കല ബാഹ്യദൃഷ്ടിക്ക് ഒരു ഇരട്ടപ്പരിപ്പുസസ്യമാണ്. പ്രകൃതിയും അതിനുള്ളില്‍ അല്‍പ്പകാലം മാത്രം സ്പന്ദിക്കുന്ന ഞാന്‍ എന്ന ബോധവും. ഇതു രണ്ടു ഘടകവും അലിഞ്ഞുചേര്‍ന്ന് മൂന്നാമതൊന്നായിത്തീരലാണ് കല. ആ ഒറ്റപ്പരിപ്പു സസ്യത്തിന്റെ ആധാനമുഹൂര്ത്തത്തില് കലാകാരന് പ്രജാപതിയാണ്. ആ മുഹൂര്‍ത്തത്തില്‍ മാത്രം! അങ്ങനെയുള്ള പ്രജാപതികളുടെ സമവായമാണ് തപസ്യ. അഥവാ, അങ്ങനെ ഞാന്‍ വിചാരിക്കുന്നു.
പത്തുവര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സമവായം ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അഭൂതപൂര്വ്വകമായി വളരുകയും, അനിഷേധ്യ പ്രകാശ ഗോപുരമായി ഉയരുകയും ചെയ്തതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. ഇന്നിതിന്നു മലയാളികളുള്ള മിക്ക സങ്കേതങ്ങളിലും ശാഖകളുണ്ടല്ലോ. ഇന്ത്യ മരിച്ചിട്ടില്ല എന്ന് ഇതു തെളിയിക്കുന്നു. ഇത്ര മാര്‍മികമായ ഒരു സമവായത്തിന്റെ അധ്യക്ഷപദവി അലങ്കരിക്കാന്‍ എനിക്ക് ശക്തിയില്ലെന്നു ഞാനറിയുന്നു. ഇത്രത്തോളം ആതുരനും തണുപ്പനുമല്ലാത്ത ഒരാളെ കണ്ടുപിടിക്കാന്‍ സമയമായിരിക്കുന്നു. ഇക്കഴിഞ്ഞ ധൃതിപിടിച്ച കൊല്ലത്തിന്റെ അനുഭവത്തില്‍നിന്നാണ് എന്റെ കൂപ്പുകൈകള്‍ ഇതു പറയുന്നത്. ഇതിന്റെ വികാസത്തോടൊപ്പം ഓടിയെത്താന്‍ എനിക്ക് കഴിയാതെ വരുന്നുണ്ട് എന്നതൊരു സത്യമാണ്. ഇന്നു തപസ്യ ഒരു മഹാപ്രസ്ഥാനമത്രേ.
വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ തപസ്യ നേടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്ന പ്രഭാവത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ശരിക്കും ഞാന്‍ ഉന്മേഷഭരിതനാവുന്നു. ഇന്ത്യയുടെ മുഴുവന്‍ ആത്മോത്തേജക ശക്തിയായിട്ടാണ് ഇതു വളരാന്‍ പോകുന്നത്. ഇപ്പോള്‍ത്തന്നെ കേരളത്തിനു പുറത്ത് പല സ്ഥലത്തും പ്രവര്ത്തനമായിക്കഴിഞ്ഞ ‘സംസ്കാര്‍ ഭാരതി’ ചൂണ്ടിക്കാണിക്കുന്നത് മറ്റെന്താണ്? ഇന്നുവരെ ഉണ്ടായ മറ്റെല്ലാ പ്രസ്ഥാനങ്ങളില്‍നിന്നും ഭിന്നമായ തപസ്യ എന്ന സമവായത്തിന്റെ നാഡിബലമാണ് അതില്‍നിന്നു മനസ്സിലാക്കേണ്ടത്?
സ്വന്തം ജ്ഞാനത്തിന്റെ അപൂര്‍ണതയെക്കുറിച്ചുള്ള ബോധം നമ്മെ അഹന്തയില്‍നിന്ന് അകറ്റിനിര്‍ത്തുന്നു, ജിജ്ഞാസുക്കളാക്കി മാറ്റുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് വരുന്ന ഏത് അറിവിനെയും വിവേകപൂര്‍വം പരിശോധിക്കാനുള്ള വിനയം നല്കിയിരിക്കുന്നു. നമുക്കൊരു കുറവേയുള്ളൂ. എങ്കിലും അതു നാം കാണാതിരുന്നുകൂടാ. നൂറ്റാണ്ടുകളോളം നാം ഉറങ്ങിപ്പോയി. ഒരുപക്ഷേ, ശ്രീശങ്കരന്നുശേഷമുള്ള പതിനൊന്നു നൂറ്റാണ്ടുകാലം നാം ഉറങ്ങുകയായിരുന്നു. വെടിമരുന്നിന്റെ ശബ്ദം കേട്ടുണര്‍ന്നു എന്നു നടിക്കേണ്ടിവന്നത് മൂന്നോ നാലോ നൂറ്റാണ്ടുകള്‍ മുന്‍പാണ്. ആ സമയത്തു നാമൊന്നുണര്ന്നുവെങ്കിലും വീണ്ടും ഒരര്ദ്ധനിദ്ര നമ്മെ വലയം ചെയ്തുനിന്നു. ആത്മനാശത്തെക്കുറിച്ചുള്ള ഭയം നമ്മെ ഭീരുക്കളാക്കി മാറ്റുകയും ചെയ്തു.
വിദേശീയര്‍ നമുക്ക് നല്കിയ വിദ്യാഭ്യാസത്തില്‍ അടിമത്തത്തെ ഉറപ്പിക്കാനുള്ള അരക്കല്ലാതെ വിശേഷിച്ചൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ എസ്എസ്എല്‍സി എന്ന ശകാരപ്പേരു വീണത്. പക്ഷേ, ആ ആധമര്ണ്യവിദ്യക്കെതിരായി ശബ്ദമുയര്‍ത്തണമെന്ന് നമുക്ക് തോന്നിയില്ല. നൈമിശാരണ്യത്തിലെ സത്രാഗ്നിയുടെ ചൂടും വെളിച്ചവും നാം മറന്നിരുന്നു. നാം ഉറങ്ങുകയാണെന്ന് നമുക്കു നിശ്ചയമുണ്ടായിരുന്നില്ല. അതിനാലാണ് ഇപ്പോള്‍ എത്രാമത്തെ നൂറ്റാണ്ടാണ് എന്ന് ഈസ്റ്റിന്ത്യാ കമ്പനി ചോദിച്ചപ്പോള്‍ നാം കമ്പനിക്കലണ്ടറിലേക്കു നോക്കി 17-ാം നൂറ്റാണ്ട് എന്നു മറുപടി പറഞ്ഞത്. പറയേണ്ടിയിരുന്നത് 48-ാം നൂറ്റാണ്ട് എന്നായിരുന്നു. കല്‍പ്പഗണിത പ്രകാരം ഇപ്പോള്‍ നാം കലിവര്‍ഷം 5088 ല്‍ ആണല്ലോ.
എന്നാണാ ഉറക്കം ആരംഭിച്ചത്? ചാതുര്‍വര്‍ണ്യം ജാതിയായി മാറിയ യുഗത്തില്‍ എന്ന് അതിന്നുത്തരം പറയാം. അന്നുതൊട്ടുതന്നെ ചാതുര്വര്ണ്യത്തിന്മേല് അഹങ്കാരം പറ്റിപ്പിടിക്കാന്‍ തുടങ്ങി. ആ അഹങ്കാരമാണ് ധനതൃഷ്ണയായി, ആലസ്യമായി, സുഷുപ്തിയായി കാലാന്തരത്തില്‍ മാറിയത്.
ഇന്നലെ എം.വി. ദേവന് പ്രസംഗിച്ച വാക്കുകളുടെ പ്രസക്തി ഇവിടെയാണ്, ദ്വിജന് എന്ന് വിളിക്കപ്പെടേണ്ടത് സര്‍ഗ്ഗ പ്രതിഭയുള്ള മനുഷ്യനെയാണ്. അവനെ കൊശവന് എന്നു വിളിക്കുന്നവന് ഞാന്‍ ചണ്ഡാളനാണെന്നു പ്രഖ്യാപിക്കുകയാണ്. ”ചണ്ഡാളോസ്തു സതുദ്വിജോസ്തു ഗുരുരിത്യേഷാമനീഷാമമ” എന്നതാണ് തപസ്യയുടെ മുദ്രാവാക്യം.
ചാതുര്വര്ണ്യത്തിന്റേതായിരുന്നില്ല കുറ്റം: അഹങ്കാരത്തിന്റേതായിരുന്നു. മനുഷ്യനെ ദേവനാവാന്‍ അനുവദിക്കാത്ത ചെകുത്താന് അഹങ്കാരമാണ്. തത്വജ്ഞാനികളുടെ ഭരണം വരണമെന്ന് പ്ലേറ്റോ പണ്ട് പറഞ്ഞുവെങ്കില്‍ അതില്‍ തെറ്റൊന്നുമില്ല. ഇന്ത്യയിലെ ചാതുര്‍വര്‍ണ്യം തത്വജ്ഞാനികളുടെ ഭരണമായിരുന്നു. എന്നിട്ടും നാം ഭൂതാനുകമ്പയില്നിന്ന് വിദൂരിതരായില്ല. ആയിരുന്നുവെങ്കില്‍ മുകില ഭരണം ഇവിടെ കാല്കുത്തി നില്ക്കുമായിരുന്നില്ല. ഗാമയ്ക്കു സാമൂതിരി കരിമ്പടം വിരിച്ചുകൊടുക്കുമായിരുന്നില്ല.
1947 ല്‍ ഭാരതം സ്വതന്ത്രമായപ്പോള്‍ നാം ശരിക്കും കണ്ണുതുറന്നു എന്നത് നേരാണ്. ആദ്യം വേണ്ടത് കഞ്ഞികുടി തന്നെ. നാം നിശ്ചയിച്ചു. തെറ്റില്ല, പക്ഷേ, ഏഴാം പഞ്ചവത്സര പദ്ധതിയിലെത്തിയിട്ടും നാം ഭാരതീയരായില്ല എന്നു നാം അനുഭവിച്ചറിയുന്നു. മഹാത്മാഗാന്ധി അഹിംസയ്ക്കുവേണ്ടി മരിച്ചിട്ടും നമ്മുടെ സമൂഹത്തിന്റെ സ്വാര്‍ത്ഥപരത പാറ്റകളെപ്പോലെ ഹിംസാഗ്നിയിലേക്കുതന്നെ കുതിച്ചുപായുന്നു. ഉണ്ട്, എവിടെയോ തെറ്റുണ്ട്, നമ്മുടെ മനസ്സാക്ഷി കണ്ടുപിടിക്കുന്നു. സംഗതി എവിടംവരെ എത്തിയെന്നോ? ഇപ്പോള്‍ തലക്കുറിയെഴുതുന്ന കണിയാന്മാര്ക്കുപോലും കലിദിനം അറിഞ്ഞുകൂടാ.
ആര്‍ഷമായ വികാസത്തിലിരുന്നുകൊണ്ട് സ്നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സമവായമാണ് തപസ്യ. സ്നേഹം ലോകജീവിതത്തിന്റെ മാധുര്യമാകുന്നു. ”ഏകം സത്, വിപ്രാ ബഹുധാ വദന്തി.” ആ സത്യം ഓര്മയുണ്ടെങ്കില് ഐസലാന്ഡില്വെച്ച് റെയ്ഗണും ഗോര്‍ബച്ചേവും തെറ്റിപ്പിരിയേണ്ടതില്ലായിരുന്നു. ആ സത്യം ഓര്മയുള്ളതുകൊണ്ടാണ് നവഖാലിയിലെ തീത്തിരകളിലൂടെ കാലുപൊള്ളാതെ നടക്കുവാന്‍ മഹാത്മജിക്ക് സാധിച്ചത്. തപസ്യയ്ക്കിതറിയാം. ഇതറിയുന്നവരുണ്ടാക്കുന്ന കലയേ കലയാവൂ. തപസ്യയുടെ വേദിയില്‍ ഗാന്ധിയും ഐന്‍സ്റ്റീനും കൈകോര്‍ത്തുപിടിക്കുന്നു. തപസ്യയുടെ കൈക്കോട്ട് വാല്മീകിയുടെ തമസയെ ഇ.സി.ജി. സുദര്ശനിലെത്തിക്കുന്നു. ഏതിന്റെ പിന്നില്‍, ദുഃഖമുണ്ടോ, അഗ്നിയുണ്ടോ, ആ തപസ്യ സ്വതന്ത്രഭാരതത്തെ പുനര്‍നിര്‍മിക്കാനുള്ള യജ്ഞത്തിലെ ഉല്ഗീതമത്രേ; ശാന്തിമന്ത്രമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: