ഇടവെട്ടി: ദിവസവും അനവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഇടവെട്ടി കനാല്‍ റോഡ് പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറെ കാലത്തെ ആവശ്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജലസേചന വകുപ്പ് പഞ്ചായത്തിന് ഫണ്ട് അനുവദിച്ചെങ്കിലും റോഡ് നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. നാട് നീളെ ഫ്ളക്സ് വെച്ച് ഭരണ സമിതി പ്രചാരണം നടത്തിയ തുക മാത്രം നഷ്ടം.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ റോഡ് എംവിഐപി റോഡെന്നാണ് അറിയപ്പെടുന്നത്. ഇടവെട്ടി പഞ്ചായത്തില്‍ ഏതാണ് ആറര കിലോ മീറ്റര്‍ ദൂരമാണ് റോഡുള്ളത്. തെക്കുഭാഗം മുതല്‍ തൊണ്ടിക്കുഴ വരെയാണ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റോഡ് വരുന്നത്.
ഇതില്‍ ബാങ്ക് ജങ്ഷനില്‍ നിന്ന് പട്ടയംകവല ഭാഗത്തേക്കുള്ള റോഡില്‍ മിക്കയിടത്തും ടാറിങ് പേരിന് പോലും ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്ത് അതിര്‍ത്തിയായ പട്ടയംകവലയ്ക്ക് സമീപം വരെ ഇതേ അവസ്ഥയാണ് നിലവിലുള്ളത്. ഏതാണ്ട് നാല് കിലോ മീറ്ററോളം ദൂരമുള്ള ഈ വഴി ഇടയ്ക്ക് കാരിക്കോട്-പട്ടയംകവല എംവിഐപി റോഡ് മുറിച്ച് കടന്നാണ് കടന്ന് പോകുന്നത്. രണ്ട് പാലങ്ങളും ഈ റോഡിലുണ്ട്.
വഴി തകര്‍ന്ന് കിടക്കുന്നതിനാല്‍ ഓട്ടോറിക്ഷകള്‍ ഓട്ടം വിളിച്ചാല്‍ പോലും വരാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. രോഗികളെയും മറ്റുമായി പോകുന്നവരാണ് ഏറെയും വലയുന്നത്. പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടത് വാഹന യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. കുഴിയില്‍ വെള്ളം കെട്ടി കിടക്കുന്നതോടെ ആഴമറിയാതെ എത്തി അപകടത്തില്‍ പെടുന്നതും പതിവ് സംഭവമാണ്. ഇടവെട്ടി പഞ്ചായത്ത് ഓഫീസ്, കാരിക്കോട് വില്ലേജ് ഓഫീസ്, വിവിധ ക്ഷേത്രങ്ങള്‍, സ്കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ റോഡിന്റെ ഇരുവശങ്ങളിലുമായുണ്ട്.
മണ്ണിട്ട് നികത്തി കുളമാക്കി
ദിനവും നിരവധി പേരാണ് കാല്‍നടയായി പോലും ഈ വഴി ഉപയോഗിക്കുന്നത്. അടുത്തിടെ റോഡിലെ വലിയ കുഴികള്‍ മണ്ണിട്ട് നികത്തിയിരുന്നു. മഴയും വാഹനങ്ങളുടെ കടന്ന് പോക്കും കൂടി ആയപ്പോള്‍ ഈ വഴി ചെളി നിറഞ്ഞ് കിടക്കുകയാണ്.
ചെളി നിറഞ്ഞ് വെള്ളക്കെട്ടായതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഈ വഴി ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മഴമാറി വെയിലെത്തിയാല്‍ പോടി ശല്യവും രൂക്ഷമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറ് കണക്കിന് വീടുകളുണ്ട്, ആയിരക്കണക്കിന് താമസക്കാരും. ഇവരെല്ലാം പുറം ലോകവുമായി ബന്ധപ്പെടാന്‍ ഉപയോഗിക്കുന്ന ഏക വഴിയാണ് ഇത്.
തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും
മേഖലയിലെ താമസക്കാര്‍ക്ക് എളുപ്പത്തില്‍ തൊടുപുഴയ്ക്കും മുട്ടം ഭാഗത്തേക്കും പോകുവാന്‍ സാധിക്കുന്ന വഴിയാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി നശിച്ച് കിടക്കുന്നത്. സമാനമായി കനാലിന്റെ മറുവശത്തും റോഡ് ഉണ്ടെങ്കിലും നാളിതുവരെ ഈ റോഡില്‍ പലതും ടാര്‍ പോലും ചെയ്തിട്ടില്ല. ഇതോടെ ഇരുവശങ്ങളിലുമായി ദുരിത ജീവിതം തള്ളി നീക്കുകയാണ് ജനത. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇതിനുള്ള മറുപടി വോട്ടിലൂടെ നല്‍കുമെന്ന ഉറച്ച് തീരുമാനത്തോടെ.
ആറര വര്‍ഷം മുമ്പ് പി.ജെ. ജോസഫ് ജലവിഭവ വകുപ്പ് മന്ത്രി ആയിരിക്കെയാണ് ഈ റോഡ് ടാര്‍ ചെയ്യുന്നത്. അന്നും ഒഴുവാക്കിയിട്ട അരകിലോ മീറ്ററോളം ഭാഗവും ഈ റോഡിലുണ്ട്. റോഡ് ടാര്‍ ചെയ്തെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാന്‍ ആരംഭിച്ചു.
പദ്ധതി മാറ്റിമറിച്ചത് തിരിച്ചടിയായി
സാധാരണയായി എംവിഐപി റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ പഞ്ചായത്തിന് സാധിക്കില്ല. ഇത് പഞ്ചായത്ത് വകയല്ല എന്നതാണ് കാരണം. എന്നാല്‍ കനാല്‍ അറ്റകുറ്റപണിക്ക് അല്ലാതെ ജലസേചന വകുപ്പ് ഫണ്ട് നല്‍കാറുമില്ല. ഇത്തരത്തില്‍ ഏറെ സമ്മര്‍ദം ചെലുത്തി മന്ത്രിയെ കണ്ട് സംസാരിച്ച് 2019ല്‍ 46,28,042 രൂപയാണ് പഞ്ചായത്ത് ഭരണ സമിതി നേടിയെടുത്തത്. എസ്റ്റിമേറ്റ് പ്രകാരം നാല് റോഡുകളുടെ അറ്റകുറ്റപണിക്കാണ് ഈ പണം നല്‍കിയത്. എന്നാല്‍ മെമ്പര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഈ ഫണ്ട് കൂടുതല്‍ റോഡിന് വേണമെന്ന് ആവശ്യം വരുകയും നാല് ഏഴ് റോഡാക്കുകയും ചെയ്തു. ഇതറിഞ്ഞ ജലസേചന വകുപ്പ് അധികൃതര്‍ നാല് റോഡെന്നുള്ളത് മാറ്റാനാകില്ലെന്ന് അറിയിച്ചു. പിന്നീട് നാല് റോഡ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇത് നീണ്ട് പോയി.
പൊട്ടിപൊളിഞ്ഞു; റീടാറിങ് വേണം
പരാതി ശക്തമായതോടെ ഉള്ള റോഡ് ടാര്‍ ചെയ്യാന്‍ നീക്കം നടക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നടത്തിയ പരിശോധനയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നതായും അറ്റകുറ്റപണിയല്ല വേണതെന്നും പൂര്‍ണ്ണമായും റോഡ് പുനര്‍നിര്‍മ്മിക്കേണ്ടി വരുവെന്നും ഭരണസമതിയിയെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇതിനായി റിവിഷന്‍ നല്കാന് തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ നിലവിലെ ഫണ്ട് അനുവദിച്ച് ടാര്‍ ചെയ്യാവുന്ന ദൂരം കുറയും. ഇത് വീണ്ടും തര്‍ക്കത്തിന് ഇടയാക്കും. നേരത്തെ തന്നെ റോഡ് അറ്റകുറ്റപണി നടത്തിയിരുന്നെങ്കിലും ഇത്രയും വലിയ പ്രശ്നം വരികയുമില്ലായിരുന്നു.
തെരഞ്ഞെടുപ്പ് കഴിയണം
റോഡിന്റെ പണി ഇനി നടക്കണമെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ പിന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ല. പുതിയ എസ്റ്റിമേറ്റ് പ്രകാരം നടപടികള്‍ പൂര്‍ത്തിയായി അനുമതി ലഭിക്കാന്‍ ഇനിയും സമയമെടുക്കും. തുടരുന്ന മഴയും തിരിച്ചടിയാണ്.
പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പ് കൂടി വരുന്നതിനാല്‍ അടുത്ത കാലത്തൊന്നും ഈ റോഡ് പഴയപടിയാകില്ലെന്നും ഫണ്ട് അനുവദിച്ചിട്ട് പണി നടത്താന്‍ സാധിക്കാത്തത് ഭരണ സമിതിയുടെ കെടുകാര്യസ്ഥയാണെന്ന് ബിജെപി നേതാക്കളും പറഞ്ഞു. ഇതിനെല്ലാം ജനങ്ങള്‍ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: