ഇരിട്ടി: സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കുന്ന ആറാമത് വീടിന്റെ താക്കോല്‍ദാന കര്‍മ്മം 29 ന് നടക്കും. 29 ന് രാവിലെ 8 മണിക്ക് ആര്‍ എസ് എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി കൊറോണാ മനനദണ്ഡങ്ങള്‍ അനുസരിച്ച് ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ നടക്കുന്ന ഹ്രസ്വമായ ചടങ്ങില്‍ താക്കോല്‍ ഇരിട്ടി നരിക്കുണ്ടത്തിലെ നാലുപുരക്കല്‍ പത്മിനിക്കും കുടുംബത്തിനും കൈമാറും.
2018 പ്രളയത്തില്‍ ഇരിട്ടി മേഖലയില്‍ തകര്‍ന്ന ആറ് വീടുകളുടെ നിര്‍മ്മാണമാണ് സേവാഭാരതി ഏറ്റെടുത്തിരുന്നത്. നാട്ടുകാരും കുടുംബവും നോക്കി നില്‍ക്കെ മണ്ണിടിഞ്ഞു തകര്‍ന്നുവീണ ഇരുനില വീടിന്നുടമകളായ കരിക്കോട്ടക്കരി ഒറ്റപ്പനാല്‍ മോഹനന്‍, പത്തുവര്‍ഷം മുന്‍പ് തളര്‍വാതം വന്ന് കിടപ്പിലായ തടത്തില്‍ ബാബു, വാണിയപ്പാറയിലെ തെക്കുംപുറത്ത് കൃഷ്ണന്‍കുട്ടി, എടക്കാനത്തെ മഠത്തിനകത്ത് ബേബി, പേരട്ടയിലെ കല്ലന്‍ ലീല എന്നിവരുടെ വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി അതാതു കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കിയിരുന്നു. ഇതില്‍ ഒറ്റപ്പിനാല്‍ മോഹനന്‍, തടത്തില്‍ ബാബു, തെക്കും പുറത്ത് കൃഷ്ണന്‍ കുട്ടി എന്നീ മൂന്നുകുടുംബങ്ങളുടെ വീടിന്റെ താക്കോല്‍ദാനകര്‍മം 2019 ഫിബ്രവരിയില്‍ സുരേഷ് ഗോപി എംപി യാണ് നിര്‍വഹിച്ചത്.
സ്ഥലം കണ്ടെത്തുന്നതിലും മറ്റുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരിട്ടി നരിക്കുണ്ടത്തെ നാലുപുരക്കല്‍ പത്മിനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ താമസം വരാനിടയാക്കിയത്. ഇവര്‍ ഇരിട്ടി പ്രഗതി കോളേജിന് സമീപം വീടിനായി അടിത്തറ ഒരുക്കിക്കഴിഞ്ഞപ്പോഴാണ് 2018 ലെ പ്രളയമുണ്ടായത്. സമീപത്തെ കുന്നു മുഴുവന്‍ നിരങ്ങിവന്ന് വീടിനായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച അടിത്തറ മുഴുവന്‍ മണ്ണിനടിയിലായി. ഈ സ്ഥലം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കരുത് എന്ന അധികൃതരുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വന്നത്. ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ പഴശ്ശി പദ്ധതി റോഡിലാണ് പുതുതായി നിര്‍മ്മിച്ച വീട് സ്ഥിതി ചെയ്യുന്നത്. ഇതോടെ 2019 പ്രളയത്തില്‍ തകര്‍ന്ന ഏറ്റെടുത്ത മുഴുവന്‍ വീടുകളുടെയും പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും അതാതു കുടുംബങ്ങള്‍ക്ക് കൈമാറാനും സേവാഭാരതിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: