ഇന്ന് സവിതാവ് ദേവി പ്രതിനിധമായ ശുക്രരാശിയായ തുലാം രാശിയില്‍ പ്രവേശിക്കുന്ന പുണ്യ ദിവസം. ‘ബ്രഹ്മസത്യം ജഗന്മിഥ്യ ‘എന്ന പരംപൊരുള്‍ അറിഞ്ഞ നാറാണത്ത് ഭ്രാന്തന് ദേവി പ്രത്യക്ഷ ദര്‍ശനം നല്കിയ ദിനം. അദ്ദേഹത്തിന്റെ കര്‍മരംഗമായിരുന്ന രായിരനെല്ലൂര്‍ മലമുകളില്‍ വെച്ചാണ് ദേവി ദര്‍ശനം നല്കി അന്തര്‍ധാനം ചെയ്തത്. അവിടെ പതിഞ്ഞ ദേവീപാദത്തില്‍ പൂജചെയ്ത് അദ്ദേഹം ജ്ഞാന സിദ്ധനായി. അവിടെ പിന്നീട് കണ്ണാടി പ്രതിഷ്ഠ നടത്തി ക്ഷേത്രം രൂപം കൊണ്ടു. ഈ ദിവസം അവിടേക്ക് പതിനായിരങ്ങളാണ് ദേവീ ദര്‍ശനത്തിനായി മലകയറി എത്തുന്നത്. ദേവീപാദത്തില്‍ നിന്നും വരുന്ന ഉറവിലെ ജലമാണ് അവിടെ തീര്‍ഥമായി നല്‍കുന്നത്. നാറാണത്ത് ഭ്രാന്തന് കല്ലുരുട്ടികയറ്റി താഴേക്കു തള്ളി അട്ടഹസിച്ചു
പൊട്ടി ചിരിക്കാറുള്ള മലയാണ് ഇത്. മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ഈ പ്രവൃത്തി ആര്യഭടന്‍ വികസിപ്പിച്ച ‘ഗോളഗണിതമര്‍മ ജ്യാവ്’ സമ്പ്രദായ പ്രതീകമായി ചന്ദ്രഹരി പറഞ്ഞത് ശ്രദ്ധേയമാണ്. വിക്രമാദിത്യ പണ്ഡിതസദസ്സിലെ പ്രധാനിയായ വരരുചിക്കു പഞ്ചമിയില്‍ പിറന്ന പുകള്‍ പെറ്റ ‘പന്തീരുകുലത്തിലെ’ പതിനൊന്നാമത്തെ സന്തതിയായിരുന്നു അവധൂതനായ നാറാണത്തു ഭ്രാന്തന്. നാരായണത്തുമനയിലുള്ളവരാണ് ഉപേക്ഷിക്കപ്പെട്ട ഈ കുഞ്ഞിനെ എടുത്തു വളര്‍ത്തി നാരായണനെന്ന് നാമകരണം ചെയ്തത്.
പട്ടാമ്പിക്കടുത്ത് കൊപ്പം വളാഞ്ചേരി പാതയില്‍ ‘ഒന്നാന്തിപ്പടി’ യില്‍ നിന്ന് വേണം 2000 ത്തോളം അടി ഉയരമുള്ള മലകയറാന്‍. മലമുകളില്‍ ശില്പി സുരേന്ദ്രകൃഷ്ണന്‍ 1995ല്‍ നിര്‍മിച്ച നാറാണത്ത് ഭ്രാന്തന്റെ ഒരു പടുകൂറ്റന്‍ പ്രതിമയും ആകര്‍ഷണീയമാണ്. ജ്യോതിഷതന്ത്രവിഷയങ്ങളില് അപാരജ്ഞാനിയായിരുന്ന നാറാണത്തുഭ്രാന്തനാല് പ്രതിഷ്ഠിതമായ മഹാക്ഷേത്രങ്ങളും ഉണ്ട്. കോഴിക്കോട് ചാത്തമംഗലത്തെ പ്രശസ്തവും ചിരപുരാതനവുമായ പാര്‍ഥസാരഥി സന്താനഗോപാല ക്ഷേത്രം അതിലൊന്നാണ്. അത്ഭുതസിദ്ധികളും ദാര്ശനികതലങ്ങളുമുള്ള പ്രവൃത്തികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ഈ യോഗിവര്യന്റെ ജീവിതം.
‘പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍’
എന്ന മധുസൂദനന് നായരുടെ പ്രസിദ്ധമായ ‘നാറണത്തുഭ്രാന്തന്’ എന്ന കവിതയിലെ വരികള്‍ മലയാളിക്കു ഹൃദിസ്ഥമാണ്.
മുരളീധരന് രാജ പി. കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: