തല്ല് മുഴുവന്‍ ചെണ്ടയ്ക്ക് കൂലി മാരാര്‍ക്ക് എന്ന നയമാണ് വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ പിന്തുടരുന്നത്.
സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും എന്ന അവകാശവാദത്തോടെ കേന്ദ്ര പദ്ധതികള്‍ പേരു മാറ്റി അവതരിപ്പിക്കുകയാണ്.അതായത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്കുന്ന പദ്ധതികളുടെ പേര് മാറ്റി പുതിയ കുപ്പിയില്‍ അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈയ്യടി വാങ്ങുന്നു. പിണറായി വിജയന് സ്തുതി പാടുന്ന അണികള്‍ക്ക് ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
2024 ഓടെ സംസ്ഥാനത്തെ 46.95 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ള കണക്ഷന് എന്ന പ്രഖ്യാപനത്തോടെ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ജലജീവന്‍ പദ്ധതി ഇതിന്റെ മികച്ച ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്റെ ഭാഗം മാത്രമാണിത്. എന്റെ തല എന്റെ ഫുള്‍ഫിഗര്‍ എന്ന സിനിമാരംഗത്തിന്റെ തനിയാവര്‍ത്തനം പിണറായി വിജയന് പി ആര് ഏജന്‍സികള്‍ വഴി നടപ്പാക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയും കേരളത്തില്‍ വിവാദമായിരിക്കുകയാണല്ലോ. രാജ്യത്തെ എല്ലാ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും. സ്വന്തമായൊരു മേല്‍ക്കൂര എന്ന വലിയ സ്വപ്നം മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ദൗത്യമാണ് പ്രധാനമന്ത്രി ആവാസ് യോജന. കേരള സര്‍ക്കാര്‍ അഭിമാനത്തോടെ പറയുന്ന ലൈഫ് മിഷന് പ്രധാനമന്ത്രിയുടെ ഈ പദ്ധതിയുടെ ഭാഗം മാത്രമാണ്. 2022 ഓടെ രണ്ട് കോടിയിലധികം വീടുകള്‍ പൂര്‍ത്തിയാക്കുക എന്നാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ ലക്ഷ്യം. ഇതിനോടകം തന്നെ ഏകദേശം അന്‍പത് ശതമാനത്തോളം വീടുകള്‍ ഈ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിയിട്ടുണ്ട്. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 1.12 കോടി വീടുകളാണ് ഇതിനോടകം രാജ്യത്ത്പൂര്ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ കണക്കുകളെടുത്താല്‍ പശ്ചിമബംഗാളില്‍ 18 ലക്ഷം വീടുകളാണ് പണി പൂര്‍ത്തിയായത്.. മധ്യപ്രദേശില്‍ 17 ലക്ഷവും, ഉത്തര്‍ പ്രദേശില്‍ 14 ലക്ഷവും ബിഹാറില്‍ 12 ലക്ഷം വീടുകളും പണി പൂര്‍ത്തിയായി എന്നാല്‍ കേരളത്തില്‍ ഈ പദ്ധതിയില്‍ 17000 വീടുകള്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു പുറമെ ബേസിക് സര്‍വ്വീസസ് ഫോര്‍ അര്‍ബന്‍ പുവര്‍, സംയോജിത പാര്‍പ്പിട ചേരി വികസന പരിപാടി, ദേശീയ ആവാസ് യോജന, രാജീവ് ആവാസ് യോജന തുടങ്ങിയ കേന്ദ്രപദ്ധതികളില്‍ നിന്നുമുള്ള ധനസഹായവും കൂടി ഉപയോഗിച്ചാണ് കേരള സര്‍ക്കാര്‍ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. അതൊരു വലിയ നേട്ടമായി ആഘോഷിക്കുമ്പോള്‍ തൊട്ടയല്‍പ്പക്കമായ തമിഴ്നാട്ടില്‍ രണ്ടര ലക്ഷത്തിലധികം വീടുകള്‍ കേന്ദ്ര പദ്ധതിയില്‍ നിന്നു മാത്രമായി നിര്‍മ്മിച്ചു കഴിഞ്ഞു എന്ന വസ്തുത സമര്‍ഥമായി ജനങ്ങളുടെ കണ്ണില്‍ നിന്നും മറയ്ക്കുകയാണ് പിണറായി വിജയനും സംഘവും.
സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ആര്‍ദ്രം മിഷന്, സര്‍ക്കാര്‍ ആശുപത്രികളില്‍ മികവുറ്റ ചികിത്സ ഉറപ്പു വരുത്താനും, രോഗീ സൗഹൃദ രീതിയിലുള്ള ചികിത്സ രീതികള്‍ ലഭ്യമാക്കുവാനും വേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ ജന്‍ ആരോഗ്യ പദ്ധതിയുടെയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെയും ഭാഗമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മറ്റൊന്നുമല്ല, കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുതിയ കുപ്പിയിലാക്കിയതാണ്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മറ്റൊരു പദ്ധതിയാണ് കൊയിലാണ്ടി ഫിഷിങ് ഹാര്‍ബര്‍. കേന്ദ്ര സഹായം കൊണ്ടു നിര്‍മ്മിച്ച ഹാര്‍ബര്‍ മുഖ്യമന്ത്രി പതിവുപോലെ സ്വന്തം പദ്ധതി എന്ന നിലയിലാണ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. സ്വന്തം നേട്ടമായി പ്രഖ്യാപിച്ചുകൊണ്ട് പിണറായി കോന്നി മെഡിക്കല്‍ കോളേജും ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. പക്ഷെ അതിന്റെ ആദ്യ ഫേസ് പൂര്‍ത്തിയാക്കാന്‍ പകുതിയിലേറെ പണം കേന്ദ്രത്തില്‍ നിന്ന് നബാര്‍ഡ് ആണ് നല്‍കിയതെന്ന് മാത്രം പറയാന്‍ പിണറായി തയ്യാറല്ല. കാസര്‍ഗോഡ് ആശുപത്രിക്ക് വേണ്ടി 9508 കോടി രൂപ, ഇടുക്കി മെഡിക്കല്‍ കോളേജിന് വേണ്ടി 6017 കോടി രൂപ എന്നിവയും നബാര്‍ഡ് ആണ് നല്‍കുന്നത്. ഇതും മുഖ്യമന്ത്രി മനപ്പൂര്‍വ്വം മറക്കും. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ കീഴില്‍ ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കു 120 കോടി വീതം കേന്ദ്രം നല്കിയ തുകയുടെ കണക്കും മുഖ്യന് മുക്കും.
ദേശീയ ജലപാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പക്ഷെ അത് കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന കാര്യം മറച്ചുപിടിച്ച് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണെന്ന രീതിയിലാണ് പുറത്ത് വിളമ്പുന്നത്. കൊച്ചി മെട്രോയുടെ കാര്യത്തിലും കേരള സര്‍ക്കാരിന്റെ അത്രയും തന്നെ സംഭാവന കേന്ദ്രവും ചെയ്തിട്ടുണ്ട്. റഫ്താര്‍ (ഞഅഎഠഅഅഞ) സ്കീമില്‍ നിന്നും (മുന്‍പ് ആര്.കെ.വി.വൈ), 2016-2017 കാലയളവില്‍ കേരളത്തിന് 123 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് ലഭി
ച്ചത്. ഉണക്കുതറകള്, ഗോഡൗണുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും, നെല്‍ കൃഷി വികസനം, നാളികേര വികസനം എന്നിവയ്ക്കുമുള്ള ഫണ്ട് ഈ പദ്ധതിയില്‍ നിന്നാണ് വരുന്നത്. സൗജന്യമായി വിത്തുകള്‍ നല്കുന്ന ആര്.എസ്.ജി.പിപദ്ധതിയും ഇതില്‍ പെടുന്നു. 2017ല്‍ 67 കോടിയുടെ വിത്തു അഴിമതി നടത്തിയതിന് കേരളത്തിലെ അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് എതിരെ വിജിലന്‍സ് കേസെടുത്തത് ഓര്‍മ്മയുണ്ടാകും.
പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്ന യോജനയിലൂടെ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇതെല്ലാം സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 1.70 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് കേന്ദ്ര ധനകാര്യ വകുപ്പ് ഈ പദ്ധതിയിലൂടെ മാറ്റി വച്ചത്. ഇതിന്റെ ഒരു പങ്കാണ് കേരളത്തിലെത്തുന്നത്. അതില്‍ പോലും അഴിമതി കാണിച്ച കഥയാണ് ശര്ക്കരയിലൂടെയും പപ്പടത്തിലൂടെയും പുറത്ത് വന്നത്. സംസ്ഥാനത്തിന്റെ മറ്റൊരു അഭിമാനപ്രോജക്ടെന്ന് അവകാശപ്പെടുന്ന ഹരിത കേരള മിഷന്റെയും സാമ്പത്തിക ചെലവിന്റെ നല്ലൊരു പങ്കും വഹിക്കുന്നത് കേന്ദ്രത്തില്‍ നിന്നും വരുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടില്‍ നിന്നുമാണ്. പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി, റെമ്യൂണറേറ്റീവ് അപ്രോച്ച് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലീഡ് സെക്ടര്‍ റെജുവെനേഷന്‍, രാഷ്ട്രീയ കൃഷി വികാസ് യോജന, നബാര്‍ഡിന്റെ നീര്‍ത്തടാടിസ്ഥാനത്തിലുളള മണ്ണ് – ജല സംരക്ഷണ പദ്ധതി (ആര്.ഐ.ഡി.എഫ്), എന്‍.എം.എസ്.എ, കേന്ദ്രസോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി എന്നീ കേന്ദ്ര ഫണ്ടുകളുടെ ചെലവിലാണ് കേരളത്തിന്റെ ഹരിത കേരള മിഷന് പ്രവര്‍ത്തിക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേരള സര്‍ക്കാറിന്റേതാണ് എന്നാണ് ഇടതു പക്ഷത്തിന്റെ ഭാവം. ദേശീയ വയോജന പെന്ഷന് പദ്ധതി, ദേശീയ വിധവ പെന്ഷന് പദ്ധതി, ദേശീയഭിന്നശേഷി ദിവ്യംഗപെന്ഷന് പദ്ധതി, ദേശീയ സാമൂഹിക സഹായ പദ്ധതി തുടങ്ങിയ കേന്ദ്ര പദ്ധതികളും പുതിയ കുപ്പിയിലാക്കിയാണ് ഇടത് സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ എന്ന ലേബലില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു വരുന്ന പ്രീ-മെട്രിക് സ്കോളര്‍ഷിപ്, പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്, മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്, എന്നിവയിലെല്ലാം 75 ശതമാനം വിഹിതവും വഹിക്കുന്നത് കേന്ദ്രമാണ് എങ്കിലും, സ്കൂളുകളില്‍ ഇതെല്ലാം സംസ്ഥാന സ്കോളര്‍ഷിപ് ആണെന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്തിന്, സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയില്‍ പോലും വളരെ ചെറിയ വിഹിതം മാത്രമേ സംസ്ഥാന സര്‍ക്കാരിന് വഹിക്കേണ്ടി വരുന്നുള്ളു.
കോവിഡ് നിയന്ത്രണത്തില്‍ തുടക്കത്തിലുണ്ടണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട നിയന്ത്രണം പാളിപ്പോയിരിക്കുന്നു. കേരള മാതൃകയുടെ വിജയമാണെന്നായിരുന്നു സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. രോഗവ്യാപനത്തിന്റെ ദിനംപ്രതി വര്‍ധനവില്‍ മഹാരാഷ്ട്രയെ കടത്തിവെട്ടിയിരിക്കുകയാണ് ഇന്ന്. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി (കേന്ദ്രത്തിന്റെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന), ശുചിത്വ മിഷന് (കേന്ദ്രത്തിന്റെ സ്വച്ഛ ഭാരത മിഷന്), ഹരിതകേരളം മിഷന് (കേന്ദ്രത്തിന്റെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന), കൈത്തറി നെയ്ത്തുകാര്‍ക്ക് വേണ്ടിയുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി (മഹാത്മാഗാന്ധി ബുന്‍കര്‍ ബീമാ യോജന) എന്നിവയെല്ലാം കോപ്പിയടിയാണെന്ന് കാണാം.
രണ്ടാം കയര്‍ പുനഃസംഘടന സ്കീം എന്ന് കൊട്ടിഘോഷിക്കുന്ന പദ്ധതി ദേശീയ കോപ്പറേറ്റീവ് വികസന കോര്പറേഷന് മുഖാന്തരം നടക്കുന്ന പദ്ധതിയാണ്. 200 കോടി രൂപയാണ് കോര്പറേഷന് ഇതിന് വേണ്ടി നല്‍കുന്നത്. കൃഷി അധിഷ്ഠിത വ്യാപാര വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മൂലധനം നല്കുന്ന സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി-ബിസിനസ്സ് കണ്‍സോര്‍ഷിയം വഴി, കര്‍ഷകര്‍ക്ക് സഹായം ചെയ്യുന്നത് നല്ലതാണ്, പക്ഷെ അത് ഒരു കേന്ദ്ര ഏജന്‍സി ആണെന്ന് മറച്ചു പിടിച്ച് ഇടത് പക്ഷം ഹൃദയപക്ഷം, ജനപക്ഷം എന്നൊക്കെ വിളിച്ചു കൂവുന്നതില്‍ അര്‍ഥമില്ല.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേര് മാറ്റം വരുത്തി നടപ്പിലാക്കുമ്പോള്‍ അത് കേന്ദ്ര പദ്ധതിയുടെ ഭാഗമാണെന്ന് പറയാതെ കേന്ദ്ര മന്ത്രി മാരെ ക്ഷണിക്കുക പോലും ചെയ്യാതെ നടപ്പാക്കുന്നതാണ് തെറ്റ്. അതേസമയം കേന്ദ്രം അവഗണിക്കുന്നുവെന്ന് വിളിച്ച് കൂവുന്ന തരംതാണ രാഷ്ട്രീയമാണ് കേരളം പിന്തുടരുന്നത്.പാമ്പിനെ മകുടി കാണിച്ച് കാശുണ്ടാക്കുന്ന പാമ്പാട്ടിക്ക് സ്വന്തമായി മകുടിയെങ്കിലും ഉണ്ടാകും എന്നാല്‍ കേന്ദ്രത്തിന്റെ തണലില്‍ ചുളുവില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിറ്റു കാശാക്കുന്ന പിണറായി സര്‍ക്കാരിന്റെ കൈയ്യില്‍ സ്വന്തമായി മകുടി പോലുമില്ല എന്നതാണ് ഖേദകരം.
അനൂപ് ആന്റണി
യുവമോര്‍ച്ച ദേശീയ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: