വൈക്കത്തഷ്ടമിക്ക് ആനയെഴുന്നള്ളിപ്പു പാടില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഒറ്റപ്പെട്ട ഒന്നല്ല. ഹൈന്ദവാചാര വിരുദ്ധ ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍. ഉദയനാപുരം ക്ഷേത്രത്തിലെ കാര്‍ത്തിക ആഘോഷങ്ങള്‍ക്കും ആനകള്‍ പാടില്ലെന്ന തീട്ടൂരം പുറത്തിറങ്ങിയിട്ടുണ്ട്. ശബരിമലയിലും, ഓച്ചിറയിലും, മള്ളിയൂരുമടക്കമുള്ള ക്ഷേത്രങ്ങളില്‍ അനുവര്‍ത്തിച്ച അതേ തന്ത്രമാണ് ആചാര അനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുവാന്‍ ഇവിടെ ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാര്‍ പയറ്റുന്നത്. ക്ഷേത്ര ആചാരങ്ങള്‍ക്കും, ഹൈന്ദവ ആഘോഷങ്ങള്‍ക്കും മാത്രം ബാധകമാക്കുന്ന കോവിഡ് മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ ഇവിടെയും ആയുധമാക്കുന്നത്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളോട് പൂര്‍ണമായും സഹകരിക്കാനുള്ള മനഃസ്ഥിതി കാണിച്ചവരാണ് ഹൈന്ദവ സമൂഹം. പക്ഷെ, ഇടതു സര്‍ക്കാരിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ മഹാമാരിയെ മറയാക്കുന്നതിനെ എതിര്‍ത്തേ പറ്റൂ. കാരണം, നാളെ ഇത് ഗുരുവായൂര്‍ അടക്കം എല്ലാ ക്ഷേത്രങ്ങളിലും നടപ്പാക്കിയെന്നിരിക്കും.
വൈക്കത്തഷ്ടമി ആഘോഷങ്ങള്‍ക്ക് ആനയെ നിരോധിക്കുവാനുള്ള ഉത്തരവ് പുറത്ത് വന്നപ്പോള്‍ ആരംഭിച്ച പ്രതിഷേധം, സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും തന്ത്രം പാളുമെന്ന സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഷ്ടമി ചടങ്ങുകളില്‍ ആനകളുടെ സ്ഥാനം കേവലം ആഡംബരത്തിന്റെത് മാത്രമല്ല. ആചാരപരമായ സ്ഥാനമുണ്ട് ഇവിടെ ആനകളുടെ സാന്നിധ്യത്തിന്. ആഘോഷങ്ങള്‍ക്ക് മുന്‍പേ ആരംഭിക്കുന്ന ആചാരപരമായ നിരവധി ചടങ്ങുകളുടെ അവിഭാജ്യ ഘടകമാണ് ആനകള്‍. പന്ത്രണ്ട് രാപകലുകള്‍ നീണ്ടു നില്ക്കുന്ന അഷ്ടമിയാഘോഷങ്ങളുടെ കൊടിയേറ്റ് അറിയിപ്പില്‍ തുടങ്ങുന്നു ആനകളെ ഒഴിവാക്കാനാകാത്ത ചടങ്ങുകള്‍. കൊടിയേറ്റ് മുഹൂര്‍ത്തം കുറിച്ച ചാര്‍ത്തും വഹിച്ച് ചമയങ്ങളില്ലാതെ, വെള്ള ഭസ്മം മാത്രം ചാര്‍ത്തിയ ആനപ്പുറത്ത് കയറി ഓലക്കുടയും ചൂടിയാണ് അവകാശി കൊടിയേറ്ററിയിപ്പിന് പോകേണ്ടത്. ഈ കൊടിയേറ്ററിയിപ്പാണ് വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്റെ മുന്നിലെത്തി വായിച്ച് കേള്‍പ്പിക്കേണ്ടത്. ആനയും, ഓലക്കുടയുമില്ലാതെ ഈ ചടങ്ങ് എങ്ങനെ പൂര്‍ത്തിയാക്കാന്‍ കഴിയും?. അഷ്ടമിക്ക് മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യാവേലകള്‍, മുഖ സന്ധ്യാവേലകള്‍, സമൂഹ സന്ധ്യാവേലകള്‍ എന്നിവയ്ക്ക് ആനപ്പുറത്താണ് വൈക്കത്തപ്പന് എഴുന്നള്ളി നില്‍ക്കേണ്ടത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിനും ആനകള്‍ നിര്‍ബന്ധമാണ്. തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു പുറമേ ആനപ്പുറത്തുള്ള എഴുന്നള്ളിപ്പുകള്‍ക്ക് സായുധ പോലീസിന്റെ അകമ്പടി വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗവുമാണ്. രാജ ഭരണ കാലം മുതല്‍ ഈ ആനയും, സര്‍ക്കാര്‍ സായുധ ഭടന്മാരുടെ അകമ്പടിയും വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പുകള്‍ക്ക് ഒഴിവാക്കാനാവാത്ത പരമ്പരാഗത ആചാരമാണ്. ആറാം ഉത്സവം മുതല്‍ കൂടിക്കൂടി വരുന്ന അകമ്പടിയാനകളുടെ എണ്ണവും ആചാരങ്ങളുടെ ഭാഗമാണ്. പന്ത്രണ്ട് ആനകളുടെ അകമ്പടിയുള്ള വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങുകളില്‍ ആനകള്‍ ഉള്‍പ്പെടുന്ന ആചാര ചടങ്ങുകള്‍ അവിഭാജ്യമാണ്. താരകാസുര നിഗ്രഹത്തിന് പോയിരിക്കുന്ന ദേവസേനാധിപതിയായ മകന് ശ്രീ സുബ്രഹ്മണ്യന് മടങ്ങിയെത്താന്‍ വൈകുന്നു. ഇത് മൂലം ഉത്കണ്ഠാകുലനാകുന്ന പിതാവ് ശ്രീ പരമേശ്വരന് ജലപാനം പോലുമുപേക്ഷിച്ച് വിഷാദ ഭാവത്തില്‍ വൈക്കത്തമ്പലത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപം തീവെട്ടികള്‍ അണച്ച് ആനപ്പുറത്ത് എഴുന്നള്ളിനില്ക്കുന്നു. ആചാരപരമായ ഈ ചടങ്ങ് ആനയെ ഒഴിവാക്കി നടത്തുവാന്‍ കഴിയുമോ? ഈ സമയം താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി ശ്രീ സുബ്രഹ്മണ്യസ്വാമി വടക്കേ ഗോപുരത്തില്‍ ആനപ്പുറത്തേറി എഴുന്നള്ളിയെത്തുന്നതിന്റെ ആഘോഷ ആരവങ്ങള്‍ കിഴക്കേ ഗോപുരത്തില്‍ സങ്കടപ്പെട്ടു നില്ക്കുന്ന പിതാവ് കേള്‍ക്കുന്നു. ആനകളില്ലാതെ ഉദയനാപുരത്തപ്പന്റെ വരവ് എന്ന ആചാരച്ചടങ്ങ് നടത്തുവാന്‍ കഴിയുമോ? ആരവങ്ങള്‍ കേട്ട് ഉത്കണ്ഠയകന്ന് ആഹഌദ ചിത്തനായ പിതാവ് മകനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ഉടന്‍ തീവെട്ടികള്‍ തെളിയുന്നു. ഓടിയെത്തി മകനെ വരവേല്‍ക്കുന്ന പിതാവ് ,തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള കൂടിയെഴുന്നള്ളിപ്പ്. അതില്‍ പങ്കെടുക്കാന്‍ സമീപ ക്ഷേത്രങ്ങളില്‍ നിന്നുള്ള ദേവീദേവന്മാരും ആനപ്പുറത്ത് എഴുന്നള്ളിയെത്തുന്നു. ഈ ചടങ്ങുകളെല്ലാം ആനകളെ ഒഴിവാക്കി എങ്ങനെ നടത്തും? ഇനിയാണ് ആനകളുടെ സാന്നിധ്യമില്ലാതെ നടത്താന്‍ കഴിയാത്ത വിട പറയല്‍ ചടങ്ങ്. അസുരനിഗ്രഹം കഴിഞ്ഞെത്തിയ മകനെ, സ്വന്തം ഇരുപ്പിടത്തിലിരുത്തുന്ന വാത്സല്യനിധിയായ പിതാവുമൊത്തുള്ള കൂടി പൂജയ്ക്ക് ശേഷമാണ് ഉദയനാപുരത്തപ്പന്റെ വിട പറച്ചില്. മകനെ യാത്രയാക്കാന്‍ പിതാവായ ശ്രീ പരമേശ്വരന് വടക്കേ ഗോപുരം വരെ ആനപ്പുറത്ത് അനുഗമിക്കുന്നു. അച്ഛനും മകനും എഴുന്നള്ളിയിരിക്കുന്ന ആനകള്‍ നിന്ന് തുമ്പിക്കൈ ഉയര്‍ത്തി യാത്ര ചോദിക്കുന്നു. തുടര്‍ന്ന് വേര്‍പിരിയലിന്റെ ദുഃഖം വിളിച്ചോതി ആനകള്‍ ശോകസാന്ദ്രമായി ദീന സ്വരത്തില്‍ ചിഹ്നം വിളിക്കുന്നു. ഈ സമയം പ്രത്യേകം ചിട്ടപ്പെടുത്തായ ‘ശോകഭണ്ഡാരി ‘ രാഗത്തില്‍ നാദസ്വരം മുഴങ്ങുന്നു. മകനെ പിരിയാന്‍ കഴിയാതെ വിഷമിക്കുന്ന പിതാവിന്റെ ദുഖം ഏറ്റുവാങ്ങി ഭക്തരും കണ്ണീര് വാര്‍ക്കുന്നു. മകന് യാത്രയാകുന്നത് നോക്കി നിന്ന ശേഷം പിതാവ് പിന്തിരിയുന്നു. അല്പ ദൂരം നടന്ന ശേഷം വീണ്ടും തിരിഞ്ഞ് അകന്ന് പോകുന്ന മകനെ നോക്കി നില്ക്കുന്നു. ഈ ചടങ്ങുകളെല്ലാം ആനകളുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്.
വൈക്കത്തഷ്ടമിക്കും, തൃക്കാര്‍ത്തികയ്ക്കും ആനകളെ ഒഴിവാക്കിയാല്‍ ആചാരപരമായ ഈ ചടങ്ങുകളെല്ലാം മുടങ്ങും. അതുകൊണ്ട് തന്നെയാണ് ആചാരങ്ങള്‍ ലംഘിക്കപ്പെടുമാറ് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ട തീരുമാനത്തിനെതിരെ ഭക്തജന രോഷം ആളിപ്പടരുന്നതും.
പി.ബി. വൈക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: