കൊച്ചി: ‘കാരാട്ട് ഫൈസ’ലും ‘കാരാട്ട് റസാഖും’ രണ്ടു വ്യക്തികളാണെങ്കിലും ഇടപാടുകളില്‍ ഒറ്റയാളാണെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരിക്കുന്ന തെളിവുകള്‍. കാരാട്ടിന്റെ ബിനാമി ഇടപാടുകളില്‍ മറ്റു ചില വമ്പന്മാര്ക്കും പങ്കുണ്ട്. കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് കാരാട്ട് ഫൈസല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ വാര്‍ത്ത ‘ജന്മഭൂമി’ ഒക്ടോബര്‍ നാലിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കസ്റ്റംസ് അധികൃതര്‍ ഒക്ടോബര്‍ ഒന്നിന് കസ്റ്റഡിയിലിലെടുത്ത് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ മൊഴികളില്‍നിന്ന് വ്യക്തമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ ആധികാരികതയായി മാറുകയായിരുന്നു സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്കിയ മൊഴി. കസ്റ്റംസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഈ വിവരങ്ങള്‍ വ്യക്തമാണ്.
ഫൈസലും റസാഖും കാരാട്ടെന്ന പേരുപയോഗിച്ച് ആള്‍മാറാട്ടത്തിന് സമാനമായ ‘കുമ്പിടി’ കളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കാരാട്ട് ഫൈസല്‍ നഗരസഭാംഗമാണ്, കാരാട്ട് റസാഖ് നിയമസഭാംഗമാണ്. കാരാട്ടെന്ന പേരും ജനപ്രതിനിധിയെന്ന പൊതു പേരും ഇവര്‍ക്ക് ഇടപാടുകളില്‍ തുണയായിട്ടുണ്ട്. ‘അതു ഞാനല്ല, മറ്റേയാളെന്ന’ വിശദീകരണം പലയിടങ്ങളിലും ഇവര്‍ വിനിയോഗിച്ചിട്ടുമുണ്ട്. എംഎല്‍എയുടെ പരിവേഷവും പരിഗണനയും ചിലയിടങ്ങളില്‍ ഫൈസല്‍ നേടിയിട്ടുണ്ട്. ഇത് റസാഖിന്റെ അറിവോടെയെന്നാണ് ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമില്ലെന്നും പേരിലെ സാമ്യം വച്ച് ചിലര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും റസാഖ് കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍നിന്ന് സിപിഎമ്മിലെത്തിയപ്പോള്‍ പാര്‍ട്ടിവച്ച ഉപാധികളിലൊന്ന് സ്വര്‍ണക്കച്ചവടമുള്‍പ്പെടെയുള്ള ബിസിനസുകള്‍ നിര്‍ത്തണമെന്നായിരുന്നു. എന്നാല്‍ അതിന് തയാറല്ലെന്നു വന്നപ്പോള്‍ സ്ഥാപനങ്ങളുടെ ‘ബിനാമി’ നടത്തിപ്പ് ശുപാര്‍ശ ചെയ്തത് സിപിഎമ്മിലെതന്നെ ചില ഉന്നതരാണ്. അങ്ങനെ സ്വന്തം വിശ്വസ്തരേയും പാര്‍ട്ടിയുടെ വിശ്വസ്തരേയും റസാഖ് ഇടപാട് സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെ റസാഖിന്റെ വിശ്വസ്തനായി കാരാട്ട് ഫൈസല്‍ വരികയായിരുന്നു. പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള ബിനാമികളില്‍ പ്രാദേശികരായ ചില പ്രമുഖരുണ്ട്. കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരിയും കാരാട്ടിന്റെ കൈയാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
പത്തു വര്‍ഷത്തോളമായി കാരാട്ട് ഫൈസലിന് വിവിധ സ്വര്‍ണക്കടത്തിടപാടുകളില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ള സ്വര്‍ണക്കടത്തിടപാടില്‍ പ്രതി കെ.ടി. റമീസ് വിവിധ അന്വേഷണ ഏജന്‍സികളോട് കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്തിടപാടിന് ഫൈസല്‍ 10 കോടി രൂപ നല്‍കിയിരുന്നു. ഈ പണവും റസാഖിന്റേതാണ്. കസ്റ്റംസ് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ പിറകേ ഉണ്ടെന്ന് മനസിലാക്കിയ ‘കാരാട്ടുമാര്‍’ രക്ഷപ്പെടാന്‍ തയാറാക്കിയ ഡീല്‍ തെറ്റി. പിടികൊടുക്കാമെന്നും പിടിച്ചാല്‍ റസാഖിന്റെയോ മറ്റ് ബിനാമി നേതാക്കളുടെയോ പേര് പറയില്ലെന്നും ഫൈസല്‍ ഉറപ്പുകൊടുത്തു. പക്ഷേ, ബിനാമി സ്വത്തുകളില്‍ ചിലതിലുള്ള അവകാശം പറയരുതെന്ന് ഫൈസല്‍ വ്യവസ്ഥ വച്ചു. ഇതിനു തയാറാകാതെ വന്നപ്പോള്‍ ഒത്തുതീര്‍പ്പിനാണ് ഫൈസല്‍ തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ട് ഉപദേശം സ്വീകരിച്ചത്. ഈ വിഷയത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് പലവട്ടം ഇടപെട്ടെങ്കിലും ഫലിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: