ന്യൂദല്‍ഹി : പ്രോട്ടോക്കോള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ക്ലീന്‍ചിറ്റ് നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസി വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ വി. മുരളീധരനെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
അബുദാബിയിലെ ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മഹിളാ മോര്‍ച്ചാ നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതായാണ് ആരോപണം. പ്രോട്ടോക്കോള്‍ ലംഘിച്ചതായാണ് പരാതി. എന്നാല്‍ താന്‍ പരിപാടി മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്വന്തം ചെലവിലാണ് പോയതെന്നും അനാവശ്യമായി തന്റെ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും സ്മിത മേനോനും സമൂഹ മൂാധ്യമങ്ങള്‍ വഴി മറുപടി നല്‍കിയിരുന്നു.
എന്നാല്‍ ലോക് താന്ത്രിക് യുവജനതാദള്‍ പ്രസിഡന്റ് സലീം മടവൂര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വി. മുരളീധരന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം സലീമിന്റെ പരാതി തള്ളുകയും ചെയ്തിട്ടുണ്ട്. വി. മുരളീധരനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: