കോഴിക്കോട്: മാവൂര്‍ റോഡ് ശ്മശാനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം രമ്യമായി പരിഹരിക്കാന്‍ ഹൈന്ദവ ആചാര്യന്മാരുമായും ഹിന്ദുസംഘടനാ പ്രതിനിധികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ചയ്ക്ക് കോര്പറേഷന് അധികൃതര്‍ തയ്യാറാവണമെന്ന് ശ്രീ പുഷ്പക ബ്രാഹ്മണ സേവാ സംഘം കേന്ദ്ര വൈസ് പ്രസിഡണ്ട് പി.വി. സുധീര്‍ നമ്പീശന് ആവശ്യപ്പെട്ടു.
പരമ്പരാഗത ശവസംസ്ക്കാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുന്നില്‍ നടത്തിവരുന്ന സായാഹ്ന പ്രതിഷേധത്തിന്റെ എട്ടാം ദിവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ത്യേഷ്ടി സംസ്കാരത്തിനുള്ള സ്വാതന്ത്ര്യം മാത്രമാണ് ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത്. ഭൗതിക വികസന പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗതആചാരാനുഷ്ഠാനങ്ങള്ക്ക് വിലങ്ങുതടിയാവരുത്. മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം അടച്ചിരുത്. ഒരു വലിയ സമൂഹത്തിന്റെ സങ്കല്പം കുടികൊള്ളുന്ന സ്ഥാനത്തിന് മാറ്റം വരുത്തുമ്പോള്‍ അവരുടെ വികാരം കണക്കിലെടുക്കണം. ഹിന്ദുഐക്യവേദി കഴിഞ്ഞ ഒരു മാസമായി നടത്തി വരുന്ന പ്രക്ഷോഭത്തിന് സമുദായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അനില്‍ മായനാട് മുഖ്യപ്രഭാഷണം നടത്തി. എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ പല ഇടപാടുകളും ദുരൂഹമാണ്. എംഎല്‍എയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത സാമ്പത്തിക ഇടപാടുകളെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്പ്പറേഷന് കമ്മറ്റി ട്രഷറര്‍ കെ. അജിത് കുമാര്‍ അദ്ധ്യക്ഷനായി. ബിജു കച്ചേരി, അരുണ്‍ വിരുപ്പില്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം കേരള യാദവ സേവാ സമിതി നേതാവ് ബി.ആര്. അനില്‍ കുമാര്‍ യാദവ് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: