അഞ്ചല്‍: ഇത് ഒരു മഹാമാരിക്കും തകര്‍ക്കാന്‍ കഴിയാത്ത ആത്മബന്ധത്തിന്റെ മാതൃക. കോവിഡിന്റെ കെട്ടകാലത്തും ഗുരുശിഷ്യ ബന്ധത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ നല്ല വാര്‍ത്ത അഞ്ചലില്‍ നിന്നാണ്.
സ്കൂളിലെ പഠനവും കളികളും കൂട്ടുകൂടലും നിലച്ച് വീടിന്റെ നാലുചുമരുകള്ക്കുള്ളിലായിപ്പോയ തന്റെ കുട്ടികളെത്തേടി സ്കൂള്‍ ഹെഡ്മിസ്ട്രസ് എത്തിയത് കുഞ്ഞുകൂട്ടുകാരില് അമ്പരപ്പും ഒപ്പം ആഹ്ലാദവും സൃഷ്ടിച്ചു. അഞ്ചല്‍ വടമണ്‍ സര്‍ക്കാര്‍ യുപി സ്കൂളിലെ പ്രഥമാധ്യാപിക ബി. ജയകുമാരിയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കഴിഞ്ഞദിവസം കുട്ടികളുടെ വീട്ടിലെത്തിയത്. ബിആര്‍സി വഴി ലഭിച്ച വര്‍ക്ക്ഷീറ്റുകള്‍ വിദ്യാര്‍ഥികളെ ടീച്ചര്‍ ഏല്‍പ്പിച്ചു.
കുട്ടികളുടെ പഠനകാര്യങ്ങളിലും കോവിഡ് പ്രതിരോധത്തിലും ടീച്ചറുടെ വക രക്ഷിതാക്കള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍. തുടര്‍ന്ന് കുരുന്നുകളോട് പഠനകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പാട്ടുപാടിയും പാഠങ്ങള്‍ വായിച്ചുകേട്ടും അടുത്ത വീട്ടിലേക്ക്.
ബി. ജയകുമാരി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നു. കുട്ടികളെ എണ്ണം കുറഞ്ഞ് ശ്വാസം നിലയ്ക്കാറായ വിദ്യാലയ മുത്തശ്ശിക്ക് ആധുനികവും ചിട്ടയായതുമായ രീതികളിലൂടെ ഊര്‍ജം പകര്‍ന്ന അധ്യാപിക വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുന്നത് മാതൃകയാണ്. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ആശ്രയമായ വടമണ്‍ സര്‍ക്കാര്‍ യുപിഎസിലെ കുഞ്ഞുകുട്ടികളുടെ ആവേശമാണ് ഈ അധ്യാപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: