തിരുവില്വാമല: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് വാടക വീട്ടില്‍ വെട്ടേറ്റ് മരിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയം. തിരുവില്വാമല തീണ്ടാപ്പാറ കാക്കശേരി കളത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി റഫീഖാ (30) ണ് കഴിഞ്ഞ ദിവസം മരിച്ചത്.
പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശി ഫാസിലി (24)നെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവില്വാമലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരായ റഫീഖും ഫാസിലും പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്.
തിങ്കളാഴ്ച ഉച്ചയോടെ പ്രതിയായ ഫൈസലിനെ പിടികൂടാനായി പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ എസ്ഐ ജലീലിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പട്ടിപ്പറമ്പില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കൊലപാതകിയെപ്പറ്റി യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന, കഞ്ചാവ് കേസുമായി ബന്ധമുള്ള പാലക്കാട് സ്വദേശി ഷബീര്‍ അലി (38) എന്നയാള്‍ പോലിസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെ രാവിലെ ഡോഗ് സ്ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.
കൊലപാതകം നടന്ന വീടിനു സമീപമുള്ള കരിങ്കല്‍ ക്വാറി വരെ പോലീസ് നായ മണം പിടിച്ച് പോയെങ്കിലും തെളിവ് ലഭിച്ചില്ല. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വെട്ടുകത്തി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന് ഉറപ്പില്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. റഫീഖിനും ഫാസിലിനും ഒപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ ഒളിവിലുമാണ്.
സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യ, അസി. പോലീസ് കമ്മീഷണര്‍ ടി.എസ്. സിനോജ്, പഴയന്നൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജെ. നിസാമുദ്ദീന്‍, ചേലക്കര സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ. ബാലകൃഷ്ണന്, ക്രൈം ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷറഫ്, എസ്ഐ ഹബീബ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: