ന്യൂദല്‍ഹി : കൊറോണ പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച്ച വന്നതായി രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ആദ്യഘട്ടത്തില്‍ വൈറസിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിരോധം പിന്നോട്ട് പോവുകയായിരുന്നു. ഹര്ഷവര്ധന് പങ്കെടുത്ത സണ്‍ഡേ സംവാദ് എന്ന പരിപാടിയുടെ ടീസര്‍ പുറത്തുവിട്ടതിലാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടത്തില്‍ രോഗത്തെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ വലിയ വില നല്‍കുന്നതെന്നും ഹര്ഷവര്ധന് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഉള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേരളം ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് വിള്ളല്‍ വീണു. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തില്‍ കേരളത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: