കോഴിക്കോട് : മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം എപി വിഭാഗം. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്ത് ശതമാനം സംവരണം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എപി വിഭാഗം മുസ്ലിങ്ങളുടെ മുഖപത്രമായ സിറാജിലൂടെയാണ് ഇത്തരത്തില്‍ കുറപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയാണ് കാന്തപുരം എപി വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിലും കാന്തപുരം എപി വിഭാഗത്തിന്റെ ഈ നിലപാട് ഇടത് പക്ഷത്തിന് ഏറെ തലവേദനയുണ്ടാക്കുന്നതാണ്. രാഷ്ട്രീയലക്ഷ്യത്തോടെ വന്‍ചതിയാണ് സംവരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നടപടികളിലൂടെ സംവരണവിഭാഗങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് ഇപ്പോള്‍ സംവരണം നടപ്പിലാക്കിയത്. മുന്നാക്ക സംവരണത്തില്‍ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങള്‍ക്ക് തന്നെയാണെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും തിങ്കളാഴ്ച സിറാജില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലും ചൂണ്ടിക്കാണിച്ചിരുന്നു. അതിനു പിന്നാലെയാണ് മുഖപത്രത്തിലൂടേയും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
മുന്നാക്ക സംവരണം സവര്‍ണ താല്പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെയും നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: