അമ്പലപ്പുഴ: മറ്റൊരു വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ ഭാര്യ ഉഷയാണ് അശോകനോട് സംസ്ഥാന അവാര്‍ഡിന് അര്‍ഹനായ വിവരം പറയുന്നത്. ഫോണെടുക്കാതെ പോയ അശോകന്റെ ഫോണിലേക്ക് അവാര്‍ഡു വിവരമറിയിക്കുന്നത് സംവിധായകന് മനോജ് കാനയും. നീണ്ട രണ്ടരപ്പതിറ്റാണ്ടോളം സിനിമയില്‍ വസ്ത്രാലങ്കര രംഗത്ത് തിളങ്ങി നില്ക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് വട്ടക്കാട് വീട്ടില്‍ അശോകന് ( 58) ഇത് വൈകി ലഭിച്ച അംഗീകാരമായി മാറി.
മനോജ് കാന സംവിധാനം ചെയ്ത കെഞ്ചീര എന്ന ചലച്ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് അശോകന് അവാര്‍ഡു ലഭിച്ചത്.ആദിവാസികളുടെ നേര്‍ജീവിതം പച്ചയായി അവതരിപ്പിച്ച ഈ സിനിമയുടെ ചിത്രീകരണം വയനാട്ടിലായിരുന്നു. മനോജ് കാനയുടെ തന്നെ ചായില്യം, അമീബ എന്നീ ചിത്രങ്ങളിലും വസ്ത്രാലങ്കാരം ചെയ്തത് അശോകനായിരുന്നു. ചലച്ചിത്ര സംവിധായകന് വിനയനാണ് അശോകനെ ഈ രംഗത്തെത്തിച്ചത്. തുടക്കത്തില്‍ മനോജ് ആലപ്പുഴയുടെ സഹായിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ അശോകന് ഇതിനകം 200 ലേറെ സിനിമകളില്‍ തന്റെ കഴിവ് തെളിയിച്ചു.
17 വയസു മുതല്‍ തയ്യല്‍ ആരംഭിച്ചു. പറവൂര്‍ ജങ്ഷന് സമീപം നേരത്തെ തയ്യല്‍ക്കടയുമുണ്ടായിരുന്നു. നിരവധി സിനിമകളില്‍ വസ്ത്രാലങ്കാരത്തിന് അവസരം വന്നെങ്കിലും കോവിഡായതിനാല്‍ എല്ലാം നിലച്ചിരിക്കുകയാണ്. ഇതോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിങ് ജോലിക്കിറങ്ങിയത്. രാവിലെ ജോലിക്ക് പോയപ്പോള്‍ ഫോണെടുക്കാന്‍ മറന്നിരുന്നു. ഉച്ചയോടെ സംവിധായകര്‍ വിളിച്ച ശേഷം ഭാര്യ ഉഷയാണ് അവാര്‍ഡു വിവരം പറയുന്നത്. ഇനിയും സിനിമാരംഗത്തു തന്നെ തുടരണമെന്നു തന്നെയാണ് ഈ കലാകാരന്റെ ആഗ്രഹം. മക്കള്‍: അശ്വിന് കുമാര്‍, അനന്തകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: