കേരളാ കോണ്‍ഗ്രസ്സിന്റെ ജോസ് കെ. മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ആനയിക്കുക വഴി സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുന്‍കാലത്ത് പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയിലെടുക്കാന്‍ പള്ളിക്കാരെയും പട്ടക്കാരെയും തള്ളിപ്പറയണമെന്ന് സിപിഎമ്മിന്റെ താത്വികാചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉപാധി വച്ചിരുന്നു. തങ്ങള്‍ വര്‍ഗീയ വിരുദ്ധരാണെന്നും, ക്രൈസ്തവ വര്‍ഗീയതയുടെ രാഷ്ട്രീയം പയറ്റുന്ന ഒരു പാര്‍ട്ടി സ്വീകാര്യമാവണമെങ്കില്‍ ഇതിന് തയ്യാറായേ പറ്റൂ എന്നാണ് ഇഎംഎസ് മേനി നടിച്ചിരുന്നത്. ഇതിനൊന്നും വഴങ്ങിക്കൊടുക്കാതെ തന്നെ ജോസഫ് ഇടതുമുന്നണിയിലെത്തി എന്നത് വേറെ കാര്യം. വര്‍ഗീയതയുടെ കാര്യത്തില്‍ ഇങ്ങനെയൊരു നാട്യം പോലും ഇപ്പോള്‍ സിപിഎം പ്രകടിപ്പിക്കുന്നില്ല. ആരെ വേണമെങ്കിലും ചുമക്കാവുന്ന ഒരു അവസ്ഥയിലേക്ക് ഇടതുമുന്നണി മാറിയിരിക്കുന്നു. ആ ചെളിക്കുണ്ടിലേക്ക് ആര്‍ക്കുവേണമെങ്കിലും കടന്നുചെല്ലാം. ഇരുകയ്യും നീട്ടി സ്വീകരിക്കപ്പെടും. മാണി കോണ്‍ഗ്രസ്സിനെ മുന്നണിയിലെടുത്താല്‍ ആത്മഹത്യ ചെയ്യുമെന്ന് അടിക്കടി മുറവിളി കൂട്ടിക്കൊണ്ടിരുന്ന സിപിഐയും അതിന്റെ നേതാവ് കാനം രാജേന്ദ്രനും ഇപ്പോള്‍ മാണിയുടെ മകന് ചുവപ്പു പരവതാനി വിരിക്കുന്ന തിരക്കിലാണ്.
ജോസ് കെ. മാണിയുടെ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതില്‍ നയപരമായ പ്രശ്നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച വകയില്‍ ധനമന്ത്രിയായിരുന്ന മാണി കോഴ വാങ്ങിയെന്നും, മാണിയുടെ പാലായിലെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും നാടുനീളെ അലമുറയിട്ടു നടന്നവരാണ് സിപിഎമ്മുകാര്‍. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി
ണറായിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണ്ട് മാണിയുടെ പാര്‍ട്ടിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ മുന്‍കൂറായി ചോര്‍ത്തി നല്കി കാശു വാങ്ങിയെന്നു പറഞ്ഞ് മന്ത്രി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ നിയമസഭയില്‍ അക്രമപ്പേക്കൂത്തു നടത്തിയവര്‍ അതേ മാണിയുടെ പാര്‍ട്ടിയെ വാഴ്ത്തിപ്പാടുന്നതിലെ അവസരവാദം അറപ്പുളവാക്കുന്നതാണ്. ‘അധ്വാനവര്‍ഗ സിദ്ധാന്തം’ എന്നൊരു അസംബന്ധവും പൊക്കിപ്പിടിച്ചു നടന്ന കാലത്തും മാണിയെ മുന്നണിയിലെടുക്കുന്നതിനെ എതിര്‍ത്തു പോന്ന സിപിഎം കേന്ദ്ര നേതൃത്വവും മാണിയുടെ പാര്‍ട്ടിക്ക് ഹല്ലേലുയാ പാടുകയാണ്. സോണിയാ കോണ്‍ഗ്രസ്സിന്റെ ചെലവില്‍ രാജ്യസഭയിലെത്താന്‍ ശ്രമിച്ച് നടക്കാതെ പോയ സീതാറാം യെച്ചൂരിക്ക് ജോസ് കെ. മാണി രാജിവച്ച ഒഴിവില്‍ അതിന് വഴിതെളിഞ്ഞിരിക്കുന്നതാണോ പൊളിറ്റ് ബ്യൂറോയുടെ പച്ചക്കൊടിക്കു പിന്നിലെന്ന് സംശയിക്കണം.
ജോസ് കെ. മാണിയുടെ വരവ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത്. ഇതിനര്‍ത്ഥം ഇതുവരെ അതിന് സാധ്യതയില്ലെന്നാണ്. അധികാര ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായ പിണറായിയുടെ മുഖം കാണുന്നതുതന്നെ സാധാരണ ജനങ്ങള്‍ക്ക് അസഹ്യമായിരിക്കുന്നു. സ്വര്‍ണക്കടത്തും കണ്‍സള്‍ട്ടന്‍സിയും വിദേശഫണ്ടുമൊക്കെയായി കോടികളുടെ അഴിമതിയാരോപണങ്ങള്‍ നേരിടുകയും, എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഏജന്‍സികളുടെ പിടിയിലകപ്പെടുകയും ചെയ്യാവുന്ന ഒരു ഭരണാധികാരി അധികാരത്തുടര്‍ച്ചയെക്കുറിച്ച് സ്വപ്നം കാണുന്നതുതന്നെ ഒരു ഫലിതമാണ്. ജനാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന സംവിധാനമായല്ല, ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സമാന്തര ഭരണം നടത്തുന്ന കൊള്ള സംഘത്തെപ്പോലെയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. പാലായിലും പരിസരപ്രദേശങ്ങളിലും മാത്രം ആളനക്കമുള്ള കേരളാ കോണ്‍ഗ്രസ്സിന്റെ ഒരു കഷണത്തെ, അതും ചിഹ്നംപോലും ഉറപ്പില്ലാത്ത പരിതാപകരമായ അവസ്ഥയില്‍ മുന്നണിയിലെടുത്ത് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. കേരള കോണ്‍ഗ്രസ്സ് വളരുന്തോറും പിളരുന്നത് ആശയപരമല്ല, ആമാശയപരമാണെന്ന വിമര്‍ശനം അവയിലൊന്നിനെ മുന്നണിയിലെടുത്ത സിപിഎമ്മിനും ബാധകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: