പിലാത്തറ: കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മനോഹരമായ വരികളിലൂടെ പ്രസിദ്ധിയാര്‍ജിച്ച പാണപ്പുഴയുടെ കൈവഴിയായൊഴുകുന്ന വണ്ണാത്തിപ്പുഴ ഇന്ന് കേഴുകയാണ്. ഒഴുകി പോകാന്‍ വഴിയില്ലാതെ. നേരത്തെ കൊടും വേനലിലും വറ്റാതെ കൈതപ്രം, കണ്ടോന്താര്‍, ചെറുവിച്ചേരി ഗ്രാമങ്ങളിലൂടെ ഒഴുകി ജലസമൃദ്ധിയിലൂടെ കാര്‍ഷിക, ജൈവ സമൃദ്ധി നല്കിയ പുഴ ഇന്ന് മണ്ണ് നിറഞ്ഞും മരക്കഷ്ണങ്ങള്‍ വന്നടിഞ്ഞും പ്രവാഹം തടസ്സപ്പെട്ട നിലയിലാണ്.
വര്‍ഷങ്ങളായി പുഴയുടെ ഇരുകരകളിലായി വളര്‍ന്ന് വരുന്ന കൂറ്റന്‍ മരങ്ങളും പുഴയുടെ ആഴങ്ങളിലേക്ക് മറിഞ്ഞ് വീണ മരങ്ങളും കരകളിടിഞ്ഞു വീണ മണ്ണും പുഴയുടെ സ്വാഭാവിക പ്രയാണത്തിന് തടസ്സമാകുന്നു. മഴ കഴിഞ്ഞാലും പുഴയുടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് വാര്‍ന്ന് പോകാത്തതും പരിസരവാസികളെ ദുരിതത്തിലാഴ്ത്തുന്നു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രം ഭാഗത്താണ് വെളളക്കെട്ട് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. കനത്ത മഴയില്‍ കരകവിഞ്ഞൊഴുകുന്ന പുഴ നാടാകെ നിറഞ്ഞൊഴുകും. തുടര്‍ന്ന് അത് വീട്ടുപറമ്പുകളിലും കൃഷിയിടങ്ങളിലും ദിവസങ്ങളോളം വാര്‍ന്നു പോകാതെ വെള്ളക്കെട്ടായി കെട്ടിക്കിടക്കുന്നു.
പുഴയുമായി ബന്ധപ്പെട്ട ഇടച്ചാലുകളും തോടുകളും മണ്ണും മരക്കഷ്ണങ്ങളും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടക്കുന്നതിനാലാണ് വെള്ളക്കെട്ട് വാര്ന്നൊഴിയാത്തത്. വീട്ടുപറമ്പിലെ കെട്ടിക്കിടക്കുന്ന ചെളിവെള്ളം മാലിന്യങ്ങള്‍ നിറഞ്ഞ് ചീഞ്ഞ് നാറി കൊതുക് ശല്യമുണ്ടാക്കുന്നത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്ന് നാട്ടുകാര്‍ ഭയപ്പെക്കുന്നു. കൃഷിയിടങ്ങളിലെ വിളകള്‍ വെള്ളക്കെട്ടില്‍ നശിക്കുകയാണ്.
പഞ്ചായത്തിലെ ദുരന്ത നിവാരണ സമിതിയും ഗ്രാമസഭയും നിരവധി തവണ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും പരിഹാര നടപടികള്‍ ഉണ്ടാകുന്നില്ല. മലയോര ഗ്രാമങ്ങളിലൂടെ ഒഴുകിയെത്തുന്ന പാണപ്പുഴയും കുറ്റൂര്‍ പുഴയും ഒന്നിച്ചാണ് വണ്ണാത്തിപ്പുഴയായി കൈതപ്രത്ത് നിന്ന് തുടങ്ങി പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം വില്ലേജുകളിലൂടെ ഒഴുകി പെരുമ്പപുഴയിലെത്തുന്നത്.
കഴിഞ്ഞ മഴക്കാലം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പുഴ ശുചീകരിക്കാനും കൂടിക്കിടക്കുന്ന മണ്ണും മണലും നീക്കം ചെയ്ത് സുഗമമായ ഒഴുക്കിന് വഴിയൊരുക്കാനും കര്‍മ്മ പദ്ധതികള്‍ നിശ്ചയിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. അടുത്ത വേനലിലെങ്കിലും പുഴയോരത്ത് പൊട്ടിവീണ മരങ്ങളും മാലിന്യങ്ങളും മണ്ണും നീക്കം ചെയ്തില്ലെങ്കില്‍ ഗ്രാമജീവിതത്തിനാകെ അനുഗ്രഹമായൊഴുകേണ്ട വണ്ണാത്തിപ്പുഴ ഒരു ജനതയുടെ കണ്ണീരിനും കദനത്തിനും കാരണമാകും.്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: