സഗ്രേബ് (ക്രൊയേഷ്യ): സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ അവസാന നിമിഷങ്ങളില്‍ നേടിയ ഗോളില്‍ ഫ്രാന്‍സിന് വിജയം. യുവേഫ നേഷന്‍സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഫ്രാന്‍സ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗലിന് ഒപ്പം എത്തി.
തുടക്കത്തില്‍ തന്നെ ഗ്രീസ്മാന് ഫ്രാന്‍സിന് ലീഡ് നേടിക്കൊടുത്തു. പക്ഷെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്രൊയേഷ്യയുടെ നികോള വഌസിക് ഗോള്‍ മടക്കി. അവസാന നിമിഷങ്ങളില്‍ എംബാപ്പെ വിജയഗോള്‍ കുറിച്ചു. പോള്‍ പോഗ്ബ മൈതാന മധ്യത്തില്‍ നിന്ന് നീട്ടകൊടുത്ത പന്ത് ലുകാസ് ഡൈന്‍ എംബാപ്പെയ്ക്ക് പാസ് ചെയ്തു. ഗോള്‍ മുഖത്തിന് അടുത്തുനിന്ന് എംബാപ്പെ തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറി. എംബാപ്പെയുടെ 16-ാം രാജ്യാന്തര ഗോളാണിത്.
കൊയേഷ്യക്ക് ഇതുവരെ ഫ്രാന്‍സിനെ തോല്‍പ്പിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം നേഷന്‍സ് ലീഗില്‍ 4-2ന് ഫ്രാന്‍സിനോട് തോറ്റു. 2018ലെ ലോകകപ്പ് ഫൈനലിലും 4-2ന് ഫ്രാന്‍സിന് കീഴടങ്ങി. 1998ലെ ലോകകപ്പ് സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു.
നൂറാം മത്സരത്തില്‍ ഗോള്‍ നേടി ക്രിസ്റ്റിയന്‍ എറിക്സണ് ഡെന്മാര്ക്കിന് വിജയം സ്മ്മാനിച്ചു. യുവേഫ നേഷന്‍സ് ലീഗില്‍ പത്തുപേരുമായി പൊരുതിയ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഡെന്മാര്ക്ക് തോല്‍പ്പിച്ചു. ഡെന്മാര്ക്കിനായി നൂറാം മത്സരം കളിച്ച എറിക്സണ് പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്.
സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ നേടിയ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ പകുതിയില്‍ തന്നെ ഹാരി മാഗുറി രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പത്ത് പേരുമായാണ് പൊരുതിയത്.
സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയെ കൂടാതെയും ജയിക്കാനാകുമെന്ന് പോര്‍ച്ചുഗല്‍ തെളിയിച്ചു. യുവേഫ നേഷന്‍സ് ലീഗില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്തുവിട്ടു..
കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയെ സ്വീഡനെതിരായ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി കളിക്കുന്ന റൊണാള്‍ഡോ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇറ്റലിയിലേക്ക് മടങ്ങി. ഐസോലേഷനില്‍ പ്രവേശിച്ച റൊണാള്‍ഡോയ്ക്ക് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: