തിരുവല്ല: തുലാമാസ പൂജയ്ക്ക് നട തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമുള്ളവർക്കാണ് പരിശോധന. നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാകുന്നവരെ മാത്രമാണ് മലയിലേക്ക് കയറ്റിവിടുന്നത്. ഇതിന് വേണ്ട ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിലുള്ള സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ ഭക്തർ വഹിക്കേണ്ടതായി വരും. ഇത് വലിയ പ്രതിഷേധത്തിന് കാരണമാകാനും സാധ്യതയുണ്ട്.ഈ മാസം 16ന് ആണ് തുലാമാസ പൂജകൾക്ക് നട തുറക്കുന്നത്. വരുന്ന മണ്ഡല- മകരവിളക്ക് ഉത്സവത്തിനുള്ള ട്രയൽ റണ്ണായിട്ടാണ് തുലാമാസ പൂജയ്ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരുന്ന 250 തീർത്ഥാടകരെ മാത്രമാണ് മലയിലേക്ക് കടത്തി വിടുന്നത്. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. നിലയ്ക്കലിൽ ആന്റിജൻ പരിശോധനയും ഉണ്ടാകും. രണ്ട് പരിശോധനയ്ക്കും ഭക്തർ പണം മുടക്കേണ്ടി വരുന്നത് വലിയ എതിർപ്പുകൾക്ക് കാരണമാകും. സ്വകാര്യ ലാബിൽ 650 മുതൽ 800 വരെയാണ് ആന്റിജൻ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഭക്തർക്ക് എത്രയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതിയുടേതാകുമെന്നാണ് ബോർഡ് വൃത്തങ്ങൾ പറയുന്നത്.അതേ സമയം തന്നെ രോഗവ്യാപനം മൂർദ്ധന്യത്തിൽ എത്തി നിൽക്കെ ഭക്തർക്ക് വലിയ വിലക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പമ്പാ സ്നാനത്തിനോ നെയ്യഭിഷേകത്തിനോ അവസരമില്ല. ഈ സാഹചര്യത്തിൽ വൻ തുകയ്ക്ക് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി എത്ര ഭക്തർ മലകയറാൻ എത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യം ദേവസ്വം ജീവനക്കാരുടെ സംഘടനകളും ശരിവയ്ക്കുന്നു.
മണ്ഡല – മകരവിളക്ക് ഉത്സവം തുടങ്ങാൻ ഒരുമാസം മാത്രമാണുള്ളത്. എന്നാൽ ഒരുക്കങ്ങൾ നടത്താൻ കഴിയാത്തത് ദേവസ്വം ബോർഡിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്. മുഖ്യകാരണം സാമ്പത്തിക പ്രശ്നം തന്നെ .2018-ലെ ബജറ്റിൽ പ്രഖ്യാപിച്ചസഹായം പോലും പൂർണ്ണമായി കൊടുത്തിട്ടില്ല. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു.മണ്ഡല- മകരവിളക്ക് ഉത്സവത്തിനുള്ള ലേലവും കോടതി കയറിയിരിക്കുകയാണ്.
കുത്തക ലേലം സംബന്ധിച്ച് വ്യാപാരികളും ബോർഡും തമ്മിൽ തർക്കം തുടരുകയാണ്. ലേലം മുടങ്ങിയാൽ 500 കോടി രൂപയോളം നഷ്ടമാവും. ഇതിനെല്ലാം പുറമേയാണ് യാത്രാ ക്ലേശവും. തുലാമാസ പൂജയ്ക്ക് ചെറുവാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. പമ്പാ – നിലയ്ക്കൽ റോഡ് 30ന് മുമ്പായി ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കരാറുകാർ ടെണ്ടർ ബഹിഷ്ക്കരിച്ച സാഹചര്യത്തിൽ പണി നീണ്ടു പോകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: