വാഷിങ്ടന്‍: 7,00,000 മുതിര്‍ന്നവര്‍ക്ക് ഫുഡ് സ്റ്റാമ്പ് നിര്‍ത്തലാക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി ചീഫ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ബെറില്‍ എ ഹവല്‍ തടഞ്ഞു. 67 പേജുള്ള വിധിന്യായത്തില്‍, അമേരിക്കയില്‍ മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ എങ്ങനെയാണ് ആയിരക്കണക്കിനു പൗരന്മാര്ക്ക് ഭക്ഷണം നിഷേധിക്കാന്‍ കഴിയുകയെന്നു ജഡ്ജി ചോദിച്ചു. മാത്രമല്ല അഡ്മിനിസ്ട്രേഷന്റെ ഈ നടപടി തികച്ചും നിരുത്തരവാദപരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
2020 മേയില്‍, ഒരു വര്‍ഷത്തെ കാത്തിരിപ്പിനും പഠനങ്ങള്‍ക്കും ശേഷമാണ് ട്രംപ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവരുടെ സംഖ്യ വെട്ടിക്കുറക്കുന്നതിന് തീരുമാനിച്ചത്. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതും. സാമ്പത്തിക സ്ഥിരത കൈവരിക്കുവാന്‍ കഴിഞ്ഞതുമാണ് ഇങ്ങനെയൊരു നടപടിക്ക് ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
എന്നാല്‍ മഹാമാരി വ്യാപകമായതോടെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കുകയും, സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ പഴയ തീരുമാനം പുനഃപരിശോധിക്കാന്‍ ഗവണ്മെന്റ് തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു. 25 മില്യന്‍ ജനങ്ങളാണ് ഇപ്പോള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നേടുന്നത്. ഫെബ്രുവരിയില്‍ 3.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ സെപ്റ്റംബറില്‍ 7.9% മായി വര്‍ധിച്ചിരിക്കുന്നു. ഫുഡ് സ്റ്റാമ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം 17% വര്‍ധിച്ചിരിക്കുന്നു. ഇതുതന്നെ 6 മില്യനോളം വരും.
സെപ്റ്റംബര്‍ മാസത്തില്‍ ഏകദേശം 22 മില്യന്‍ മുതിര്‍ന്നവര്‍ക്ക് ആവശ്യത്തിന് ആഹാരം ലഭിക്കാത്ത സ്ഥിതിയാണെന്ന് കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: