അബുദാബി: അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കമ്പനി (A.D.Q) ലുലു ഗ്രൂപ്പില്‍ 7,500 കോടി രൂപ (100 കോടി ഡോളര്‍) കൂടി മുതല്‍ മുടക്കുന്നു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ (Middle East & North Africa Region – MENA) ഈജിപ്തിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായാണിത്.
ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, 100 മിനി മാര്‍ക്കറ്റുകള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ ലോജിസ്റ്റിക്സ് സെന്റർ, ഈകോമേഴ്സ് വിപുലീകരണം എന്നിവയ്ക്കു വേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. ഇതു സംബന്ധിച്ച കരാറില്‍ അബുദാബി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസ്സന് അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും തമ്മില്‍ ഒപ്പ് വെച്ചു.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുള്‍പ്പെടെ 12,000 -ലധികം ആളുകള്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭ്യമാകും.ഇത് രണ്ടാമത് തവണയാണ് എം.എ.യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പില്‍ അബുദാബി സര്‍ക്കാര്‍ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (US$ 1.1 Billion) ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനായി മുതല്‍ മുടക്കിയിരുന്നു.
ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടര്‍ച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം.എ. യൂസഫലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: