അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 149 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സ് എടുത്തു.
അഞ്ചു വിക്കറ്റിന് 61 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ പാറ്റ് കമ്മിന്‍സും ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗനും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. കമ്മിന്‍സ് 36 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 53 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മോര്ഗന് 29 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഇവര്‍ 87 റണ്‍സ് അടിച്ചെടുത്തു.
ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തുടക്കം പാളി. ഓപ്പണര്‍ രാഹുല്‍ ത്രിപാഠി ഏഴു റണ്‍സിന് പുറത്തായി. ഒന്നാം വിക്കറ്റ് വീഴുമ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ബോര്‍ഡില്‍ പതിനെട്ട് റണ്‍സ് മാത്രം. തുടര്‍ന്നെത്തിയ നിതീഷ് റാണ അഞ്ചു റണ്‍സുമായി മടങ്ങി- കൊല്‍ക്കത്ത രണ്ടിന് 33 റണ്‍സ്. പിന്നീട് ഗില്ലിന്റെ വിക്കറ്റ് വീണു. രാഹുല്‍ ചഹാറിന്റെ പന്തില്‍ പൊള്ളാര്‍ഡ് ഗില്ലിനെ പിടികൂടി. 23 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 21 റണ്‍സ് എടുത്തു.
കൊല്‍ക്കത്തയുടെ നായകസ്ഥാനം ഒഴിഞ്ഞ ദിനേശ് കാര്‍ത്തിക്കിനും പിടിച്ചുനില്‍ക്കാനായില്ല. രാഹുല്‍ ചഹാറിന്റെ പന്തില്‍ സ്റ്റമ്പ് തെറിച്ചു. നാലു റണ്‍സാണ് സമ്പാദ്യം. കാര്‍ത്തിക്കിന് പിന്നാലെ ആന്ദ്രെ റസ്സലും പുറത്തായി. ഒമ്പത് പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടക്കം പന്ത്രണ്ട് റണ്‍സ് നേടിയ റസ്സലിനെ ബുംറ വീഴ്ത്തി.
മുംബൈ ഇന്ത്യന്‍സിനായി രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ പതിനെട്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ട്, കോള്‍ട്ടര്‍ നൈല്‍, ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: