപോലെ ശാന്തവും അചഞ്ചലവുമായിരുന്നു. അന്തിമ വിജയം വരിക്കാനായുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. പ്രതാപ് റാവു മോറേയുടെ കൈയില്‍നിന്നും ശിവാജി പിടിച്ചെടുത്തതായിരുന്നു ജാവളി പ്രദേശം. ഇദ്ദേഹം അഫ്സല് ഖാന്റെ അടുത്ത ആളായിരുന്നു. ഖാന്റെ സഹായത്തോടെ ശിവാജിയുടെ കൈയില്‍നിന്ന് ജാവളി പ്രദേശം മോചിപ്പിക്കാന്‍ സാധിക്കുമോ എന്ന് മോറെ പരിശ്രമിക്കുകയായിരുന്നു. അതിന് ഖാനെ ജാവളിയില്‍ കൊണ്ടുവരാന്‍ ഉത്സുകനായിരുന്നു മോറെ. ചാരന്മാരില്‍നിന്നും ശിവാജി ഈ വിവരം അറിഞ്ഞു. അതും ശിവാജിയുടെ പദ്ധതിക്കനുകൂലമായിരുന്നു.
ഉടനെതന്നെ ശിവാജി സര്‍വസൈന്യാധിപനെ വരുത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ജാവളിയുടെ ഘോരവനത്തില്‍ രഹസ്യമായി സൈന്യം നിലയുറപ്പിക്കണം. ശിവാജിയുടെ കൂടെ പ്രതാപഗഡില്‍ ആരൊക്കെ പോകണം എന്നും മറ്റും നിശ്ചയിച്ചു. പുറപ്പെടുന്നതിനു മുന്‍പ് മാതാ ജീജാബായിയോട് യാത്ര പറയണമായിരുന്നു. അതിനായി ശിവാജി രാജഗഡില്‍ പോയി. മകന് യാത്ര ചോദിച്ചപ്പോള്‍ അമ്മയുടെ ഹൃദയത്തില്‍ വ്യാകുലതയുണ്ടായിരുന്നു. അത് സഹജവുമായിരുന്നു. സാമാന്യമായി അമ്മയ്ക്ക് പുത്രന്റെ ജന്മസമയത്തുള്ള പ്രസവവേദന അനുഭവിച്ചാല്‍ പിന്നീടവരുടെ കഷ്ടം അവസാനിച്ചു. എന്നാല്‍ ജീജാമാതാവിന് പലവട്ടം അതുപോലെ വേദനയനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഓരോ തവണയും യുദ്ധത്തിനായി ഇറങ്ങിപ്പുറപ്പെടുമ്പോഴും തിരിച്ചെത്തുന്നതുവരെ ആ അമ്മ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. ഓരോ തവണയും വിജയിച്ചു തിരിച്ചെത്തിയാല്‍ പുനര്ജന്മം കിട്ടിയതുപോലെ ആ അമ്മ സന്തോഷിച്ചു. ജ്യേഷ്ഠപുത്രനായ സംഭാജിയെ അഫ്സല്‍ഖാന്‍ ചതിച്ചുകൊന്നു. ശേഷിച്ച ഒരു പുത്രനെക്കൂടി മരണത്തിന്റെ വായിലേക്ക് അയയ്ക്കണം. അമ്മയുടെ മുന്നില്‍ നമസ്കരിച്ചുനിന്ന മകനെ അമ്മ അനുഗ്രഹിച്ചു. സംഭാജിയെ കൊന്നതിന്റെ പ്രതികാരം മറക്കരുതെന്നോര്മിപ്പിച്ചു. യാത്ര അയയ്ക്കുന്ന സമയത്ത് അമ്മയുടെ മുഖത്തുനിന്ന് ജ്യേഷ്ഠന്റെ കൊലപാതകത്തിനുള്ള പ്രതികാരം ഓര്മിപ്പിക്കല്, അത് ജീജാബായിയെപ്പോലെയുള്ള വീരമാതാക്കള്ക്ക് മാത്രം സാധിക്കുന്നതാണ്. യാത്ര പുറപ്പെടുന്നതിനു മുന്‍പ് പത്നിയെ കണ്ടു. പുത്രനെയും ആലിംഗനം ചെയ്തു. അവിടുന്ന് സ്ഥിരചിത്തനായി ദൃഢനിശ്ചയത്തോടെ പ്രതാപദുര്ഗത്തിലേക്ക് യാത്രതിരിച്ചു.
അഫ്സല് ഖാന്റെ ആത്മവിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. തനിക്കനുകൂലമായ സ്ഥാനത്ത് ശിവാജിയെ കൊണ്ടുവരാന്‍ സാധിച്ചില്ല. 1659 ലെ ജൂലൈ മാസമായിരുന്നു അത്. മഴക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു. പശ്ചിമഘട്ടത്തിന്റെ നിബിഡവനത്തില്‍ സൈന്യസമേതം പ്രവേശിച്ച് ശിവാജിയെ പിടിക്കുക ദുഷ്കരമായ കാര്യമാണ്. എന്താണ് ചെയ്യുക? സന്ധിചെയ്യാനെന്ന പേരില്‍ ശിവാജിയെ വിളിക്കണം. ശിവാജി അംഗീകരിക്കുകയാണെങ്കില്‍ കാര്യം സാധിക്കാം. ഉലിയാബീഗം പഠിപ്പിച്ച സമരസൂത്രം നടപ്പിലക്കാം-ചതിച്ചു കൊല്ലാം.
ശിവാജി പ്രതാപഗഡില്‍ എത്തി. അഫ്ല്ഖാന്റെ വിപുല സൈന്യത്തിന്റെ തയ്യാറെടുപ്പുകളുടെ വാര്‍ത്ത പ്രതിദിനം ശിവാജിയുടെ ചെവിയില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. സ്വരാജ്യത്തിന്റെ അനേകം കോട്ടകള്‍ പിടിച്ചെടുത്ത് അത് നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു ഖാന്. അപ്പോഴാണ് ആ ദാരുണ സംഭവം നടന്നത്. 1659 സെപ്തംബറില്‍ ശിവാജിയുടെ ധര്മപത്നി സയീബായി അന്തരിച്ചു. ക്ഷയരോഗഗ്രസ്തയായിരുന്നു സയിബായി. പത്നിയുടെ ദേഹവിയോഗം അറിഞ്ഞെങ്കിലും രാജഗഡില്‍ പോകാനോ പത്നിയുടെ ദേഹവിയോഗത്തില്‍ ദുഃഖിച്ചിരിക്കാനോ ഉള്ള അവസരമായിരുന്നില്ല അത്. സ്വരാജ്യത്തിനേറ്റ പ്രതിസന്ധി പരിഹരിക്കുകയെന്നതിനായിരുന്നു ശിവാജി പ്രാധാന്യം നല്‍കിയത്.
മാവളിവീരന്മാര്‍ ഓരോരുത്തരായി സ്വരാജ്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ പ്രതാപഗഡിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. തുളജാപൂരിലെ ഭവാനീദേവിയുടെ വിഗ്രഹം തകര്‍ത്തവരോട്, പണ്ഡരപൂരിലെ വിഠോബായുടെ ക്ഷേത്രം തകര്‍ത്തവരോട്, കോലാപൂരിലെ വിധ്വംസന പ്രവര്‍ത്തനങ്ങള്‍ നടത്തിയവരോട് പ്രതികാരം ചെയ്യാന്‍, തകര്‍ന്ന ക്ഷേത്രങ്ങളും തീകൊളുത്തപ്പെട്ട ഗ്രാമങ്ങളും, മാനഹാനിയും ജീവഹാനിയും വന്ന അമ്മ പെങ്ങന്മാര് അവരുടെ ആര്ത്തനാദത്തിന് പകരം വീട്ടാന്‍, തങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി, ശത്രുപ്പടയെ തകര്‍ക്കാന്‍ കടിബന്ധരായാണ് യുവസൈനികര്‍ പ്രതാപഗഡില്‍ വന്നുകൊണ്ടിരുന്നത്.
പൊട്ടിത്തെറിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന അഗ്നിപര്‍വതംപോലെ, ശിവാജിയുടെ ആജ്ഞയ്ക്ക് വേണ്ടി കാതോര്‍ത്തിരിക്കുകയായിരുന്നു യുവസൈനികര്‍. അപ്പോഴതാ കാന്ഹോജി തന്റെ അഞ്ച് പുത്രന്മാരും പന്ത്രണ്ട് മാവള പ്രാന്തപ്രമുഖന്മാരോടും കൂടെ പ്രതാപഗഡില്‍ എത്തി സ്വരാജ്യ സൈനികരോടൊപ്പം ചേര്‍ന്നു. ശിവാജിയുടെ രഹസ്യാന്വേഷണ വ്യവസ്ഥ അത്യദ്ഭുതകരമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വായി നഗരത്തില്‍ അഫ്സല്‍ഖാന്‍ എത്തുന്നതിനു മുന്‍പ് തന്നെ സ്വരാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം അവിടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു. അഫ്സല്‍ഖാന്റെ ദൂതനായി കൃഷ്ണാജി പന്ത് ഭാസ്കര്‍ ശിവാജിയെ കാണാന്‍ പ്രതാപഗഡിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത അവര്‍ ശിവാജിക്കയച്ചു. വാര്‍ത്ത ലഭിച്ച് പ്രതാപഗഡില്‍ എല്ലാവര്ക്കും കൗതുകവും ശങ്കയും ഉണ്ടായി. കൃഷ്ണാജി ഭാസ്കറെ എങ്ങനെ സ്വാഗതം ചെയ്യണം എന്നവര്‍ ചര്‍ച്ച ചെയ്തുറച്ചു. വിചാരിച്ചതുപോലെ കൃഷ്ണാജിപന്ത് കോട്ടയുടെ മുകളിലെത്തി. വളരെയധികം ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചു. മിത്ര രാജ്യത്തിന്റെ രാജദൂതനെപ്പോലെ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ താമസവ്യവസ്ഥ ചെയ്തു. വിശ്രമിച്ചു കഴിഞ്ഞതിനുശേഷം കൃഷ്ണാജി പന്ത് ഭാസ്കര്‍, ശിവാജിയെ കാണാന്‍ പോയി.
കൃഷ്ണാജീപന്ത് അഫ്സല്‍ഖാന്റെ സന്ദേശം ശിവാജിയുടെ മുന്നിലവതരിപ്പിച്ചു. അഫ്സല്‍ഖാന്‍ വായി നഗരത്തില്‍ വന്നിട്ടുണ്ട്. താങ്കളുടെ പിതാവ് ശഹാജിയുമായി അഫ്സല്‍ഖാന്റെ സുഹൃദ്ബന്ധം വളരെക്കാലങ്ങളായിട്ടുള്ളതാണ്. അവരുടെ പരസ്പരബന്ധം ഉത്തമമാണ്. അതുകൊണ്ട് ഖാന്റെ വിഷയത്തില്‍ തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. താങ്കളുടെ കോട്ടകളെല്ലാം താങ്കള്‍ക്കു തന്നെ തരാം. താങ്കള്‍ ഉടനെ വായിനഗരത്തില് വന്ന് സൗഹാര്‍ദ്ദത്തിന്റെ ശുഭസൂചകമായി ഖാനെ കാണണം. ഖാന് സ്നേഹപൂര്‍വം കൊടുത്തയച്ച മധുര പലഹാരങ്ങള്‍ അവിടെ എല്ലാവര്ക്കും വിതരണം ചെയ്തു.
അഫ്സല് ഖാന് എഴുതിയ പത്രം കൃഷ്ണാജി പന്ത് ശിവാജിക്ക് കൊടുത്തു. പത്രത്തിന് മറുപടി നാളെ തരാം എന്നു പറഞ്ഞ് കൃഷ്ണാജിപന്തിനെ ആദരപൂര്‍വം താമസസ്ഥലത്തേയ്ക്കയച്ചു. അതിനുശേഷം കോട്ടയിലെ എല്ലാ പ്രമുഖ അധികാരിമാരും രാജനീതിജ്ഞന്മാരും ഒരുമിച്ചു കൂടി. അവിടെ ഖാന്റെ പത്രം വായിച്ചു. എന്നാല്‍ പത്രത്തിലെഴുതിയത് കൃഷ്ണാജി പറഞ്ഞതില്‍നിന്ന് തികച്ചും ഭിന്നമായിരുന്നു.
പത്രത്തില്‍ എഴുതിയിരിക്കുന്നു-പ്രതിദിനം താങ്കളുടെ ഉപദ്രവം വര്‍ധിച്ചുവരികയാണ്. താങ്കള്‍ ആരേയും കൂട്ടാക്കാത്ത അഹങ്കാരിയായി ആക്രമണം നടത്തിവരികയാണ്. എല്ലാ ദിവസവും കോട്ടകള്‍ കീഴടക്കുന്നു. സ്വതന്ത്ര രാജാവിനെപ്പോലെ കൊടിയും കുടയുമായി സഞ്ചരിക്കുന്നു. താങ്കളെ നിയന്ത്രിക്കാന്‍ ബീജാപ്പൂര്‍ ബാദുഷ വലിയ സൈന്യവുമായി എന്നെ നിയോഗിച്ചിരിക്കയാണ്. എന്റെ സൈന്യാധിപന്മാരെല്ലാം താങ്കളെ ഉന്മൂലനം ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് താങ്കള്‍ സ്വയം വന്ന് എല്ലാ ദുര്‍ഗങ്ങളും ജാവളി സഹിതം എല്ലാ പ്രദേശങ്ങളും സമര്‍പ്പിക്കുക എന്ന് ഞാന്‍ ആജ്ഞാപിക്കുന്നു.
അഫ്സല്‍ഖാന്റെ പത്രത്തിന്റെ താല്‍പ്പര്യവും ശിവാജിക്ക് പെട്ടെന്നു തന്നെ മനസ്സിലായി. കോട്ടകളും പ്രദേശങ്ങളുമാണ് വേണ്ടതെങ്കില്‍ അഫ്സല് ഖാന് യുദ്ധം ചെയ്യുമായിരുന്നു. എന്നാല്‍ ഞാനുമായുള്ള കൂടിക്കാഴ്ചയാണ് ഖാന് ആഗ്രഹിക്കുന്നത്. അതിനായാണ് സ്നേഹം പ്രദര്‍ശിപ്പിക്കുന്നത്. ഖാന് കോട്ടകളും ഭൂപ്രദേശവുമല്ല വേണ്ടത്. ശിവാജിയെയാണ് വേണ്ടത് എന്നവര്‍ക്ക് മനസ്സിലായി.
ശിവാജി തന്റെ രാജദൂതനെ തിരഞ്ഞെടുത്തു. കൂടനീതിജ്ഞനും വിശ്വാസാര്ഹനും ചതുരനുമായ ഗോപിനാഥ പന്തായിരുന്നു ശിവാജിയുടെ രാജദൂതന്‍. എഴുപതുവയസ്സുകാരനായ ഇദ്ദേഹത്തിന്റെ രോമങ്ങള്‍ പോലും രാജ്യതന്ത്രംകൊണ്ട് നരച്ചിരുന്നു. ഖാനുമായി എന്താണ് സംസാരിക്കേണ്ടതെന്ന് ശിവാജി ഇദ്ദേഹത്തോട് സൂചിപ്പിച്ചു.
ഖാന്റെ പ്രതിനിധിയായ കൃഷ്ണാജി ഭാസ്കറിനോട് വിനയത്തോടെ പ്രണമിച്ചുകൊണ്ട് ശിവാജി പറഞ്ഞു. വായിയില്‍ വരാന്‍ എനിക്ക് ഭയമാണ്. അതുകൊണ്ട് ഖാന് സാഹബ് ജാവളിയില്‍ വന്ന് എനിക്ക് അഭയം തരണം. ഞാന്‍ ജാവളി ദുര്‍ഗം ഉള്‍പ്പെടെ എല്ലാ ദുര്‍ഗങ്ങളും ഭൂപ്രദേശങ്ങളും ധനവും അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ തയ്യാറാണ്. പിതൃതുല്യനായ ഖാന് സാഹേബ് എനിക്ക് ദര്‍ശനം തരണമെന്നപേക്ഷിക്കുന്നു.
കൃഷ്ണാജി ശിവാജിയെ വായിയില്‍ കൊണ്ടുപോകാന്‍ പണിപതിനെട്ടും നടത്തിനോക്കി. എന്നാല്‍ ശിവാജി, അവിടെ വരാന്‍ എനിക്ക് ഭയമാണ്. എന്ന് ഒരേ സ്വരത്തില്‍ പറഞ്ഞുകൊണ്ടായിരുന്നു. ഇതുവരെ ഞാന്‍ വളരെയധികം തെറ്റുകള്‍ ചെയ്തിട്ടുണ്ട്, അതുകൊണ്ട് ഖാന് സാഹേബ് ഇവിടേക്കെഴുന്നള്ളി. എന്റെ കൈപിടിച്ച് ബാദുഷയുടെ മുന്പില് ഹാജരാക്കട്ടെ. ശിവാജി പറയുന്നത് ശരിയായിരിക്കും എന്നു കൃഷ്ണാജിപന്തും കരുതി. ശിവാജി കൃഷ്ണാജിക്ക് അനേകം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കി അയച്ചു. കൃഷ്ണാജി പന്ത് ഭാസ്കരയുടെ കൂടെ ഗോപിനാഥ പന്തിനേയും അയച്ചു. ഖാന് നല്‍കാനായി ബഹുമൂല്യ ഉത്കൃഷ്ട വസ്തുക്കളും കൊടുത്തയച്ചു. ഒപ്പം ഒരു പത്രവും.
പുറപ്പെടുന്നതിനു മുന്‍പ് ഗോപിനാഥ പന്തിനെ വിളിച്ചു ശിവാജി പറഞ്ഞു. ഏതെങ്കിലും ഉപായത്തില്‍ ഖാനെ ജാവളിയില്‍ കൊണ്ടുവരണം. എങ്ങനെയങ്കിലുമത് ഖാനെക്കൊണ്ട് സമ്മതിപ്പിക്കണം. എന്നെ സംബന്ധിച്ച ഖാന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിവരണം.
രണ്ടു ദൂതന്മാരും പ്രതാപഗഡ് ദുര്‍ഗത്തില്‍ നിന്നിറങ്ങി വായി നഗരത്തില്‍ എത്തി. ഗോപിനാഥപന്ത് ഖാന്റെ സൈനിക വിന്യാസം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിശാലവും ദൃഢവും ആയിരുന്നു സൈന്യം. ഗോപിനാഥപന്ത് ഖാന്റെ സൈന്യത്തോടൊപ്പം സ്വരാജ്യത്തിന്റെ അര്‍ദ്ധനഗ്നരായ മാവളി സൈന്യത്തെ തുലനം ചെയ്തു. അദ്ദേഹത്തിന്റെ ഹൃദയം ദ്രവിച്ചുപോയി. സ്വരാജ്യത്തെ ചുറ്റിനില്ക്കുന്ന ഘോരവിപത്തിനെ കണ്ട് മനസ്സ് വ്യാകുലപ്പെട്ടു.
പരമ്പരപൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
Click Here: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: