മാഡ്രിഡ്: നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം. അതേസമയം സ്പാനീഷ് ശക്തികളായ റയല്‍ മാഡ്രിഡ് ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യ മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യുണിക്ക് മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പിഎസ്ജിക്കെതിരായ ഫൈനലില്‍ ബയേണിന് കിരീട വിജയമൊരുക്കിയ കിങ്സ്ലി കോമന്റെ ഇരട്ട ഗോളിലാണ് ബയേണ്‍ വിജയം നേടിയത്. 28-ാം മിനിറ്റില്‍ കോമാന് സ്കോറിങ് തുടങ്ങി. അവസാന ഗോളും കോമാന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഗോറെട്സ്ക, ടോളിസോ എന്നിവരും ഗോള്‍ അടിച്ചു. കഴിഞ്ഞ സീസണില്‍ ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കോമന്റെ ഗോളിലാണ് ബയേണ്‍ പിഎസ്ജിയെ കീഴടക്കി കിരീടം ചൂടിയത്.
കൊറോണ വൈറസ് ബാധിച്ച പത്ത് പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങിയ ഷക്തര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചത്. 29-ാം മിനിറ്റില്‍ മറ്റേയസ് ടെറ്റേ ഷക്കതറെ മുന്നിലെത്തിച്ചു. പിന്നീട് റാഫേല്‍ വരേനെ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ ഷക്തറിന്റെ ലീഡ് 2- 0 ആയി. 42-ാം മിനിറ്റില്‍ സോളമനും ഗോള്‍ അടിച്ചതോടെ ആദ്യ പകുതിയില്‍ ഷക്തര്‍ 3-0 ന് മുന്നിലായി.
രണ്ടാം പകുതിയില്‍ പോരാട്ടം മുറുക്കിയ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് രണ്ട് ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ മോഡ്രിക് ഒരു ഗോള്‍ മടക്കി. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയര്‍ രണ്ടാം ഗോളും കുറിച്ചു. ശനിയാഴ്ച എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ നേരിടാന്‍ ഒരുങ്ങുന്ന റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: