തൊടുപുഴ: നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയുടെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയില്‍. കാറ്റടിച്ചാല്‍ ഷീറ്റുകള്‍ യാത്രക്കാരുടെ മേല്‍ വീഴാന്‍ സാധ്യതയുള്ളതായി യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു.
ഇതുവലിയ അപകടത്തിന് ഇടയാക്കാമെന്ന് ആശങ്കയുള്ളപ്പോളും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. മൂവാറ്റുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട എന്നീ റൂട്ടുകളിലേക്കുള്ള ബസുകള്‍ യാത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയിടുന്ന ഭാഗത്തെ തകര ഷീറ്റുകളാണ് കൂടുതലായും ദ്രവിച്ച നിലയിലുള്ളത്.
കാലപ്പഴക്കത്താല്‍ ഷീറ്റുകള്‍ ദ്രവിച്ചതോടെ മഴ പെയ്യുമ്പോള്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ നനയുന്ന സ്ഥിതിയാണ്. സമീപകാലത്ത് ഷീറ്റുകളിലൊന്ന് ഇളകി മാറിയെങ്കിലും താഴേക്കു വീഴാതെ തങ്ങി നിന്നതിനാല്‍ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തിയാണ് ഷീറ്റ് എടുത്തുമാറ്റി അപകടാവസ്ഥ ഒഴിവാക്കിയത്.
ബസ് സ്റ്റാന്റിന്റെ പ്രധാനഭാഗം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചതാണെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണ്ണമായും ഷീറ്റില്‍ പണിതതാണ്. 20 വര്‍ഷം മുമ്പാണ് പുതിയ ബസ് സ്റ്റാന്റ് പണി പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ വലിയ തകര ഷീറ്റ് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകളുടെ ഇടയിലായി വീണ സംഭവവും മുമ്പുണ്ടായി. ഈ ഭാഗത്തായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
തുരുമ്പെടുത്ത് ദ്വാരങ്ങള്‍ വീണ് ഉപയോഗശൂന്യമായ നിലയിലാണ് ഷീറ്റുകള്‍ പലതും. ഷീറ്റുകള്‍ യാത്രക്കാരുടെ ദേഹത്ത് പതിച്ചാല്‍ ജീവന് തന്നെ അപകടത്തിലായേക്കാം. ബസിന്റെയും മറ്റും മുകളില്‍ വീണാലും നാശനഷ്ടങ്ങള്‍ ഉണ്ടാകും. കാറ്റ് വീശുമ്പോള്‍ ഷീറ്റ് പറന്ന് താഴേക്കു വീഴുമോ എന്ന ഭീതിയിലാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇവിടുത്തെ വ്യാപാരികളുമെല്ലാം. ഈ അപകടാവസ്ഥ നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: