കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ഏതെല്ലാം തരത്തില്‍ ഗൂഢാലോചനകള്‍ നടന്നു, എങ്ങനെയെല്ലാം സ്വര്‍ണവും പണവും കടത്തി എന്ന കാര്യങ്ങളില്‍ വിശദമായ വെളിപ്പെടുത്തലാണ് മുഖ്യപ്രതി സന്ദീപ് നായര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയിലുള്ളത്.
യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്താമെന്ന ബുദ്ധി ഉപദേശിച്ചത് പ്രധാന പ്രതി സ്വപ്ന സുരേഷ് ആണെന്ന് സന്ദീപ് നായരുടെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തിന് ഒരു കിലോയ്ക്ക് കമ്മീഷനായി സ്വപ്ന ആവശ്യപ്പെട്ടത് 1000 ഡോളറാണെന്നും സന്ദീപ് വെളിപ്പെടുത്തി. റമീസിനെയും സരിത്തിനെയും സന്ദീപ് നായര്‍ക്ക് നേരത്തെ അറിയാമായിരുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിച്ചത് സന്ദീപ് നായരാണ്. സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗം ആരാഞ്ഞ് റമീസ് സന്ദീപിനെ സമീപിച്ചു. റമീസിനെ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സരിത്തിന് സന്ദീപ് പരിചയപ്പെടുത്തി. സരിത്താണ് പിന്നീട് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയാല്‍ പിടിക്കപ്പെടില്ലെന്ന് പറഞ്ഞത് സ്വപ്നയാണെന്ന് സന്ദീപ് മൊഴിയില്‍ വ്യക്തമാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും, അത് വഴി സ്വര്‍ണം കൊണ്ടുവന്നാല്‍ പരിശോധനയുണ്ടാകില്ലെന്നും പറഞ്ഞത് സ്വപ്നയാണ്.
കമ്മീഷനായി കിലോയ്ക്ക് 45,000 രൂപയാണ് റമീസ് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ 1000 യുഎസ് ഡോളര്‍ നല്‍കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. സ്വര്‍ണം കടത്താനുള്ള ആദ്യ ഗൂഢാലോചന സരിത്തിന്റെ കാറിലായിരുന്നു. തിരുവനന്തപുരം സാല്‍വാക്കേഴ്സിന്റെ പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു ഗൂഢാലോചന. ഇതിന് ശേഷം രണ്ടു തവണ ട്രയല്‍ നടത്തി. അതിന് ശേഷവും സ്വര്‍ണം അയച്ചില്ല. തുടര്‍ന്ന് സ്വപ്നയാണ് സ്വര്‍ണം അയക്കാന്‍ നിര്‍ബന്ധിച്ചത്. പത്തു കിലോ അയക്കാന്‍ സ്വപ്ന പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടത്തുകയായിരുന്നു. കോണ്‍സുല്‍ ജനറലിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് സ്വപ്ന റമീസിനെ തെറ്റിദ്ധരിപ്പിച്ചു. കോണ്‍സുല്‍ ജനറലിന് ജര്‍മനിയില്‍ ബിസിനസ് നടത്താനും ദുബായ്യില് വീടുവയ്ക്കാനും പണം വേണമെന്നാണ് സ്വപ്ന പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: