ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ജലജീവന്‍ മിഷന്‍ ഗ്രാമീണ മേഖലയിലെ കുടിവെള്ളമെത്തിക്കുന്നതില്‍ സംസ്ഥാനത്ത് വലിയ കുതിച്ചു ചാട്ടത്തിന് ഇടയാക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ നാളിതുവരെ ടാപ്പ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് ആകെ 25 ലക്ഷം കുടുംബങ്ങള്‍ക്കാണ്.
ഇത്ര തന്നെ ആളുകള്‍ക്ക് അടുത്തൊരു വര്‍ഷം കൊണ്ട് കണക്ഷന്‍ നല്‍കാനായാല്‍ അത് വലിയൊരു കുതിപ്പല്ലേയെന്ന് ഐസക്ക് സമൂഹമാധ്യമ കുറിപ്പില്‍ ചോദിക്കുന്നു. ഇതാണ് ജലജീവന്‍ മിഷനിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. സാധാരണഗതിയില്‍ വാട്ടര്‍ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ നിന്നു വ്യത്യസ്തമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയാകും ഈ ചെറുകിട പദ്ധതികള്‍ നടപ്പാക്കുക.
സംസ്ഥാനങ്ങള്‍ തയാറാക്കി സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുക. കേരളം ഇപ്പോള്‍ 6,377 കോടി രൂപയുടെ 564 പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. ഇതിന്റെ 45 ശതമാനം കേന്ദ്രം തരും. 30 ശതമാനം സംസ്ഥാനം വഹിക്കണം. 15 ശതമാനം പഞ്ചായത്ത്, 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മുന്നോട്ടുവന്ന പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് 2020-21ലെ പദ്ധതി തയാറാക്കിയിട്ടുള്ളത്.
തങ്ങളുടെ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെങ്കില്‍ ചെറിയ തുക മുടക്കി വലിയതോതില്‍ കേന്ദ്ര-സംസ്ഥാന സഹായം വാങ്ങാന്‍ ഈ പദ്ധതി സഹായിക്കും. പ്രാദേശികതലത്തില്‍ പഞ്ചായത്ത് സമിതിയാണ് കേരളത്തിന്റെ മിഷന്റെ കീഴ്‌ത്തല ഘടകം. എന്‍ജിനീയര്‍മാരും മറ്റും അടങ്ങുന്ന വില്ലേജ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി പഞ്ചായത്ത് സമിതിക്കു കീഴിലായിരിക്കും. പഞ്ചായത്തിന് നേരിട്ട് ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കാം, അല്ലെങ്കില്‍ അക്രെഡിറ്റഡ് ഏജന്‍സികളെയോ സന്നദ്ധസംഘടനകളെയോ ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: