കമ്മ്യൂണിസ്റ്റ് ഭരണകൂടവും പാര്‍ട്ടിയും നീതിയ്ക്ക് കൂച്ചുവിലങ്ങ് അണിയിച്ച ക്രൂരതയാണ് വാളയാര്‍ ഇരട്ടകൊലപാതകം. പെണ്‍കുട്ടികളെന്നുപോലും പറയാന്‍ കഴിയാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ കൊലപാതകികളെ രക്ഷപെടുത്തുവാന്‍ പിണറായി ഭരണം ഒരുക്കിയ പദ്ധതികള്‍ സമാനതകളില്ലാത്തതാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലായിരുന്നു അവര്‍. ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ചത് പ്രതികള്‍ക്കെതിരെ കുറ്റപത്രമായിരുന്നില്ല. സംരക്ഷണപത്രമായിരുന്നു. പ്രോസിക്യൂഷനും പോലീസും കേസില്‍ ഒത്തുകളിച്ചു. അതുകൊണ്ടുതന്നെ പ്രതിചേര്‍ക്കപ്പെട്ട സിപിഎം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെല്ലാം ശിക്ഷ ഏല്‍ക്കേണ്ടി വന്നില്ല. 2019 ഒക്ടോബര്‍ 25 നാണ് ഇവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള പാലക്കാട് പോക്സോ കോടതിവിധി വന്നത്. ഇതിനു ശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച മാതാപിതാക്കള്‍ക്ക് ചില ഉറപ്പുകള്‍ അദ്ദേഹം നല്‍കിയിരുന്നു. അവയെല്ലാം പതിവുപോലെ ജലരേഖകള്‍ മാത്രമായിമാറി. ഇതേ തുടര്‍ന്ന് നീതി നിഷേധത്തിനെതിരെ പെണ്‍കുട്ടികളുടെ മാതാവ് നീതിതേടി സ്വന്തം വീട്ടുമുറ്റത്ത് സത്യാഗ്രഹം അനുഷ്ഠിച്ച് വരികെയാണ്. കുറ്റക്കാരായ പ്രതികളെ രക്ഷപെടുവാന്‍ അനുവദിക്കരുതെന്ന് ആ അമ്മ മുഖ്യമന്ത്രിയുടെ കാല്ക്കല് വീണ് അപേക്ഷിച്ചിരുന്നു. കൊലപാതകികള്‍ തന്റെ മക്കളെ കൊന്നു കെട്ടിത്തൂക്കിയ ഓല പുലരിയില്‍ തിരി തെളിച്ചാണ് ദളിത് കുടുംബാംഗമായ അമ്മ സമരം ആരംഭിച്ചത് . നീതിക്കുവേണ്ടി തെരുവില്‍ കിടന്ന് മരിക്കാനും
തയ്യാറാണെന്ന് ആ അമ്മ പറയുന്നു. ഇത് കാണുവാന്‍ മനുഷ്യത്വം മരവിച്ച കമ്മ്യൂണിസ്റ്റ് ഭരണത്തിന് കഴിയുന്നില്ല എന്നത് സ്വാഭാവികം മാത്രം. ഈ സന്ദര്‍ഭത്തില്‍ മാതാപിതാക്കള്‍ നല്കുന്ന വിവരങ്ങള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്വന്തം മക്കളെ പീഡിപ്പിച്ചു എന്ന കുറ്റം ഏറ്റെടുക്കണം എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി തന്നെ നിര്‍ബന്ധിച്ചിരുന്നു എന്ന പിതാവിന്റെ വെളിപ്പെടുത്തല്‍ കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. ഇതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിനുശേഷം കുട്ടികളുടെ മൃതശരീരങ്ങള്‍ തങ്ങളെ കാണിക്കാതെ കഞ്ചിക്കോട്ട് ശ്മശാനത്തില്‍ കൊണ്ടുപോകുകയാണെന്ന വ്യാജേന എവിടേക്കാണ് കൊണ്ടുപോയി കത്തിച്ചത് എന്ന് തങ്ങള്‍ക്ക് അറിയില്ല. അതോ അവ എവിടെയെങ്കിലും ഒഴുക്കി കളഞ്ഞതാണോ? എന്നുള്ള മാതാവിന്റെ വെളിപ്പെടുത്തലും ഞെട്ടല്‍ ഉളവാക്കുന്നതാണ്.
വാളയാര്‍, അട്ടപ്പള്ളം ശെല്‍വപുരത്തെ വീട്ടില്‍ 2017 ജനുവരി 13 ന് 13 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തന്റെ സഹോദരിയെ കൊന്ന് കെട്ടിത്തൂക്കിയതിന് ദൃക്സാക്ഷിയായ ഒന്‍പതു വയസ്സുള്ള ഇളയ കുട്ടിയേയും 52 ദിവസത്തിനുശേഷം മാര്‍ച്ച് 4 ന് ഇതേ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.
സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ രക്ഷപ്പെടുത്തുവാന്‍ സമാനതകളില്ലാത്ത പഴുതുകളാണ്. ഭരണകൂടം കുറ്റപത്രത്തില്‍ ഒരുക്കിയത്. രണ്ട് സംഭവത്തിന്റേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് നല്കി. പ്രസ്തുത റിപ്പോര്‍ട്ടുകളുടെ നമ്പര്‍ തെറ്റായിട്ടാണ് കോടതിയില്‍ നല്‍കിയത്. രണ്ടു കുട്ടികളെയും കൊല്ലുന്നത് കണ്ടു എന്ന് പറഞ്ഞ ആളിനെ വിസ്തരിക്കുവാന്‍ കൂട്ടാക്കിയില്ല. ഇന്‍ക്വസ്റ്റില്‍ തെളിവുകള്‍ പൂര്‍ണ്ണമായ നശിപ്പിച്ചു. സംഭവദിവസം പ്രധാനപ്രതി ചേര്‍ത്തലയില്‍ ഉണ്ടായിരുന്നു എന്ന് പോലീസിനെ ഉപയോഗിച്ച് വ്യാജരേഖ ചമച്ചു. ഇവയൊക്കെ നിയമത്തേയും നീതി വ്യവസ്ഥകളെയും അന്വേഷണത്തേയും സ്വന്തക്കാര്‍ക്കുവേണ്ടി അട്ടിമറിക്കുവാന്‍ സി.പി.
എം-നു കഴിയും എന്നതിന് തെളിവാണ്. പുനഃരന്വേഷണവും പുനര്‍വിചാരണവും നടത്തേണ്ട സംഭവത്തില്‍ കുറ്റക്കാരായ ഉദ്ദ്യോഗസ്ഥന്മാര്ക്കെതിരെ മെമ്മോ പോലും നല്കുവാന് പിണറായി തയ്യാറായില്ല. കേരളത്തില്‍ ഏറ്റവുമധികം ദളിത് വിഭാഗങ്ങള്‍ താമസിച്ചു വരുന്ന പ്രദേശത്താണ് ഈ സംഭവം നടന്നത്. ഇത് വി.എസ് അച്യുതാനന്ദന്റെ നിയോജകമണ്ഡലം കൂടിയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷകരായി രംഗത്തുവന്നവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ല. കാപട്യത്തിന്റെയും ക്രൂരതയുടെയും പര്യായമാണ് സി.പി.എം എന്നത് ഈ സംഭവത്തിലൂടെ വീണ്ടും വെളിവായിരിക്കുകയാണ്.
ഹത്രാസ് സംഭവത്തെത്തുടര്‍ന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം സി.ബി.ഐ യെ ഏല്പിച്ചിരുന്നു. യോഗി കാണിച്ച മാന്യതയുടെ നൂറില്‍ ഒരംശം പിണറായി കാണിച്ചില്ലെന്നുള്ള വാളയാര്‍ സമരസമിതിയുടെ അഭിപ്രായം മുഖ്യനെ കരിവാരിതേക്കുവാനുള്ളതല്ല തികച്ചും യഥാര്‍ത്ഥമാണ്. മാതാപിതാക്കളെ പഴിച്ചുകൊണ്ട് മന്ത്രി ബാലന് നടത്തിയ പ്രതികരണം ധാര്‍ഷ്ഠ്യത്തിന്റേയും ധിക്കാരത്തിന്റേയും പ്രതിരൂപത്തിന്റേതായി മാത്രമേ കണക്കാക്കാന്‍ ശാധിക്കൂ. മൂന്നാം പ്രതിയായ സി.പി.എം പ്രവര്‍ത്തകനുവേണ്ടി ഹാജരായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍കൂടിയായ പാര്‍ട്ടി നേതാവിനെ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനാക്കി. കേസ് നിര്‍വ്വീര്യമാക്കിയ പോലീസ് ഉദ്യോഗസ്ഥനെ എസ്.പി ആക്കി ഐ.പി.എസ് ശുപാര്‍ശ ചെയ്തു. എന്തിനേയും തങ്ങള്‍ക്ക് വിലയ്ക്കെടുക്കാനാകും എന്ന സിപിഎം നിലപാടിനെ വ്യക്തമാക്കുന്നതാണ്.കേരളത്തിന് പുറത്ത് ഏതെങ്കിലും സംഭവമുണ്ടായാല്‍ മുറവിളി കൂട്ടുന്ന ബുദ്ധിജീവികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും, സ്ത്രീ സംരക്ഷകരും, സാംസ്കാരിക നായകന്മാരും ഈ സംഭവത്തില്‍ പുവര്‍ത്തുന്ന മൗനം കുറ്റകരമാണ്. കേരളം അധിക കാലം ഇത് പൊറുക്കില്ല.
(ലേഖകന്‍ ബി.ജെ.പി, ഓ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് )
അഡ്വ. സതീഷ് ടി.പദ്മനാഭന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: