ഹനുമാന് പ്രിയപ്പെട്ട നിവേദ്യമാണ് വടമാല. ഭക്തിപൂര്‍വം വടമാല സമര്‍പ്പിച്ചാല്‍ ഹനുമാന് സംപ്രീതനാകുമെന്നാണ് വിശ്വാസം. ശ്രീരാമദേവനുമായി ബന്ധപ്പെട്ടൊരു കഥയാണ് ഈ മാലനിവേദ്യത്തിന് ആധാരം.
ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞനേരം. രാമന്റെ നിഴലായ് എല്ലാ ആപത്തിലും കൂടെ നിന്ന ഹനുമാന് സവിശേഷമായൊരു സമ്മാനം നല്കാന് സീതാദേവി തീരുമാനിച്ചു. രാമനും അയോധ്യയിലെ പ്രജകളുമെല്ലാം സാക്ഷിയായി സീതാദേവി ഹനുമാന് പവിഴം കോര്‍ത്തെടുത്ത മാല സമ്മാനിച്ചു. ഹനുമാന് അത് ഭക്ത്യാദര പൂര്‍വം സ്വീകരിച്ച് പവിഴങ്ങള്‍ ഓരോന്നായി പൊട്ടിച്ചു നോക്കാന്‍ തുടങ്ങി. ഇതു കണ്ട് സീതാരാമന്മാരും അയോധ്യാവാസികളും അത്ഭുതപ്പെട്ടു. ‘എന്തിനാണ് അങ്ങ് ഇതെല്ലാം പൊട്ടിച്ചു നോക്കുന്നത്?’ സീത, ഹനുമാനോട് ചോദിച്ചു. ‘മാതാവേ, അവിടുത്തെ ദിവ്യകരങ്ങളാല്‍ ഇത് ലഭിച്ചതില്‍ അതിരറ്റ സന്തോഷമുണ്ട്. പക്ഷേ, ഞാന്‍ ഈ മുത്തുകളില്‍ രാമന്റെ മുദ്രയോ, നാമമോ ഉണ്ടോയെന്ന് നോക്കുകയാണ്. അതില്ലാത്തതൊന്നും ഞാന്‍ സൂക്ഷിക്കാറില്ല. അങ്ങനെയൊരു സൂചകവും ഇതില്‍ ഞാന്‍ കണ്ടില്ല.’ ഇതായിരുന്നു ഹനുമാന്റെ മറുപടി.
‘രാമനില്ലാത്തൊന്നും അങ്ങയുടെ പക്കലില്ലേ? എങ്കില്‍ അങ്ങയുടെ ഹൃദയത്തിനകത്തും രാമനുണ്ടാവുമല്ലോ?’ സീതാദേവി ഇങ്ങനെ ചോദിച്ചതും ഹനുമാന് എല്ലാവരും കാണ്‍കെ തന്റെ ഹൃദയം പിളര്‍ന്നു കാണിച്ചു. സീതാസമേതനായ ശ്രീരാമനായിരുന്നു അതിനകത്ത്. അത്ഭുതമടക്കാനാവാതെ എല്ലാവരും അത് ദര്‍ശിച്ച് സായൂജ്യമടഞ്ഞു.
സീതാദേവി നല്കിയ പവിഴ മാല്യത്തെ അനുസ്മരിച്ചാണ് ഭക്തര്‍ ഹനുമാന് വടമാല നിവേദിക്കുന്നത്. രാമനെ തിരഞ്ഞ് ഓരോ വടയും ഹനുമാന് കടിച്ചു നോക്കുമെന്നാണ് വിശ്വാസം. പരമഭക്തനായ ഹനുമാനുള്ളിടത്ത് രാമ സാന്നിധ്യമില്ലാതെ വരില്ലല്ലോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: