കൊല്ലം: ‘….സിമന്റ് അടക്കമുള്ള നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവോടെ പ്രതീക്ഷകളെല്ലാം താളം തെറ്റി. 18 ലക്ഷം രൂപ ലോണെടുത്താണ് ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ആറുലക്ഷം രൂപ കൂടി സംഘടിപ്പിക്കണം. എന്തൊരു ഗതികേടാണിത്….’
വീട് നിര്‍മാണം അനിശ്ചിതത്വത്തിലായ കണ്ണനല്ലൂര്‍ സ്വദേശിയുടെ വാക്കുകളാണിത്. ജില്ലയില്‍ ഇത്തരത്തില്‍ പണിതീരാതെ കിടക്കുന്നത് ഏകദേശം മൂവായിരം വീടുകളാണ്. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍മേഖലയിലാണ്. ആയൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം വീടുകളുടെ നിര്‍മാണം പാതിവഴിയിലാണ്.
നിര്‍മാണത്തിനുള്ള തുക അധികരിച്ച് പുതിയ എസ്റ്റിമേറ്റ് നല്‍കുന്നതോടെ കരാറുകാരനുമായി വഴക്കടിക്കുകയാണ് മിക്കവരും. തങ്ങളുടെ നിയന്ത്രണത്തിലല്ല നിര്‍മാണസാമഗ്രികളുടെ വിലയെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ് കരാറുകാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങള്‍ തരണം ചെയ്യുന്നതിനിടയിലാണ് കരാറുകാര്‍ക്കും വീടുവയ്ക്കുന്നവര്‍ക്കും മുന്നില്‍ ഇടിത്തീപോലെ സിമന്റ് വിലവര്‍ധന വന്നുപതിച്ചത്.
രണ്ടുമാസത്തിനിടയില്‍ സിമന്റ് വിലയില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതോടെ അനുബന്ധനിര്‍മാണ വസ്തുക്കളായ സിമന്റ് കട്ടയ്ക്ക് 37 രൂപയായി. എം സാന്റ് വില 30 ശതമാനമാണ് കൂടിയത്. ക്രഷറുകള്‍ക്ക് തോന്നുംപടിയാണ് ആഴ്ചതോറും വില കൂട്ടുന്നത്. മെറ്റലിനും പാറയ്ക്കും ക്രമാതീതമായി വില ഉയരുകയാണ്. ഇതിന് പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടം പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുകയാണെന്ന് കരാറുകാരുടെ സംഘടനകള്‍ ആരോപിക്കുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നതില്‍ തടസം
കോവിഡ് ഭീതി ജനങ്ങളില്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളെ കൂടുതലായി എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കരാറുകാര്‍.
നാട്ടില്‍നിന്നും തിരിച്ചെത്താന്‍ തയ്യാറായി നിരവധിപേര്‍ വിളിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കാവശ്യമായ താമസസൗകര്യം ഒരുക്കി നല്‍കുന്നതിന് പഴയതുപോലെ സാധിക്കില്ല. പ്രദേശവാസികളെല്ലാം കോവിഡ് ഭയത്താല്‍ അവരെ താമസിപ്പിക്കാന്‍ തടസവാദങ്ങളുയര്‍ത്തുകയാണ്. കൂടാതെ പോലീസും ആരോഗ്യവകുപ്പും പലപ്പോഴും കര്‍ശനനിലപാടുമായി ബുദ്ധിമുട്ടിക്കുന്നു. 40 ശതമാനം പേരാണ് നിര്‍മാണമേഖലയില്‍ ഇപ്പോഴുള്ള ഇതരസംസ്ഥാനക്കാര്‍. ബാക്കി വരുന്ന 60 ശതമാനം പണിക്കാരെയും മലയാളികളില്‍ നിന്നും കണ്ടെത്തുകയാണ്.
പക്ഷേ ഇതരസംസ്ഥാനക്കാരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: