ഇടുക്കി: തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്ന് വൈകിയ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എന്ന തുലാമഴ28ന് സംസ്ഥാനത്ത് എത്തും. ഇന്ന് മുതല്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത.
ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ തന്നെ പുറത്ത് വന്നെങ്കിലും ഒരേ ദിവസം തന്നെ കാലവര്‍ഷം മാറി തുലാമഴയെത്തുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം സ്ഥിരീകരിച്ചു. അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ഒരേ ദിവസം തന്നെ രണ്ട് കാര്യങ്ങളും സംഭവിക്കുന്നത്.
തുലാമഴയുടെ ഭാഗമായി അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു. വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെയും യെല്ലോ അലേര്‍ട്ടുണ്ട്. ഈ കാലയളവില്‍ കൂടുതലും മഴ ലഭിക്കുക ഉച്ചതിരിഞ്ഞും രാത്രിയിലുമാകും.
ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകള്‍ കൂടുതല്‍ മിന്നല്‍ സാധ്യതയുള്ള മേഖലകളാണ്.
അടുത്തമാസം ആദ്യം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനുള്ള സാധ്യതയും നിലവിലുണ്ട്. ഇത് തുലാമഴക്ക് ചെറിയ ഇടവേള നല്‍കുമെങ്കിലും പിന്നീട് മഴ ശക്തമാകാനാണ് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യതയും ഈ സീസണില്‍ ഏറെയാണ്.
അതേ സമയം അന്തരീക്ഷം തെളിഞ്ഞതോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി പകല്‍ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയില്‍ തണുപ്പും ഗണ്യമായി കൂടിയിട്ടുണ്ട്. പകല്‍ സമയത്ത് 31-34 ഡിഗ്രി വരെയും രാത്രിയില്‍ 22-25 ഡിഗ്രിവരെയുമാണ് സംസ്ഥാനത്തെ ശരാശരി താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: