ശസ്ത്രവും ശാസ്ത്രവും ധര്‍മ്മവും പഠിച്ചറിഞ്ഞ മര്യാദാ പുരുഷോത്തമനായിരുന്നു രാമന്. അല്‍പ്പമൊന്ന് മാറി ചിന്തിച്ചിരുന്നെങ്കില്‍ അയോദ്ധ്യ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു, വനത്തില്‍ പോകേണ്ടി വരില്ലായിരുന്നു. എന്നാല്‍ രാമന് ഇതിഹാസമായി മാറി. രാവണന്റെ മാര്‍ഗം അധര്‍മ്മമായിരുന്നു.
പക്ഷേ രാമനോട് പൊരുതി വീഴുമ്പോളും രാവണന് വീരനായിരുന്നു. പക്ഷേ ഇന്ന് ഭാരതീയ ജനാധിപത്യ പോരാട്ടഭൂമിയില്‍ രാഹുലിന് രാമനാകാനൊരിക്കലും കഴിയില്ല എന്നതോ പോകട്ടെ, രാവണനാകാന്‍ പോലും കഴിയുന്നില്ല. രാഷ്ട്രീയ രണതന്ത്രപ്രധാനമായ ശസ്ത്രവും പഠിച്ചിട്ടില്ല, ശാസ്ത്രവും പഠിച്ചിട്ടില്ല. ധാര്‍മ്മികത ഒട്ടും തൊട്ടു തീണ്ടിയിട്ടുമില്ല. നെഹ്റു-ഗാന്ധി ‘രാജവംശത്തിലെ’ ആറാം തമ്പുരാന് സമ്മതം മൂളിയാല്‍ സിംഹാസനം ഒഴിഞ്ഞു കിട്ടുമെന്നാണ് കരുതിയിറങ്ങിയത്. 50 വയസ്സു കഴിഞ്ഞ ജീവിതത്തിലെ ഇരുപതു വര്‍ഷങ്ങള്‍ കയറിയിറങ്ങി കളഞ്ഞുപുളിച്ചെങ്കിലും കാര്യവിവരമുള്ള ജനസമൂഹം കണ്ടാല്‍ ചിരിക്കുന്ന അവസ്ഥയാണിപ്പോഴും! കയ്യിലിരിപ്പുകൊണ്ട് കൈവിട്ട കിരീടം തിരിച്ചു പിടിക്കാന്‍ 2014 മുതല്‍ പൊരിവെയിലത്ത് പോരാട്ടം വീണും ഉരുണ്ടും തുടരുകയാണ്. തിരിഞ്ഞു നോക്കി ഇനിയൊന്ന് ആലോചിച്ചുകൂടെ എവിടെയാണ് വഴികള്‍ തെറ്റിയതെന്നും ചിന്തകള്‍ തലതിരിഞ്ഞതെന്നും?
മോത്തിലാല്‍ നെഹ്റു ഗാന്ധിജിയെ സ്വാധീനം ചെയ്തതിന്റെ പരിണതഫലമായി 1929ലും 1935ലും 1946ലും വ്യക്തമായ ഉള്‍പ്പാര്‍ട്ടി ഭൂരിപക്ഷപിന്തുണയുണ്ടായിരുന്ന സര്‍ദാര്‍ പട്ടേലിനെ തഴഞ്ഞാണ് ജവഹര്‍ലാല്‍ നെഹ്റു കസേര തരപ്പെടുത്തിയത്. നെഹ്റു മരണശേഷം പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ ഒഴിവാക്കിക്കിട്ടിയതോടെ കാമരാജിനെ കരുവാക്കിക്കൊണ്ട് നേരത്തെ നെഹ്റുതന്നെ തയാറാക്കിയിരുന്ന പദ്ധതിയനുസരിച്ച് ഇന്ദിര കസേര തരപ്പെടുത്തി. ഇന്ദിര കൊല്ലപ്പെട്ടു കിടന്നയുടനെ ശവസംസ്കാരത്തിനു പോലും കാത്തിരിക്കാതെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞയെടുക്കുകയായിരുന്നു രാജീവ്. വൃദ്ധനും പിന്നാക്ക വിഭാഗക്കാരനുമായിരുന്ന സീതാറാം കേസരിയെ കുളിമുറിയില്‍ പൂട്ടിയിട്ടാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്ത് പ്രധാനമന്ത്രിപദം കവര്ന്നെടുക്കുവാന് സോണിയാ കളിതുടങ്ങിയത്. 1998ല്‍ രാഷ്ട്രപതി കെ.ആര്. നാരായണന് വഴിവിട്ടു സഹായിക്കാന്‍ തയാറായി കരുതിയിരുന്നെങ്കിലും ലാല്‍ കൃഷ്ണ അദ്വാനിയും മുലായം സിംഗും അസാധാരണവും അദ്ഭുതകരവുമായി ഒന്നുചേര്‍ന്ന്, സോണിയയുടെ സിംഹാസനാരോഹണം ഒഴിവാക്കി, അന്ന്, ഭാരതത്തെ രക്ഷിച്ചു.
2014ല്‍ അതേ മോഹവുമായി സോണിയ വീണ്ടും രാഷ്ട്രപതി ഭവനിലേക്ക് ഒരുങ്ങി ഓടിയെത്തിയെങ്കിലും ഡോ. സുബ്രഹ്മണ്യ സ്വാമി ഉയര്‍ത്തിയ ഭരണഘടനാ തടസ്സങ്ങളും ജനങ്ങളുടെയില്‍ വ്യാപകമായി പടര്‍ന്നുകഴിഞ്ഞ പ്രതിഷേധ വികാരങ്ങളെ സംബന്ധിച്ച് വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നും കിട്ടിയ സചനകളും ഗൗരവപൂര്‍വ്വം കണക്കിലെടുത്ത അന്നത്തെ രാഷ്ട്രപതിയുടെ വാക്കുകള്‍ കേട്ടതോടെ പത്തി മടക്കി ഡോ. മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയാക്കുന്നതിന് നിര്‍ബന്ധിതയാകുകയായിരുന്നു. വീണിടം വിദ്യയാക്കി ത്യാഗനാടകം തിമിര്‍ത്താടിയെങ്കിലും ഉള്ളില്‍ മകന് രാഹുലിലൂടെ അധികാരക്കസേര തിരിച്ചൂ പിടിക്കാന്‍ കളമൊരുക്കുവാനുള്ള കെണികള്‍ വെയ്ക്കുന്നതിലായി ഇറ്റാലിയന്‍ ‘തമ്പുരാട്ടിയുടെ’അടുത്ത നോട്ടം. മകനെ ശരിക്കറിയാവുന്ന അമ്മ, കഴിവില്ലായ്മയെ കാശിട്ടു മൂടിയാലേ കാര്യം നടക്കൂയെന്നു കരുതി നടത്തിയ കയ്യിട്ടുവാരലുകളാണ് ചരിത്രം തിരുത്തിയ തിരിച്ചടിക്കു വഴിയൊരുക്കിയത്. അതോടൊപ്പം ഗുജറാത്ത് വികസനമോഡല്‍ ഭാരതത്തിനുമുമ്പില്‍ ഉയര്‍ത്തിയ പുതിയ പ്രതീക്ഷകള്‍ കൂടിയായപ്പോള്‍ നരേന്ദ്ര മോദിയിലൂടെ ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ടുവെച്ച സകാരാത്മക രാഷ്ട്രീയ ബദല്‍, രാഷ്ട്രം രണ്ടു കൈകളും നീട്ടി സ്വന്തമാക്കുകയായിരുന്നു.
രാഹുല്‍ തിരിച്ചറിയേണ്ടകാര്യം പാക്കിസ്ഥാനും ചൈനയും ഉള്‍പ്പടെ ഇതുവരെ ആരോടൊക്കെ ചേര്‍ന്നുനിന്നുവോ അവര്‍ക്കും ദേശീയ/അന്തര്‍ ദേശീയ മാധ്യമങ്ങളിലെ ഈ വക വെളിപ്പെടുത്തലുകളില്‍ നിന്ന് ഭാരതത്തിലെ പൊതുജനാഭിപ്രായത്തിന്റെ അളവറിയുവാന് കഴിയുമെന്നുള്ളതാണ്. ഒപ്പം തന്നെ മണിശങ്കര്‍ അയ്യര്‍ വഴിയും ഡോ. ശശിതരൂര്‍ വഴിയും മറ്റും ആ രാജ്യങ്ങളുമായി ധാരണയുണ്ടാക്കി പയറ്റി നോക്കിയ കുത്തിത്തിരുപ്പുകളൊന്നും മോദി ഭരണകൂടത്തിന്റെയും ദേശീയതയോടൊപ്പം നിന്നവരുടെയും ഫലപ്രദമായ പ്രതിരോധത്തെ അതിജീവിച്ച് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുമില്ല. ചൈനയും പാക്കിസ്ഥാനും കണക്ക് ചോദിക്കാന്‍ തൂടങ്ങിയാല്‍ ഇനി പറയൂന്നവയ്ക്കെങ്കിലും ഉത്തരങ്ങള്‍ പറയേണ്ടിവരും. 1) നരേന്ദ്രമോദി ഒഴിവായെങ്കിലേ രക്ഷയുള്ളുയെന്നാണ് മണിശങ്കര്‍ പാക്കിസ്ഥാനില്‍ ചെന്നു കരഞ്ഞു പറഞ്ഞു (മോദിയെ പ്രധാനമന്തിപദത്തിലിറക്കണമെന്നു പോലുമല്ല പറഞ്ഞതെന്നതോര്ക്കുക). മോദി ശത്രുക്കള്‍ പറ്റുന്ന പണിയൊക്കെ പയറ്റി നോക്കിയിട്ടുണ്ടാകണം. പക്ഷേ മോദി ഇന്നും പയറു പോലെ നടക്കുന്നു. 2) പൂണൂലിട്ടോ, പൂജനടത്തിയോ ഞാനും ബ്രാഹ്മണനാണെന്ന് നടിച്ച് ഹിന്ദുവിനെ പറ്റിച്ച് അവരുടെ വോട്ടുകള്‍ നേടിക്കൊള്ളുക. ആ വക അഭ്യാസങ്ങള്‍ വെറും കണ്കെട്ടുകളാണെന്ന് പറഞ്ഞു മനസ്സിലാക്കി മുസ്ലീം വര്‍ഗീയവാദികള്‍ വഴി സ്ഥിരനിക്ഷേപമുള്ള വോട്ടു ബാങ്ക്, പാക്കിസ്ഥാന് ഉറപ്പാക്കി. നോട്ടു ബാങ്ക്, എടിഎം സൗകര്യത്തോടെ, രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പരിസരത്തുതന്നെ ചൈന പണിതുകൊടുത്തു. കമ്യൂണിസ്റ്റ്-നക്സല്‍-മാവോയിസ്റ്റു പരിവാര്‍ വഴി മറ്റൊരു വോട്ടു ബാങ്കും മാധ്യമങ്ങളിലുള്‍പ്പടെ ഉപയോഗിക്കാവുന്ന ഗുണ്ടാപ്പടകളും ലഭ്യമാക്കി.
സമഗ്രമായ പുതിയ ഭാരത സമീപനത്തിന്റെ കേന്ദ്ര ബിന്ദുവായ ആത്മനിര്‍ഭര ഭാരത സങ്കല്പം കൃഷിയുടെ മുന്‍ഗണനയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനു വിലങ്ങുതടിയാകാന്‍ ട്രാക്ടറില്‍ കയറി കുഷ്യനിട്ടു കുത്തിയിരുന്ന് കുറച്ച് കഴിഞ്ഞാല്‍ നേരറിഞ്ഞുകഴിയുമ്പോള് കര്‍ഷകര്‍ തന്നെ രാഹുലിനെയും കൂട്ടരെയും കണ്ടം വഴി ഓടിക്കുമെന്ന് മുമ്പേ കണ്ടിട്ടും അറിയാതെ ഇരിക്കുന്നവരാകില്ല സമരത്തിന്റെ പ്രായോജകരായ വിദേശശക്തികളും. രാജസ്ഥാനിലെയും കേരളത്തിലെയും ഉത്തരപ്രദേശിലെ തന്നെ ബല്റാംപൂരിലെയുമൊക്കെ ബലാത്സംഗങ്ങളിലും കൊലപാതകങ്ങളിലുമൊന്നും പ്രതികരിക്കാതെ ഹാഥ്രസ്സിലെ പാവപ്പെട്ട കുട്ടിയെ പ്രണയിച്ചിട്ടും സ്വന്തമാകില്ലായെന്നു വന്നതിന് കാമുകനാണോ ദുരഭിമാനത്തിന്റെ പേരില്‍ സഹോദരനാണോ കൊന്നതെന്ന് അറിയാന്‍ കാത്തുനില്‍ക്കാതെ മുന്‍ എഐസിസി സെക്രട്ടറിയുള്പ്പടെയുള്ളവരെ, സമുദായങ്ങളെ തമ്മില്‍ തല്ലിച്ചു കൊല്ലാനും കൊള്ളിവെക്കാനും, വേണ്ടി നിയോഗിക്കുകയായിരുന്നു രാഹുലും കോണ്‍ഗ്രസ്സും. സമൂഹമാധ്യമങ്ങളെയും കൂടെ നല്ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെയും പരമാവധി ഉപയോഗിച്ചു നുണപ്രചരണവും നടത്തി. ട്രാക്ടര്‍ സമരത്തിന്റെയും ഹാഥ്രസ്സ് യാത്രയുടെയും രഹസ്യങ്ങളറിയാനിനി ആരും ബാക്കിയില്ല. കാര്‍ഷിക നയത്തിനെതിരെ അമരീന്ദര്‍ സിംഗ് സര്‍ക്കാരിനെക്കൊണ്ട് സ്പോണ്സര് ചെയ്യിച്ച ട്രാക്ടര്‍ യാത്രയ്ക്കും ക്രൂരമായി കൊല ചെയ്യപ്പെട്ട ഹാഥ്രസ്സിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഫോട്ടോകളെടുക്കുവാന്‍ നടത്തിയ യാത്രക്കും ലക്ഷ്യങ്ങളെന്തായിരുന്നൂയെന്ന് വ്യക്തം. ഒന്ന് കാര്‍ഷിക വളര്‍ച്ചയിലൂടെ ആത്മനിര്‍ഭര ഭാരത സങ്കല്പത്തിലൂടെയുള്ള വളര്‍ച്ചയുടെ വഴിമുടക്കുക. ചൈനയില്‍നിന്ന് ഒഴിഞ്ഞു പോരുന്ന കമ്പനികളെ വരെ സ്വാഗതം ചെയ്ത് ഉത്തര പ്രദേശിനെ വികസനത്തിലെത്തിച്ച് പുതിയ ഭാരത സൃഷ്ടിയുടെ ചാലകശക്തിയാകുന്നതിന് യോഗി നടത്തുന്ന പരിശ്രമങ്ങള്‍ക്കു തടയിടുക. പക്ഷേ തൊട്ടതിലും പിടിച്ചതിലുമൊക്കെ പൊട്ടിത്തകര്‍ന്ന രാഹുലിനെ കൂടെയുള്ളവരും കയ്യൊഴിയുമെന്ന അവസ്ഥയിലേക്കു നീങ്ങാനിനി അധികം സമയമെടുക്കില്ലായെന്നതിന്റെ സൂചനകള്‍ വേണ്ടത്ര ലഭിക്കുന്നുണ്ട്. അവിടെയും രാഹുലിന് വേണമെങ്കില്‍ ഭാരതത്തിന്റെ പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചു വരാന്‍ ഒരു വഴി ബാക്കിയുണ്ടെന്നതാണ് ഭാഗ്യം.
ഗാന്ധിജിയെ അനുസരിക്കുകയെന്നതാണ് ഇനി രാഹുലിന്റെ മുന്നിലുള്ള അനര്‍ത്ഥം ഒഴിവാക്കാനുതകുന്ന ഏറ്റവും നല്ല മാര്‍ഗം. തന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഗാന്ധിജി ജവഹര്‍ലാലിന് കൊടുത്ത ഒരു നിര്‍ദ്ദേശമുണ്ട്. നെഹ്റുവോ ഇന്ദിരയോ രാജീവോ സോണിയയോ പാലിക്കുകയോ നടപ്പില്‍ വരുത്തുകയോ ചെയ്യാത്ത ഒരു നിര്‍ദ്ദേശം! ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടാനായിരുന്നു അത്. ഏതായാലും കേരളത്തില്‍ നിന്നുള്ള പതിനാറും കൂട്ടിയിട്ടും ലോകസഭയുടെ പത്തുശതമാനത്തിലും താഴെ അംഗങ്ങളാക്കി കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്കുവാന്‍ രാഹുലിന് കഴിഞ്ഞു. ജീവിതത്തില്‍ എത്ര വലിയ പരാജയം ഉണ്ടായാലും അവനവനു കഴിവുള്ള കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ രക്ഷപെടാമെന്ന് എത്രയോ പേര് തെളിയിച്ചിട്ടുണ്ട്? അതുകൊണ്ട് രാഹുല്‍ കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായി പിരിച്ചുവിട്ട് ഗാന്ധിജിയെ അനുസരിക്കണം. പകരം അദ്ദേഹം പറഞ്ഞതുപോലെ ലോക സേവാ സംഘം തുടങ്ങണം. കിട്ടാവുന്നവരെ കൂടെ കൂട്ടണം.
ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കിറങ്ങണം. മോദിയോടിടയാന് നോക്കരുത്. രാഷ്ട്രീയവും ഭരണ രംഗവും അതിന് കഴിവും കാര്യ പ്രാപ്തിയുമുള്ള മോദി നോക്കുമ്പോള്‍ ഗാന്ധിയന്‍ വഴിയെ സമാജ സേവയും പരിഷ്കരണവുമായി രാഹുലിന് ഭാരതപൊതുജീവിതത്തിന്റെ മുഖ്യധാരയില്‍ തിളങ്ങി നില്ക്കാം. മോദി എല്ലാവര്ക്കും ശൗചാലയങ്ങള്‍ക്ക് വ്യവസ്ഥ ഒരുക്കുമ്പോള്‍ അത് വേണ്ട വിധം വൃത്തിയായി ഉപയോഗിക്കാന്‍ ഗ്രാമീണ ജനതയോടൊപ്പം നിന്നാല്‍ രാഹുലിനും ചരിത്രത്തിലിടം പിടിക്കാം. ആത്മ നിര്‍ഭര ഭാരതത്തിനു വേണ്ടി സമാജത്തിലുണര്വ്വുണ്ടാക്കാം പുതിയ വിദ്യാഭ്യാസ നയത്തോടൊപ്പം നിന്ന് അടിസ്ഥാന സമൂഹത്തിന്റെ ജീവിതതലം ഉയര്‍ത്താം. ഒരു പക്ഷേ അധികാരം കയ്യാളുന്ന നരേന്ദ്രമോദിയെക്കാള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് രാഷ്ട്രത്തോടൊപ്പം നില്ക്കുന്ന രാഹുല്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ വഴികാട്ടിയായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: