ന്യൂദല്‍ഹി: ചൈനീസ് ഭീഷണി യോജിച്ച് നേരിടാന്‍ ഇന്ത്യയും യുഎസും തീരുമാനിച്ചതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും പോംപിയോ പറഞ്ഞു. പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തി, ഉപഗ്രഹങ്ങളില്‍ നിന്നുള്ള രഹസ്യ വിവരങ്ങളുടെ കൈമാറ്റം അടക്കമുള്ള നിര്‍ണായക കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. രണ്ടുദിവസമായി ദല്‍ഹിയില്‍ തുടരുന്ന 2+2 ഉച്ചകോടിയിലാണ് ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്ക് എസ്പറും മടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശംസകള്‍ പ്രധാനമന്ത്രി മോദിക്ക് കൈമാറിയതായി പോംപിയോ അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യുഎസ് സര്‍ക്കാരിന്റെ താല്‍പ്പര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും പോംപിയോ പറഞ്ഞു.
മൂന്നാമത് 2+2 ഉച്ചകോടി ഫലപ്രദമായി പര്യവസാനിച്ചതില്‍ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. അമേരിക്കയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന് ബഹുതല മേഖലകളിലുണ്ടായ വളര്‍ച്ചയില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ശക്തമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പങ്കുവെക്കപ്പെട്ട മൂല്യങ്ങളും ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധവും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.
ബേസിക് എക്സ്ചേഞ്ച് ആന്‍ഡ് കോര്പ്പറേഷന് എഗ്രിമെന്റ്(ബിഇസിഎ)യില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുഎസ് സൈനിക ഉപകരണങ്ങളില്‍ നിന്നുള്ള സൂക്ഷ്മ ഡേറ്റകളും തത്സമയ ഉപഗ്രഹ ചിത്രങ്ങളും ഇന്ത്യന്‍ സൈന്യത്തിന് കൈമാറുന്നതാണ് പ്രധാന കരാര്‍. പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ തീരുമാനമായത്.
ബിഇസിഎ കരാര്‍ ഏറെ നിര്‍ണായക നീക്കമെന്നാണ് രാജ്നാഥ്സിങ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്. പ്രതിരോധ ഉപകരണങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ഇന്ത്യ-പസഫിക് മേഖലയിലെ സമാധാനത്തിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: