കോഴിക്കോട്: ഹിന്ദുസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന കോഴിക്കോട് കോര്പ്പറേഷന് ഭരണാധികാരികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന ഉപാദ്ധ്യക്ഷനും ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിംഗ് പ്രസിഡണ്ടുമായ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി സാമുദായിക ഹൈന്ദവ നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാരസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവൂര്‍ റോഡ് ശ്മശാനത്തില്‍ ആചാരത്തിന് പ്രാധാന്യം നല്‍കിയുള്ള ശവസംസ്കാരം നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഹിന്ദുസംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതു കേള്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം. അതിനായി സാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും യോഗക്ഷേമസഭയുടെ പൂര്‍ണ പിന്തുണ സമരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ പുത്തൂര്‍മഠം അദ്ധ്യക്ഷനായി. പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. രാജാമണി മുഖ്യപ്രഭാഷണം നടത്തി. പിഎസ്എസ് ബ്ലോക്ക് സെക്രട്ടറി ദിതേഷ് കുന്ദമംഗലം, യോഗക്ഷേമസഭ സംസ്ഥാന സമിതി അംഗം കൊല്ലോറ്റ കൃഷ്ണന് നമ്പൂതിരി, സതീഷ് മലപ്രം, പി.കെ.പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു.
നിരാഹാരമിരിക്കുന്ന പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന വൈസ് ചെയര്മാന് ചെലവൂര്‍ ഹരിദാസ് പണിക്കര്‍, മാറാട് അരയസമാജം വക്താവ് ടി. മുരുകേശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് മലപ്രം, കോഴിക്കോട് താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. ഷാജി എന്നിവരെ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി ഹാരാര്‍പ്പണം നടത്തി. ഭാരതീയ സാംസ്കൃതി സുരക്ഷാ ഫൗണ്ടേഷന് സംസ്ഥാന സമിതി അംഗം കെ.ടി. വീരജ് സംസാരിച്ചു. സമാപനസഭയില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി.എന്‍. ബിനേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സുബീഷ് ഇല്ലത്ത്, വിനോദ് കരുവിശ്ശേരി, ലാലു മാനാരി എന്നിവര്‍ സംസാരിച്ചു. 28ന് നടക്കുന്ന നിരാഹാരസമരം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: