ദുബായ്: രാഹുല്‍ തെവാതിയയും റിയാന്‍ പരാഗും നിറഞ്ഞാടിയ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് തോല്‍വിക്കരികില്‍ നിന്ന് വിജയത്തിലേക്ക് പിടിച്ചുകയറി. ഐപിഎല്ലില്‍ അവര്‍ അഞ്ചു വിക്കറ്റിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്റെ ആദ്യ വിജയം.
159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അഞ്ച് വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്നടിയുമ്പോള്‍ ക്രീസിലെത്തിയ തെവാതിയ പരാഗിനൊപ്പം പൊരുതിനിന്ന് രാജസ്ഥാനെ വിജയത്തിലേക്ക്് കൈപിടിച്ചുയര്‍ത്തി. അവസാന ഓവറിലെ അഞ്ചാം പന്ത് വേലിക്കെട്ടിന് വെളിയിലേക്ക്് തൂക്കിയടിച്ച് പരാഗ് ടീമിന് വിജയം സമ്മാനിച്ചു. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റിന് 158, രാജസ്ഥാന് 19.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 163.
തെവാതിയ 28 പന്തില്‍ നാലു ഫോറും രണ്ട് സിക്സറും സഹിതം 45 റണ്‍സുമായി കീഴടങ്ങാതെ നിന്നു. പരാഗ് 26 പന്തില്‍ 42 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്സറും അടിച്ചു. അഭേദ്യമായ ആറാം വിക്കറ്റില്‍ ഇവര്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. തെവാതിയയാണ് കളിയിലെ കേമന്‍. ഇതാദ്യമായി രാജസ്ഥാനുവേണ്ടി കളിക്കാനിറങ്ങിയ ബെന്‍ സ്റ്റോക്സിന് തിളങ്ങാനായില്ല. ഓപ്പണറായി ഇറങ്ങി സ്റ്റോക്സ് അഞ്ചു റണ്‍സിന് പുറത്തായി. ക്യാപ്്റ്റന് സ്മിത്തും അഞ്ചു റണ്‍സിന് കീഴടങ്ങി. ജോസ് ബട്ലര് (16), റോബിന് ഉത്തപ്പ (18), സഞ്ജു സാംസണ് (26) എന്നിവരും ബാറ്റ് താഴ്ത്തിയതോടെ രാജസ്ഥാന് തോല്‍വിയിലേക്ക് നീങ്ങി. എന്നാല്‍ തെവാതിയയും പരാഗും പിടിച്ചുനിന്നതോടെ വിജയതീരമണഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ മനീഷ് പാണ്ഡെ, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ മികവിലാണ് 158 റണ്‍സ് എടുത്തത്. മനീഷ് പാണ്ഡെ നാല്പ്പത്തിനാല് പന്തില്‍ അമ്പത്തിനാല് റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 48 റണ്‍സ് നേടി. ഈ വിജയത്തോടെ രാജസ്ഥാന് ഏഴു മത്സരങ്ങളില്‍ ആറു പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: