മങ്കൊമ്പ്: നീറ്റുകക്കയും ഡോളൊമെറ്റും അവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍. കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങാത്തതിനാലാണ് കര്‍ഷകര്‍ക്ക് ഇവ രണ്ടും ലഭ്യമാകാത്തത്. നിലമൊരുക്കലിന്റെഘട്ടത്തില് ആവശ്യമായ വസ്തുക്കള്‍ ലഭ്യമല്ലാത്തതുമൂലം നിലമൊരുക്കലോ വിതയോ പൂര്‍ത്തിയാക്കാനാകാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.
കാര്‍ഷിക കലണ്ടര്‍ പ്രകാരം തുലാം ആദ്യംതന്നെ പുഞ്ചകൃഷിയുടെ വിത പൂര്‍ത്തിയാക്കണമെന്ന് കൃഷിവകുപ്പ് നിര്‍ബന്ധം പിടിക്കുന്പോഴും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വകുപ്പ് അനാസ്ഥ കാട്ടുന്നതായാണ് കര്‍ഷകരുടെ പരാതി. പാടശേഖരങ്ങളിലെ പുളിയിളക്കം തടയാനാണ് നീറ്റുകക്കയും ഡോളൊമെറ്റും ഉപയോഗിക്കുന്നത്.
നിലമൊരുക്കലിന്റെ ഭാഗമായി പാടത്തെ വെള്ളം വറ്റിക്കുന്പോള്‍ ആന്പല്‍ പോലുള്ള കളകളും ചീഞ്ഞ് മണ്ണിനൊപ്പം ചേരുന്നു. ഇതുമൂലം മണ്ണിലെ അമ്ലത വര്‍ധിക്കുന്നു. പുളിയിളക്കമുള്ള പാടത്ത് വിതച്ചാല്‍ വിത്തു കിളിര്‍ക്കുകയില്ല. പുളിയിളക്കം തടയാന്‍ നിലമൊരുക്കലിന്റെ ഭാഗമായി ഉഴവു ജോലികള്‍ നടക്കുന്പോള് നീറ്റുകക്കയോ, ഡോളൊമെറ്റോ മണ്ണില്‍ വിതറണം.
കൃഷിഭവന് വഴിയാണ് സാധാരണയായി സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്തു വരുന്നത്. നിലമൊരുക്കലിനു മുന്‍പു തന്നെ കര്‍ഷകര്‍ സബ്സിഡി കഴിച്ചുള്ള തുക കൃഷിഭവനില്‍ അടയ്ക്കുകയാണ് പതിവ്. എന്നാല്‍, ഇതിനായി കൃഷിഭവനുമായി ബന്ധപ്പെട്ടപ്പോള്‍ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറയുന്നു.
ഒരു ഹെക്ടറിന് 12 പാക്കറ്റ് നീറ്റുകക്കയാണ് ആവശ്യമായി വരുന്നത്. 145 മുതല്‍ 150 രൂപ വിലവരുന്ന ഒരു പാക്കറ്റ് നീറ്റുകക്കയ്ക്ക് 55 രൂപയാണ് സബ്സിഡി നല്‍കുന്നത്. രണ്ടാംകൃഷി ഇല്ലാതിരുന്ന പാടശേഖരങ്ങളില്‍ പലയിടത്തും ഇതിനകംതന്നെ വിത ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: