കൊച്ചി: യുഎഇ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന നല്കിയ മൊഴികള്‍ നിഷേധിക്കാതെ എം. ശിവശങ്കര്‍. കൂടിക്കാഴ്ചകളില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ഉണ്ടായിരുന്നുവെന്നും യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള സമ്പര്‍ക്ക കണ്ണിയായി ശിവശങ്കറെ മുഖ്യമന്ത്രി പരിചയപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ നിഷേധിച്ചിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്താന്‍ തയാറായിട്ടുമില്ല.
കോണ്‍സുലേറ്റുമായി സംസ്ഥാന സര്‍ക്കാരിന്റെ ബന്ധങ്ങളില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ (പിണറായി സര്‍ക്കാര്‍) അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരുടെ നികുതി ഇളവു സംബന്ധിച്ച കാര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലിലെ കാലതാമസം ഒഴിവാക്കാന്‍ ശിവശങ്കറെ മുഖ്യകണ്ണിയാക്കി നിയോഗിച്ചത് മുഖ്യമന്ത്രിയായിരുന്നുവെന്നും അങ്ങനെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള വഴികള്‍ക്കു പകരം നേരിട്ടുള്ള ഇടപാടായിരുന്നെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. അക്കാലത്ത് ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി(ഒഎസ്ഡി)രുന്നു. പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ നിഷേധങ്ങള്‍ക്ക് എതിരാണിത്.
കോണ്‍സല്‍ ജനറല്‍- മുഖ്യമന്ത്രികൂടിക്കാഴ്ചകള് നടന്നിട്ടുണ്ടെന്ന് ശിവശങ്കര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഒന്നിനും മിനുട്സ് ഇല്ലെന്ന് അന്വേഷണ ഏജന്‍സികളോട് വിശദീകരിക്കുന്നു. മാലിദ്വീപിനും യുഎഇയ്ക്കുമാണ് കേരളത്തില്‍ കോണ്‍സുലേറ്റുകള്‍. ഈ ഓഫീസുകളുമായുള്ള ഇടപാടുകള്‍ പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ടുമെന്റ് വഴിയാണ്. എന്നാല്‍ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ യുഎഇ കോണ്‍സുലേറ്റിന് പ്രത്യേക പദവി നല്‍കിയിരുന്നു. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെടുമ്പോള്‍ സെക്രട്ടറിമാര്‍ അവരുടെ ഒാഫീസിലേക്കു പോയിരുന്നു. മന്ത്രിമാരെയോ മുഖ്യമന്ത്രിമാരെയോ കാണാന്‍ കോണ്‍സല്‍ ജനറല്‍ ആഗ്രഹിക്കുമ്പോള്‍ നിശ്ചയിച്ചുറപ്പിച്ച് അദ്ദേഹവും കൂടിക്കാഴ്ചകള്‍ നടത്തുമായിരുന്നു. ഇതിന് മിനുട്സ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്ന് ശിവശങ്കര്‍ വിശദീകരിക്കുന്നു.
ലൈഫ് മിഷന് പദ്ധതി നിയന്ത്രിക്കുന്ന പാര്‍പ്പിട മിഷന്റെ ചുമതല ശിവശങ്കറിനായിരുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി കൊണ്ടണ്ടുവന്ന ഭവനനിര്‍മാണ പദ്ധതിക്കായി റെഡ്ക്രസന്‍രിന്റെ ചുമതലക്കാര്‍ വന്നപ്പോള്‍ യുഎഇ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടപ്രകാരം ചര്‍ച്ച നടത്തിയതായി ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിടുകള്‍ക്കു പകരം ഫഌറ്റുകള്‍ നിര്‍മിക്കാന്‍ റെഡ്ക്രസന്റിനെ ഉപദേശിച്ചത് താനാണെന്നും മൊഴിയിലുണ്ട്. പക്ഷേ, തുടര്‍ന്ന് നടന്ന സാമ്പത്തിക ഇടപാടുകളോ കരാറുകളോ സംബന്ധിച്ച് ഒന്നുമറിയില്ലെന്നാണ് വിശദീകരണം.
എന്നാല്‍, കോണ്‍സുലേറ്റിലെ കൂടിക്കാഴ്ചയും ചര്‍ച്ചയും സംബന്ധിച്ച് മുഖ്യമന്ത്രിയോട് അന്നുതന്നെ വിശദീകരിച്ചിരുന്നതായി ശിവശങ്കര്‍ പറയുന്നു. ലൈഫ് മിഷന് വടക്കാഞ്ചേരി പദ്ധതി സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നത്. ലൈഫ് മിഷന് ഫയലുകള്‍ വരുത്തി മുഖ്യമന്ത്രി പരിശോധിച്ചതും അത് പ്രചരിപ്പിച്ചതും ഈ വിവരം മറയ്ക്കാനായിരുന്നുവെന്നുവേണം സംശയിക്കാന്‍.
ആരെയൊക്കെയോ രക്ഷിക്കാന്‍ മൊഴികളില്‍ ചിലത് മറച്ചും മറന്നും വ്യത്യസ്തമായി വിശദീകരിച്ചുമാണ് ശിവശങ്കറിന്റെ മൊഴികള്‍.സ്വപ്നയുടെ മൊഴികളില്‍ മുഖ്യമന്ത്രിയും ഓഫീസുമായുള്ള അടുപ്പങ്ങളുടെ വെളിപ്പെടുത്തലുകള്‍ ശിവശങ്കര്‍ തള്ളുന്നില്ല, ശരിവയ്ക്കുന്നുമില്ല. എന്നാല്‍ സ്വപ്നയുമായുള്ള സൗഹാര്‍ദ്ദത്തെക്കുറിച്ച് സുദീര്‍ഘമായും സൂക്ഷ്മമായും വിവരിക്കുന്നുണ്ട്. സ്വപ്നയുടെ പതിനഞ്ച് വയസു മുതലുള്ള ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന ശിവശങ്കര്‍, സ്വപ്നയോടൊപ്പം ഡിന്നറുകള്‍ പതിവാക്കിയിരുന്നുവെന്ന് വിശദീകരിക്കുന്നു. അതേസമയം, സ്വപ്നയുടെ സ്വര്‍ണക്കടത്തു കേസുകള്‍ അറിയില്ലായിരുന്നുവെന്നും പറയുന്നു. 2020 ജൂലായ് ഒന്നിന് എയര്കാര്ഗോയില്നിന്ന് പാഴ്സല്‍ ക്ലിയര്‍ ചെയ്തു കിട്ടാന്‍ സ്വപ്ന സഹായം തേടിയെന്നും ഫോണ്‍ വിളിച്ചെന്നും പക്ഷേ സഹായിച്ചില്ലെന്നുമാണ് മൊഴി. സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ ഓഫീസില്‍ എത്തിച്ച് പരിചയപ്പെടുത്തിയെങ്കിലും പണമിടപാടുകള്‍ സംബന്ധിച്ച് അറിയില്ലായിരുന്നുവെന്നും വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: