കൊട്ടിയം: സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി പണം തട്ടിയെടുത്തു കടക്കുന്ന സംഘത്തില്‍പ്പെട്ട രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഇരവിപുരം വഞ്ചി കോവിലിന് സമീപം ദീപ്തി നിവാസില്‍ രോഹിത് (19), കൂട്ടാളിയായ ഇരവിപുരം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമാണ് പിടിയിലായത്.
തട്ടാമല സ്കൂളിന് കിഴക്കുവശം ദേശീയപാതയ്ക്കരികിലുള്ള പലചരക്കുകടയിലെ മേശയില്‍ നിന്നും ആറായിരം രൂപ തട്ടിയെടുത്തു കടന്ന സംഭവത്തിലാണ് ഇവര്‍ അറസ്റ്റ്. മോഷണത്തിന് ഉദ്ദേശിക്കുന്ന കടയ്ക്കു സമീപം ബൈക്കിലെത്തുന്ന ഇവര്‍ ആദ്യം കടയില്‍ ആരൊക്കെയുണ്ടെന്ന് നിരീക്ഷിക്കും. ശേഷം കടയില്‍ ഉടമയല്ലാതെ മറ്റാരുമില്ലെന്നു കണ്ടാല്‍ സാധനം വാങ്ങാനെന്ന വ്യാജേന ഒരാള്‍ കടയില്‍ എത്തി ഉടമയുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് തിരിച്ചുവിടും. മറ്റേയാള്‍ മേശയിലുള്ള പണവുമെടുത്തു ബൈക്കില്കടക്കുകയാണ് പതിവ്. ഇത്തരത്തില്‍ കൈക്കലാക്കുന്ന പണം ആഡംബരമൊബൈല് ഫോണ്‍, മയക്കുമരുന്ന് എന്നിവ വാങ്ങുന്നതിനായാണ് ഉപയോഗിച്ചിരുന്നത്.
തട്ടാമലയിലെ കട ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൊല്ലം എസിപി പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇരവിപുരം എസ്എച്ച്ഓ കെ. വിനോദിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. ദേശീയ പാതയ്ക്കരികിലും പരിസരത്തെ ഇടറോഡുകളിലുമായുള്ള നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ പിടിയിലായ വിവരമറിഞ്ഞ് സമാന തട്ടിപ്പിനിരയായ പലരും പരാതിയുമായി എത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലും മറ്റേയാളെ കൊല്ലം കോടതിയിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്ഐമാരായ എ.പി. അനീഷ്, ബിനോദ്, ദീപു, വനിതാ എസ്ഐ നിത്യാ സത്യന്, പ്രൊബേഷണറി എസ്ഐ അഭിജിത്ത്, എഎസ്ഐമാരായ ജയപ്രകാശ്, ഷാജി, ഷിബു ജെ. പീറ്റര്‍, സിപിഓ മനോജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: